ദുബൈ: സമുദ്രമേഖലയിലെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആളില്ലാതെ പ്രവർത്തിക്കുന്ന ഡ്രോൺ ബോട്ടുകൾ രൂപകൽപന ചെയ്യാനും വികസിപ്പിക്കാനും ട്രൈഡന്റ് എൻജിനീയറിങ് ആൻഡ് മറൈൻ കമ്പനിയുമായി കരാർ ഒപ്പുവെച്ച് ദുബൈ പൊലീസ്. എമിറേറ്റിലെ ജലമേഖലകളിൽ സുരക്ഷ പരിധി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിച്ച ദുബൈ പൊലീസ് സ്മാർട്ട് ബോട്ട് (ഹദ്ദാദ്) പദ്ധതിയുടെ ഭാഗമായാണ് പുതിയ കരാർ.
സുരക്ഷ പ്രവർത്തനങ്ങൾ സ്മാർട്ട് സംവിധാനങ്ങളിലേക്ക് പരിവർത്തിപ്പിക്കുക, സുരക്ഷ ബോട്ടുകളുടെ അറ്റകുറ്റപ്പണികളുടെയും പ്രവർത്തനങ്ങളുടെയും ചെലവ് കുറക്കുക, പ്രതികരണ സമയം കുറക്കുക, ഫീൽഡ് സർവേകളിലൂടെ ഡേറ്റ ബേസുകൾ ശക്തിപ്പെടുത്തുക എന്നിവയെ പിന്തുണക്കുന്നതാണ് ഹദ്ദാദ് പദ്ധതി.
ദുബൈ പൊലീസിന്റെ അഭിപ്രായപ്രകാരം ഈ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഹദ്ദാദ്. ദുബൈ പൊലീസിന് വേണ്ടി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൺ റിസോഴ്സസ് ഡയറക്ടർ മേജർ ജനറൽ ഡോ. സാലിഹ് അബ്ദുല്ല മുറാദാണ് കരാറിൽ ഒപ്പുവെച്ചത്.
പ്രാദേശിക, ആഗോള തലത്തിൽ മുൻപന്തിയിലുള്ള മാതൃകപദ്ധതിയായി മാറുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി വിപുലമായ പഠനങ്ങൾ, ഗവേഷണം, സന്ദർശനങ്ങൾ, പ്രധാന സ്ഥാപനങ്ങളുമായുള്ള സംയുക്ത ഏകോപനം എന്നിവയെ അടിസ്ഥാനമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ദുബൈ പൊലീസിന്റെ നയപരമായ ലക്ഷ്യങ്ങൾ നേടുന്നതിന് വൈദഗ്ധ്യം, അറിവ്, പ്രത്യേക ശാസ്ത്രഅറിവുകൾ എന്നിവ കൈമാറുന്നതിൽ ഈ പങ്കാളിത്തത്തിന്റെ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.