ദുബൈ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 112 വിദ്യാർഥികൾക്ക് ദുബൈ എക്സ്പോ കാണാൻ അവസരമൊരുക്കുമെന്ന കേന്ദ്ര സർക്കാരിന്‍റെ വാഗ്ദാനം വെള്ളത്തിലായി. പരീക്ഷകളും ഇന്‍റർവ്യൂവും നടത്തി വിദ്യാർഥികളെ തെരഞ്ഞെടുത്ത് ആശ നൽകിയ ശേഷമാണ് കേന്ദ്രം മൗനത്തിലാണ്ടത്. മാർച്ച് 31ന് എക്സ്പോ അവസാനിക്കാനിരിക്കെ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് വിദ്യാർഥികൾ. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾ കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടിയില്ല.
നീതി ആയോഗിന്‍റെ ഭാഗമായ ആസ്പിരേഷനൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ ഉൾപെട്ട 112 ജില്ലകളിലെ കുട്ടികളെ മഹാമേളയായ ദുബൈ എക്സ്പോയിലെത്തിക്കുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാഗ്ദാനം. കേരളത്തിൽ നിന്ന് വയനാട് മാത്രമാണ് ഈ പട്ടികയിലുള്ളത്. യു.എ.ഇയുടെ 50ാം വാർഷികം ആഘോഷിക്കുന്ന ഡിസംബർ രണ്ടിന് കുട്ടികളെ എത്തിക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻപുരിയും പ്രസ്താവിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ വിദ്യാർഥികൾക്കായി പരീക്ഷ നടത്തി.
അന്താരാഷ്ട്ര നിലവാരത്തിൽ നടന്ന പരീക്ഷയായതിനാൽ ഓരോ ജില്ലക്കും ഒന്നര ലക്ഷത്തോളം രൂപ പരീക്ഷക്കായി അനുവദിച്ചു. കലക്ടറുടെ കീഴിൽ വരുന്ന പ്ലാനിങ് ഓഫിസർക്കായിരുന്നു ചുമതല. എഴുത്ത് പരീക്ഷ, അഭിരുചി പരീക്ഷ, സ്പീച്ച്, ഇന്‍റർവ്യൂ തുടങ്ങിയ ഘട്ടങ്ങൾ പിന്നിട്ടാണ് കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടത്. വയനാട്ടിൽ 62 കുട്ടികൾ പങ്കെടുത്തു. ഇതിൽ നിന്ന് 14 കുട്ടികളെയും അടുത്ത റൗണ്ടിലെ വിജയികളിൽ നിന്ന് ആറ് പേരെയും തെരഞ്ഞെടുത്തിരുന്നു. അവസാന ഇന്‍റവ്യൂവിലാണ് മാനന്തവാടി കോറോത്ത് സ്വദേശിയായ പത്താം ക്ലാസുകാരനെ എക്സ്പോ കാണാൻ തെരഞ്ഞെടുത്തത്.
കുട്ടികളുടെ വിവരങ്ങളെല്ലാം മന്ത്രാലയത്തിനും നീതി ആയോഗിനും അയച്ചുകൊടുത്തെങ്കിലും 'നടപടികൾ തുടരുന്നുണ്ട്' എന്നായിരുന്നു മറുപടി. പിന്നീട് ഒമിക്രോണിന്‍റെ പേരിൽ വീണ്ടും നീട്ടി. അനന്തമായി നീണ്ടതോടെ കലക്ടറേറ്റുകളിൽ നിന്ന് കത്ത് അയച്ചെങ്കിലും ഇപ്പോൾ മറുപടി പോലും ലഭിക്കുന്നില്ല.
ദുബൈയിൽ പോകാമെന്ന് ആശിച്ച കുട്ടികൾ മാനസീകമായി ബുദ്ധിമുട്ടിലാണ്. ഈ വിഷയം ചൂണ്ടിക്കാണിച്ച് കുട്ടികളുടെ രക്ഷിതാക്കൾ കലക്ടർക്ക് പരാതി നൽകിയിരുന്നു. ഈ പരാതികൾ കേന്ദ്രത്തിന് അയച്ചിട്ടും മറുപടി ലഭിച്ചിട്ടില്ല. 12 ദിവസം മാത്രമാണ് ഇനി എക്സ്പോയുള്ളത്. ഇതിനിടയിൽ വിസയും ടിക്കറ്റും ശരിയാക്കി എക്സ്പോയിൽ കുട്ടികളെ എത്തിക്കാനുള്ള സാധ്യതയും വിരളമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.