ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി വീണ്ടും ദുബൈ വിമാനത്താവളത്തിന്. ഈ വർഷം ആദ്യ പാദത്തിൽ 2.12 കോടി യാത്രക്കാരെ സ്വീകരിച്ചാണ് നേട്ടം കൊയ്തിരിക്കുന്നതെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. മികവു പുലർത്തുന്നതിന് നേതൃത്വം നൽകിയ ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂമിനെയും മറ്റു മാനേജ്മെന്റ് ടീമിനെയും അദ്ദേഹം ട്വിറ്റർ വഴി അഭിനന്ദിച്ചു. ഇവരുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും ദുബൈയെ പുതിയ ഉയരങ്ങളിലെത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ചതോടെ ഈ വർഷം പ്രവചിക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണം 8.3 കോടിയായി ഉയർന്നതായി ദുബൈ എയർപോർട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത് പറഞ്ഞു. നേരത്തേ 7.8 കോടി യാത്രക്കാരെയാണ് പ്രവചിച്ചിരുന്നത്. 2022ൽ ആകെ 6.6 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തിൽ എത്തിയത്. വിനോദ സഞ്ചാരികളുടെയും ബിസിനസ് യാത്രികരുടെയും എണ്ണത്തിൽ വർധനയുണ്ടായതാണ് നേട്ടത്തിലേക്ക് നയിച്ചതെന്ന് അധികൃതർ വിലയിരുത്തുന്നു. ഇന്ത്യൻ യാത്രക്കാരാണ് ഏറ്റവും കൂടുതൽ ദുബൈ വിമാനത്താവളം വഴി കടന്നുപോയത്.
30 ലക്ഷം യാത്രക്കാരാണ് ഇന്ത്യയിലേക്കും തിരിച്ചും നാലുമാസ കാലയളവിൽ യാത്ര ചെയ്തത്. സൗദി അറേബ്യയിലേക്ക് 16 ലക്ഷവും യു.കെയിലേക്ക് 14 ലക്ഷവും പാകിസ്താനിലേക്ക് 10 ലക്ഷവും യാത്രക്കാർ സഞ്ചരിച്ചു. ഏറ്റവും കൂടുതൽ യാത്രക്കാർ ദുബൈയിൽനിന്നും തിരിച്ചും സഞ്ചരിച്ച നഗരം ലണ്ടനാണ്. കോവിഡ് പടർന്നുപിടിക്കുന്നതിന് മുമ്പുള്ള 2020 ജനുവരിക്കുശേഷം ഏറ്റവും ഉയർന്ന പ്രതിമാസ യാത്രികരുണ്ടായ മാസം ഈ വർഷം മാർച്ചിലാണ്. 73 ലക്ഷം യാത്രക്കാരാണ് മാർച്ചിൽ ദുബൈ വഴി സഞ്ചരിച്ചത്.
ചൈനയിലേക്ക് യാത്രനിയന്ത്രണങ്ങൾ എളുപ്പമാക്കിയത്, ആഘോഷങ്ങളുമായി ബന്ധപ്പെട്ട അവധിദിനങ്ങൾ എന്നിവ കാരണമായി കൂടുതൽ യാത്രക്കാരെ വരും മാസങ്ങളിലും പ്രതീക്ഷിക്കുന്നതായി പോൾ ഗ്രിഫിത്ത് ചൂണ്ടിക്കാണിച്ചു. ആദ്യ പാദത്തിലെ പ്രകടനം ഞങ്ങളുടെ പ്രതീക്ഷകളെ കവച്ചുവെക്കുന്നതായിരുന്നുവെന്നും ശക്തമായ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ മൂന്നു മാസങ്ങളിൽ ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 2.1 കോടിയാണ്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 55.8 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.