അബൂദബി: രാജ്യത്ത് നടക്കുന്ന അപകടങ്ങളുടെ എണ്ണം കുറക്കാന്‍ റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരെക്കൂടി പരിഗണിക്കണമെന്ന് ഡ്രൈവര്‍മാരോട് അബൂദബി പൊലീസ്. റോഡപകടങ്ങളിലെ ഇരകളെ ഓർമിക്കുന്ന ലോക ദിനമായ ഞായറാഴ്ചയാണ് അബൂദബി പൊലീസ് ഫേസ്ബുക്ക് പേജിലൂടെ ഇത്തരമൊരു ആഹ്വാനം നടത്തിയത്. അമിതവേഗം കുറച്ചും മറ്റു വാഹനങ്ങളുമായി വേണ്ടത്ര അകലംപാലിച്ചും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം ഒഴിവാക്കിയും ഗതാഗതനിയമങ്ങള്‍ പാലിച്ചും അപകടങ്ങള്‍ കുറക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അശ്രദ്ധമായ ഡ്രൈവിങ് വരുത്തിവെക്കുന്ന ഗുരുതര അപകടങ്ങളുടെ വിഡിയോ കാണിച്ച് ബോധവത്കരണം നടത്തുന്നത് തുടരുമെന്നും പൊലീസ് അറിയിച്ചു.
റോഡപകടങ്ങളിലെ ഇരകളെ ഓർമിക്കുന്നതിനുവേണ്ടി 2005ലാണ് ഐക്യരാഷ്ട്ര സംഘടന നവംബര്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പ്രത്യേക ദിനാചരണം തുടങ്ങിയത്.
2020ല്‍ 354 അപകടമരണങ്ങളാണ് യു.എ.ഇയില്‍ ഉണ്ടായത്. 2019ല്‍ 448 ജീവനുകൾ അപകടത്തിൽ നഷ്ടപ്പെട്ടു. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം അപകട മരണ നിരക്ക് കുറഞ്ഞതെന്ന് റോഡ് സേഫ്റ്റി യു.എ.ഇ മാനേജിങ് ഡയറക്ടര്‍ തോമസ് എഡില്‍മാന്‍ പറഞ്ഞു. യു.എ.ഇയില്‍ കാറുകളുടെ എണ്ണം പെരുകിയിട്ടുണ്ടെന്നും 2021ല്‍ അപകടമരണ നിരക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ: ഷാർജ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ അൽ ബുഹൈറ കോംപ്രിഹെൻസിവ് പൊലീസ് സ്റ്റേഷൻ ബൈക്കുകളെ നിരീക്ഷിക്കുന്നതിനായി സുരക്ഷ കാമ്പയിൻ ആരംഭിച്ചു.
റോഡപകടങ്ങൾ കുറക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഊന്നൽ നൽകുന്നതിനായി റോഡ് ട്രാഫിക് ഇരകൾക്കായുള്ള ലോക ഓർമദിനത്തോട് അനുബന്ധിച്ചാണ് കാമ്പയിൻ. ട്രാഫിക് സുരക്ഷ നടപടിക്രമങ്ങളും ട്രാഫിക് നിയമങ്ങളും പാലിക്കാത്ത സൈക്കിൾ യാത്രക്കാരെ നിരീക്ഷിക്കുന്നതിന് പ്രാധാന്യം നൽകുമെന്ന് അൽ ബുഹൈറ കോംപ്രിഹെൻസിവ് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഹെഡ് ലെഫ്. കേണൽ മുഹമ്മദ് അലി ബിൻ ഹൈദർ പറഞ്ഞു. സൈക്ക്ൾ യാത്രികർ ഹെൽമറ്റ്, ജാക്കറ്റ് എന്നിവ ഉപയോഗിക്കണമന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.