ദുബൈ ബീച്ച് വികസനത്തിന് പുതിയ പദ്ധതി
text_fieldsദുബൈ: ബീച്ച് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായി 2040ഓടെ ദുബൈയിലെ ബീച്ച് വിസ്തൃതി 400 ശതമാനം വർധിപ്പിക്കാൻ പുതിയ പദ്ധതി. നിലവിൽ 21 കിലോമീറ്ററുള്ള ബീച്ചുകളുടെ നീളം 105 കിലോമീറ്ററായി ഉയർത്തുകയാണ് ലക്ഷ്യം. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിന്‍റെ ഭാഗമായി പാം ജബൽ അലി, പാം ജുമൈറ എന്നിവയ്ക്ക് ചുറ്റുമുള്ള 54 കിലോമീറ്റർ ബീച്ചുകളും ജബൽ അലിയിൽ പുതിയ എട്ട് കിലോമീറ്റർ ബീച്ചും വികസിപ്പിക്കും.
പുതിയ ബീച്ചുകളിൽ ലഭ്യമാവുന്ന വിവിധ സേവനങ്ങളുടെ പരിധി 2025 ഓടെ 300 ശതമാനമായും വർധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജബൽ അലി ബീച്ചിലെത്തിയ ശൈഖ് മുഹമ്മദ് ദുബൈ അർബൻ പ്ലാൻ 2040ലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ പദ്ധതി വെളിപ്പെടുത്തിയത്. ബീച്ച് ഏരിയകൾ, നടപ്പാതകൾ, കഫേ, ഡൈനിങ് ഏരിയകൾ എന്നിവ വികസനത്തിന്‍റെ ഭാഗമായി ബീച്ചുകളിൽ നിർമിക്കും. എമിറേറ്റിലെ പുതിയ നഗര പദ്ധതികൾ ശ്രദ്ധേയമായി തുടരുകയും അടുത്ത ദശകത്തേക്ക് ഞങ്ങളുടെ സാമ്പത്തിക, ടൂറിസം അജണ്ടയെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈയുടെ സുസ്ഥിര നഗര വികസനത്തിന്‍റെ ഭാവി ലക്ഷ്യമിട്ടാണ് സമഗ്രമായ പുതയ നഗരവികസന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
എമിറേറ്റിനെ രൂപാന്തരപ്പെടുത്തുകയും, വിനോദസഞ്ചാരവും ആധുനികതയെ പൈതൃകവും പ്രകൃതിയുമായി സന്തുലിതമാക്കുകയും ചെയ്യുന്ന ഒരു പരസ്പര ബന്ധിതമായ, ജനങ്ങളാൽ നയിക്കപ്പെടുന്ന ഒരു നഗരം സൃഷ്ടിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പതിറ്റാണ്ടിനുള്ളിൽ ദുബൈയിൽ ജനസംഖ്യ 3.3 ദശലക്ഷത്തിൽ നിന്ന് 5.8 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.