52 ഡിഗ്രിയിൽ തിളച്ചുമറിയുകയാണ് യു.എ.ഇ. ഇതിനിടയിലും ദുബൈ നഗരത്തിലിറങ്ങുന്നവർക്ക് കൺകുളിർക്കെ കാണാൻ പച്ചവിരിച്ച് നിൽക്കുകയാണ് നഗരം. കൊടുംവേനലിലും ദുബൈ നഗരം പച്ചവിരിച്ച്, പൂവിട്ട് നിൽക്കുന്നതിെൻറ രഹസ്യം എന്താണ്. ദീർഘവീക്ഷണത്തോടെ ദുബൈ മുനിസിപ്പാലിറ്റി നടപ്പാക്കുന്ന പദ്ധതികളാണ് നഗരത്തെ ഇപ്പോഴും സുന്ദരിയായി നിലനിർത്തുന്നത്. നഗരത്തിലെ 42 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് ഹരിത പദ്ധതി നടപ്പാക്കുന്നത്. മരുഭൂമിയിലെ ചൂടിലും വാടാത്ത ചെടികൾക്കും മരങ്ങൾക്കുമായി ദുബൈ മുനിസിപ്പാലിറ്റി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം.
ദുബൈയിലെ റോഡുകളിലും പാർക്കിലും ചത്വരങ്ങളിലുമുള്ള പച്ചപ്പ് നീളത്തിനെടുത്തുവെച്ചാൽ 2200 കിലോമീറ്റർ ദൈർഘ്യം വരും. 25,000 ഈന്തപ്പനകളും 11 ലക്ഷം മറ്റ് വൃക്ഷങ്ങളും ചെടികളുമുണ്ട്. എങ്ങിനെയാണ് ഇത്രയേറെ മരങ്ങളും ചെടികളും പൂക്കളും കൃത്യമായി പരിപാലിക്കുന്നത് എന്ന് ആശ്ചര്യപ്പെട്ടേക്കാം. വെള്ളം നനക്കുന്നതിനായി 500 പമ്പിങ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ വെള്ളം നഷ്ടപ്പെടാതിരിക്കാൻ റീ സൈക്ക്ൾ ചെയ്തെടുക്കും. ഓരു ചതുരശ്ര മീറ്റർ പൂക്കൾക്ക് പ്രതിദിനം 15 ലിറ്റർ വെള്ളമാണ് വേനൽക്കാലത്ത് വേണ്ടത്. ശൈത്യകാലത്ത് 11 ലിറ്റർ വെള്ളം മതി. ജലസേചന ശൃംഖല നിരന്തരം പരിശോധിക്കാൻ പ്രത്യേക സംഘമുണ്ട്.
നഗരത്തിെൻറ ഏത് മുക്കിലും മൂലയിലും നോക്കിയാലും റോസാപൂവ് കാണാം. ശൈത്യകാലത്ത് കടും നിറത്തിലുള്ള റോസാ പുഷ്പങ്ങൾ ഇടംപിടിക്കുേമ്പാൾ വേനൽകാലത്ത് ഇത് ഇളംനിറത്തിന് വഴിമാറും. കണ്ണിന് കുളിർമ നൽകുന്ന 'സൈക്കോളജി'യാണ് ഈ തീരുമാനത്തിന് പിന്നിൽ. വിവിധ നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന ചെടികളുണ്ട്. കൃത്യമായ ടൈം ടേബ്ൾ നിശ്ചയിച്ചാണ് പൂക്കളും ചെടികളും മാറ്റി സ്ഥാപിക്കുന്നത്. ഓരോ വർഷവും മൂന്ന് സീസണായി തിരിച്ചാണ് പ്രവർത്തനം. അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക വിദ്യകളും സ്മാർട്ട് ഇറിഗേഷൻ സംവിധാനങ്ങളുമാണ് ചെടി പരിപാലനത്തിന് ഉപയോഗിക്കുന്നത്. ഓൺലൈൻ വഴി ചെടി പരിപാലനം നിയന്ത്രിക്കാൻ കഴിയുന്നു.
ദുബൈ മുനിസിപ്പാലിറ്റിയുടെ വർസാൻ നഴ്സറിയിലാണ് ചെടികളും വിത്തും ഉദ്പാദിപ്പിക്കുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രതിവർഷം 1.2 കോടി തൈകൾ ഉദ്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഈ ചെടികളാണ് ദുബൈ നഗരത്തിൽ പച്ചവിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ നിർദേശിച്ചതിെൻറ ഇരട്ടി വിസ്തീർണ്ണത്തിലാണ് ദുബൈയിലെ ഹരിത മേഖല വ്യാപിച്ച് കിടക്കുന്നത്. മറ്റ് രാജ്യങ്ങൾക്ക് പോലും ഈ ലക്ഷ്യത്തിലേക്കെത്താൻ പറ്റാത്ത സാഹചര്യത്തിലാണ് മരുഭൂമിയായ ദുബൈയെ മുനസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഇത്രയധികം ഹരിതാഭമാക്കിയത്. ഓരോ ദിവസവും ഇതിെൻറ വിസ്തൃതി കൂടി വരുന്നതല്ലാതെ ഒരിഞ്ച് പോലും കുറയുന്നില്ല, വേനൽകാലത്ത് പോലും. അവധി ദിവസങ്ങളിലും പൂക്കളെ പരിപാലിക്കാൻ ജീവനക്കാർ ഉണ്ടാവും. കൃത്യമായ അളവിൽ വെള്ളവും വളവും നൽകി പരിപാലിക്കുന്നത് ഇവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.