ദുബൈ: ആറു മാസത്തിനിടെ കയറ്റുമതിരംഗത്ത് മികച്ച നേട്ടം കൈവരിച്ച് ദുബൈ ചേംബർ ഓഫ് കോമേഴ്സ്. ചേംബറിലെ അംഗങ്ങളുടെ ആകെ കയറ്റുമതി, പുനർ കയറ്റുമതി മൂല്യം ആറു മാസത്തിനിടെ ഏഴു ശതമാനം വർധിച്ച് 137.6 ശതകോടി ദിർഹമായി ഉയർന്നു. 2022ൽ ഇതേ കാലയളവിൽ ഇത് 129.4 ശതകോടി ദിർഹമായിരുന്നു.
ചേംബറിലെ അംഗങ്ങളുടെ എണ്ണത്തിലും ഈ വർഷം വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ ജൂൺ വരെ അംഗങ്ങളുടെ എണ്ണം 43 ശതമാനം വർധിച്ച് 30,146 ആയി. 2022ലെ ആദ്യ ആറു മാസത്തിൽ അംഗങ്ങളുടെ എണ്ണം 21,098 ആയിരുന്നു.
നടപ്പു സാമ്പത്തികവർഷത്തെ ആദ്യ പകുതിയിൽ 3,57,000 ഒറിജിൻ സർട്ടിഫിക്കറ്റുകൾ ആണ് ചേംബർ പുറത്തിറക്കിയത്. ഒരു ഉൽപന്നം ഏത് രാജ്യത്താണ് നിർമിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഒറിജിൻ സർട്ടിഫിക്കറ്റ് (സി.ഒ). ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ കസ്റ്റംസ് നടപടികൾക്ക് സി.ഒ സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്.
ഇതോടൊപ്പം 2402 എ.ടി.എ കാർനറ്റുകളും ഇക്കാലയളവിൽ ചേംബർ പുറത്തിറക്കിയിട്ടുണ്ട്. 2.5 ശതകോടി മൂല്യമുള്ള ഉൽപന്നങ്ങളാണ് ചേംബറിലെ അംഗങ്ങൾ സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഇത് 1.2 ശതകോടി ആയിരുന്നു. 108 ശതമാനമാണ് ഈ രംഗത്തെ വളർച്ച.
ദുബൈ ചേംബറിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് പ്രധാന ചേംബറുകളിൽ ഒന്നായ ദുബൈ ചേംബർ ഓഫ് കോമേഴ്സ് സ്വീകരിച്ച വ്യത്യസ്ത വ്യാപാര മാതൃകകളുടെ വിജയം ഉറപ്പിക്കുന്നതാണ് ശ്രദ്ദേയമായ ഈ നേട്ടമെന്ന് ദുബൈ ചേംബർ കോമേഴ്സ് ചെയർമാൻ അബ്ദുൽ അസീസ് അബ്ദുള്ള അൽ ഗുറൈർ പറഞ്ഞു.
നിക്ഷേപ, വ്യാപാര രംഗത്ത് ആഗോള സെന്ററായി ദുബൈയെ മാറ്റാൻ ലക്ഷ്യമിടുന്ന ദുബൈ സാമ്പത്തിക അജണ്ടയോട് ചേർന്ന് നിൽക്കുന്നതാണ് ദുബൈ ചേംബറിന്റെ വ്യാപാര തന്ത്രങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.