ദുബൈ: വിമാനത്തിൽ പേജറുകൾക്ക് വിലക്കേർപ്പെടുത്തി എമിറേറ്റ്സ് എയർലൈൻ. പേജറോ വാക്കിടോക്കിയോ ബാഗേജിൽ കണ്ടെത്തിയാൽ ദുബൈ പൊലീസ് അവ പിടിച്ചെടുക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ലബനാനിലെ പേജർ സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് നടപടി.
ചെക്ക് ഇൻ ലഗേജിലോ ഹാൻഡ് ബാഗേജിലോ ഈ ഉപകരണങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ല. ഇക്കഴിഞ്ഞ സെപ്റ്റംബർ 19ന് ലബനാൻ തലസ്ഥാനമായ റഫീഖ് ഹരീരി എയർപോർട്ട് വിമാനത്തിൽ പേജറുകൾ വിലക്കിയിരുന്നു.ഇസ്രായേലുമായുള്ള സംഘർഷത്തിന്റെ സാഹചര്യത്തിൽ ലബനാനിലേക്കുള്ള എമിറേറ്റ്സ് എയർലൈനിന്റെ മുഴുവൻ സർവിസുകളും നിർത്തിവെച്ചിരിക്കുകയാണ്.
ഈ മാസം എട്ടുവരെ ദുബൈ-ബൈറൂത് റൂട്ടുകളിലും എമിറേറ്റ്സ് സർവിസ് ഉണ്ടാവില്ല. ഇറാഖിലെ ബസ്റ, ബഗ്ദാദ്, ഇറാനിലെ തെഹ്റാൻ, ജോർഡനിലെ അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള സർവിസുകളും ഒക്ടോബർ അഞ്ചുവരെ നിർത്തിവെച്ചിരിക്കുകയാണ്. ഇറാഖ്, ഇറാൻ, ജോർഡൻ എന്നിവിടങ്ങളിലേക്ക് ദുബൈ വഴി ട്രാൻസിറ്റ് യാത്ര ചെയ്യുന്നവർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവിസ് ഉണ്ടാകില്ലെന്നും എമിറേറ്റ്സ് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർഡൻ എന്നിവിടങ്ങളിലേക്ക് ഫ്ലൈ ദുബൈ സർവിസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിച്ചിട്ടുണ്ട്. ഇത്തിഹാദ് എയർവേസും അബൂദബിക്കും തെൽ അവീവിനും ഇടയിലുള്ള സർവിസ് വ്യാഴാഴ്ച ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.