ദുബൈ: നഗരത്തിന്റെ കായികസംസ്കാരത്തിന് പുത്തനുണർവ് പകരാൻ ദുബൈ ശനിയാഴ്ച ട്രാക്കിലിറങ്ങുന്നു. ഇനിയുള്ള 30 പകലിരവുകൾ ദുബൈക്ക് കായികാഭ്യാസങ്ങളുടേതായിരിക്കും. നഗരവാസികളിൽ ആരോഗ്യജീവിതം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ സർക്കാർ നടത്തുന്ന ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് തുടക്കമാകും. നവംബർ 27 വരെ 30 ദിവസങ്ങളിൽ ദുബൈ നഗരമൊന്നടങ്കം വിവിധ കായികപ്രവർത്തനത്തിലേർപ്പെടും.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ 2017ൽ തുടങ്ങിയ ഫിറ്റ്നസ് ചലഞ്ചിന്റെ ആറാം എഡിഷനാണ് ശനിയാഴ്ച ആരംഭിക്കുന്നത്. അടുത്ത ഒരുമാസം എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിന് ചെലവഴിക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവ ർ ചെയ്യേണ്ടത്. ഈ കാലയളവിനിടയിൽ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കും. ഓട്ടക്കാർ ട്രാക്കിലിറങ്ങുന്ന ദുബൈ റൺ, സൈക്ലിസ്റ്റുകൾ ദുബൈ ശൈഖ് സായിദ് റോഡ് കീഴടക്കുന്ന ദുബൈ റൈഡ്, ഹാഫ് മാരത്തൺ, പാഡൽ ടെന്നിസ് ചാമ്പ്യൻഷിപ് തുടങ്ങിയവയെല്ലാം ഈ കാലയളവിൽ നടക്കും.
കൈറ്റ് ബീച്ചിലെ രണ്ട് ഫിറ്റ്നസ് വില്ലേജുകളിലും ഖവാനീജിലും വിവിധ പരിപാടികൾ ആദ്യ ആഴ്ചയിൽ നടക്കും. ഫുട്ബാൾ, യോഗ, ബോക്സിങ്, ക്രിക്കറ്റ്, തുഴച്ചിൽ പോലുള്ള മത്സരങ്ങൾക്ക് പുറമെ വിവിധ കായിക ഇനങ്ങളിൽ സൗജന്യ പരിശീലനവും ലഭിക്കും.
ദുബൈ സിലിക്കൺ ഒയാസിസ്, ഡിജിറ്റൽ പാർക്ക്, ഹത്ത വാലി സെന്റർ, ദുബൈ ഡിസൈൻ ഡിസ്ട്രിക്ട്, സബീൽ ലേഡീസ് ക്ലബ്, ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, സബീൽ സ്പോർട്സ് ഡിസ്ട്രിക്ട്, ബ്ലൂവാട്ടേഴ്സ് ദുബൈ, ഡ്രാഗൺ മാർട്ട്, മിർദിഫ് മാളിന് സമീപത്തെ സ്പോർട്സ് സൊസൈറ്റി, ജുമൈറ ബീച്ച് റെസിഡൻസ്, ദുബൈ ഹിൽസ് മാൾ, കൈറ്റ് ബീച്ച്, ഫെസ്റ്റിവൽ സിറ്റി, സെയ്ലിങ് ക്ലബ്, ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, പാം, ഡ്യൂട്ടി ഫ്രീ ടെന്നിസ് സ്റ്റേഡിയം, ദുബൈ ഹാർബർ, എ.എസ്.ഡി ഫുട്ബാൾ സ്റ്റേഡിയം എന്നിവിടങ്ങളിൽ വിവിധ മത്സരങ്ങൾ നടക്കും. സൗജന്യ പരിശീലനത്തിനുപുറമെ വിവിധ ഫിറ്റ്നസ് സെന്ററുകൾ വമ്പൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവിക്കാനും ജോലിചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബൈയുടെ പദവി ഉയർത്തുന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞവർഷങ്ങളിൽ ദുബൈ ഒന്നടങ്കം ഏറ്റെടുത്ത ചലഞ്ചിൽ ഇത്തവണ കൂടുതൽ പേർ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. എല്ലാ വാരാന്ത്യങ്ങളിലും പ്രധാന കായികമത്സരങ്ങളും മികച്ച ഫിറ്റ്നസ് പ്രഫഷനലുകളുടെ സൗജന്യ ലൈവ്, വെർച്വൽ ക്ലാസുകളും ഇത്തവണയും ഉണ്ടായിരിക്കും.
കോവിഡ് ലോക്ഡൗൺ സമയത്ത് പോലും മുടങ്ങാതെ നടന്ന പരിപാടിയാണ് ദുബൈ ഫിറ്റ്നസ് ചലഞ്ച്. www.dubaifitnesschallenge.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താണ് പരിപാടിയുടെ ഭാഗമാകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.