ദുബൈ ബീച്ച്​ വികസനത്തിന്​ പുതിയ പദ്ധതി

ദുബൈ: ബീച്ച്​ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായി 2040ഓടെ ദുബൈയിലെ ബീച്ച്​ വിസ്തൃതി 400 ശതമാനം വർധിപ്പിക്കാൻ പുതിയ പദ്ധതി. നിലവിൽ 21 കിലോമീറ്ററുള്ള ബീച്ചുകളുടെ നീളം 105 കിലോമീറ്ററായി ഉയർത്തുകയാണ്​ ലക്ഷ്യം. യു.​എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​​. ഇതിന്‍റെ ഭാഗമായി പാം ജബൽ അലി, പാം ജുമൈറ എന്നിവയ്ക്ക് ചുറ്റുമുള്ള 54 കിലോമീറ്റർ ബീച്ചുകളും ജബൽ അലിയിൽ പുതിയ എട്ട്​ കിലോമീറ്റർ ബീച്ചും വികസിപ്പിക്കും.

പുതിയ ബീച്ചുകളിൽ ലഭ്യമാവുന്ന വിവിധ സേവനങ്ങളുടെ പരിധി 2025 ഓടെ 300 ശതമാനമായും വർധിക്കുമെന്ന്​ അദ്ദേഹം അറിയിച്ചു. ജബൽ അലി ബീച്ചിലെത്തിയ ശൈഖ്​ മുഹമ്മദ്​ ദുബൈ അർബൻ പ്ലാൻ 2040ലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ പദ്ധതി വെളിപ്പെടുത്തിയത്​. ബീച്ച്​ ഏരിയകൾ, നടപ്പാതകൾ, കഫേ, ഡൈനിങ്​ ഏരിയകൾ എന്നിവ വികസനത്തിന്‍റെ ഭാഗമായി ബീച്ചുകളിൽ നിർമിക്കും. എമിറേറ്റിലെ പുതിയ നഗര പദ്ധതികൾ ശ്രദ്ധേയമായി തുടരുകയും അടുത്ത ദശകത്തേക്ക് ഞങ്ങളുടെ സാമ്പത്തിക, ടൂറിസം അജണ്ടയെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന്​ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. ദുബൈയുടെ സുസ്ഥിര നഗര വികസനത്തിന്‍റെ ഭാവി ലക്ഷ്യമിട്ടാണ്​ സമഗ്രമായ പുതയ നഗരവികസന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്​.

എമിറേറ്റിനെ രൂപാന്തരപ്പെടുത്തുകയും, വിനോദസഞ്ചാരവും ആധുനികതയെ പൈതൃകവും പ്രകൃതിയുമായി സന്തുലിതമാക്കുകയും ചെയ്യുന്ന ഒരു പരസ്പര ബന്ധിതമായ, ജനങ്ങളാൽ നയിക്കപ്പെടുന്ന ഒരു നഗരം സൃഷ്ടിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പതിറ്റാണ്ടിനുള്ളിൽ ദുബൈയിൽ ജനസംഖ്യ 3.3 ദശലക്ഷത്തിൽ നിന്ന്​ 5.8 ദശലക്ഷമായി ഉയരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.  

Tags:    
News Summary - Dubai Beach developmen project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.