ദുബൈ: റെഡ്, ഗ്രീൻ ലൈനുകൾക്ക് പിന്നാലെ ദുബൈ മെട്രോയുടെ ബ്ലൂലൈൻ 2029 സെപ്റ്റംബർ ഒമ്പതിന് സർവിസ് ആരംഭിക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ചെയർമാൻ എൻജിനീയർ മത്താർ അൽ തായർ അറിയിച്ചു. മൂന്ന് വിദേശ കമ്പനികൾ ചേർന്നുള്ള കൺസോർട്ട്യത്തിന് നിർമാണ കരാർ നൽകിയതായും വ്യാഴാഴ്ച വാർത്ത സമ്മേളനത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
2025 ഏപ്രിലിൽ ബ്ലൂലൈനിന്റെ നിർമാണമാരംഭിക്കും. 2050 കോടി ദിർഹമാണ് നിർമാണ ചെലവ്. തുർക്കി, ചൈനീസ് കമ്പനികളായ മാപ, ലിമാക്, സി.ആർ.ആർ.സി എന്നിവർക്കാണ് നിർമാണ കരാർ നൽകിയതെന്നും ചെയർമാൻ വിശദീകരിച്ചു. 30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂലൈൻ ദുബൈയിലെ സുപ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നുപോവുക. 14 സ്റ്റേഷനുകളാണ് ബ്ലൂലൈനിന് ഉണ്ടാവുക. 28 ട്രെയിനുകൾ സർവിസ് നടത്തും.
2030ഓടെ രണ്ടു ലക്ഷം യാത്രക്കാരെ കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ. 2040 ആകുമ്പോഴേക്കും ഇത് 32,0000 ആയി ഉയർത്തും. രണ്ട് ദിശയിലേക്കും മണിക്കൂറിൽ 46,000 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് ക്രമീകരണം. നിർമാണം പൂർത്തീകരിക്കുന്നതോടെ ഈ മേഖലയിലെ ഗതാഗത തിരക്ക് 20 കുറക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഒമ്പത് എന്ന നമ്പറിന് ദുബൈ മെട്രോയുടെ ചരിത്രത്തിൽ ഒരു പ്രത്യേകതയുണ്ട്. കാരണം 09-09-2009ന് രാത്രി ഒമ്പത് കഴിഞ്ഞ് ഒമ്പത് മിനിറ്റും ഒമ്പത് സെക്കൻഡും പൂർത്തിയാക്കുമ്പോഴാണ് ദുബൈ മെട്രോയുടെ ആദ്യ ലൈൻ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
ആർ ഓർമ പുതുക്കുന്നതിന്റെ ഭാഗമായാണ് ബ്ലൂലൈനിന്റെ ഉദ്ഘാടന സർവിസ് 09-09-2029ന് നിശ്ചയിച്ചിരിക്കുന്നത്.
മെട്രോയുടെ 20ാം വാർഷികത്തോടനുബന്ധിച്ചാണ് ബ്ലൂലൈനിന്റെ പ്രഖ്യാപനമെന്നതും യാദൃച്ഛികമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.