ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ ഒക്ടോബർ പത്ത് മുതൽ പന്ത്രണ്ട് വരെ ദുബൈയിൽ നടക്കുന്ന പത്താമത് അന്താരാഷ്ട്ര അറബിഭാഷ സമ്മേളനത്തിലേക്ക് പ്രമുഖ അറബി ഭാഷ പണ്ഡിതനും കൊല്ലം ശ്രീ നാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി അറബിക് പി.ജി അക്കാദമിക് കമ്മിറ്റി ചെയർമാനുമായ ഡോ.ഹുസൈൻ മടവൂരിന് ക്ഷണം.
ഇന്ത്യയിൽ അറബിഭാഷ പ്രചാരണരംഗത്ത് അദ്ദേഹം നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചത്.
സമ്മേളനത്തിൽ ആധുനിക ലോകത്ത് അറബി ഭാഷയുടെ നൂതന സാധ്യതകളെക്കുറിച്ച് അറുപതോളം പ്രബന്ധങ്ങൾ വിവിധ വേദികളിൽ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കും. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള അഞ്ഞൂറിലേറെ ഭാഷ പണ്ഡിതന്മാർ പങ്കെടുക്കും.
ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളജ് പ്രിൻസിപ്പലായി വിരമിച്ച ഹുസൈൻ മടവൂർ കാലിക്കറ്റ് യൂനിവേഴ്സിറ്റി, കോട്ടയം മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി, ചെന്നൈ ബി.എസ്.എ യൂനിവേഴ്സിറ്റി തുടങ്ങിയവയിൽ അറബിക് ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. കേന്ദ്ര സംസ്ഥാന യൂനിവേഴ്സിറ്റികളിൽ യു.ജി.സിയുടെ റിസോഴ്സ് പേഴ്സനായും ഗെസ്റ്റ് ലെക്ചറർ ആയും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഭാഷ വികസന സമിതിയിൽ അറബി ഭാഷ വിദഗ്ധ കമ്മിറ്റിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.