അജ്മാന്: എമിറേറ്റിലെ സ്കൂൾ ബസ് ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തുന്നു. അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കാനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇതിലൂടെ അജ്മാൻ പബ്ലിക്ക് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി ലക്ഷ്യമിടുന്നത്.
സ്കൂൾ ബസ് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുന്നതിനും വാഹനാപകടങ്ങൾ കുറക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം രൂപകൽപന ചെയ്തതെന്ന് പബ്ലിക്ക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിങ് എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. സമി അലി ജലാഫ് പറഞ്ഞു.
അമിതവേഗത, അപകടകരമായ തിരിവുകൾ, ശക്തമായ ബ്രേക്കിങ്, റോഡിലെ മറ്റ് ഡ്രൈവർമാരുടെ തെറ്റായ പെരുമാറ്റങ്ങൾ എന്നിവ സ്ക്രീൻ വഴി ബസ് ഡ്രൈവർമാരെ അറിയിക്കാനും സംവിധാനത്തിലൂടെ സാധ്യമാകുമെന്ന് ജല്ലാഫ് വിശദീകരിച്ചു. അജ്മാനിലെ റോഡുകളിൽ സുരക്ഷിതമായ ഡ്രൈവിങ് നിലവാരം ഉയർത്തുന്നതിനൊപ്പം സ്കൂൾ ബസുകളുടെ സുരക്ഷ വർധിപ്പിക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷണ ഘട്ടത്തിൽ 10 സ്കൂൾ ബസുകളിലാണ് ഈ സംവിധാനം ആദ്യം സ്ഥാപിക്കുന്നത്. ഇത് നന്നായി പ്രവർത്തിച്ചാൽ അജ്മാനിലെ എല്ലാ സ്കൂൾ ബസുകളിലേക്കും വ്യാപിപ്പിക്കും. ഡ്രൈവർമാരുടെ വിശ്വസ്തത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് പെർമിറ്റിന്റെ നിബന്ധനയായി സ്കൂൾ ബസ് ഡ്രൈവർമാർക്ക് അതോറിറ്റി സൈക്കോളജിക്കൽ ടെസ്റ്റ് നടത്താനും ഉദ്ദേശിക്കുന്നുണ്ട്.
വിദ്യാർഥികളുടെ സുരക്ഷ ഡ്രൈവർമാർ, സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.