ദുബൈ: സർക്കാർ ഉടമസ്ഥതയിൽ പുതുതായി ആരംഭിച്ച ഇലക്ട്രിക് വാഹന ചാർജിങ് ശൃംഖലയായ യു.എ.ഇ.വി ചാർജിങ് ഫീസ് നിരക്കുകൾ പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഡി.സി ചാർജിങ് സേവനങ്ങൾക്ക് മണിക്കൂറിന് 1.20 ദിർഹമും എ.സി ചാർജിങ്ങിന് 0.70 ദിർഹമുമാണ് ഫീസ്. ഒപ്പം വാറ്റ് നികുതിയും അടക്കണം.
അതോടൊപ്പം ഇ.വി വാഹന ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള ചാർജിങ് സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താനും തൽസമയ അപ്ഡേഷനും ഓൺലൈനായി പണമടക്കാനും സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷനും യു.എ.ഇ.വി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഉപഭോക്താക്കളെ പിന്തുണക്കാനും സഹായത്തിനും തടസ്സമില്ലാത്ത സേവനം ഉറപ്പുവരുത്തുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്ററും ഒരുക്കുന്നുണ്ട്.
യു.എ.ഇയിലെ ഇ.വി ചാർജിങ് ശൃംഖലകൾ വിപുലീകരിക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങളെ സുസ്ഥിരവും ഹരിതവുമായ ഭാവിയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് യു.എ.ഇ.വി ചെയർമാൻ ഷെരീഫ് അൽ ഒലാമ പറഞ്ഞു. 2030 ഓടെ നഗരത്തിലെ പ്രധാന സ്ഥലങ്ങൾ, ഹൈവേകൾ എന്നിവ കേന്ദ്രീകരിച്ച് ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 1000 ആയി ഉയർത്തും.
ചാർജിങ് സ്റ്റേഷനുകൾ വ്യാപിപ്പിക്കുന്നതുവഴി എല്ലാതരം ഇ.വി ഉപഭോക്താക്കൾക്കും പ്രവേശനക്ഷമത ഉറപ്പാക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കഴിഞ്ഞ മേയിൽ കമ്പനി ചാർജിങ് സേവന നിരക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും സൗജന്യമായി തുടരുകയാണ്. ജനുവരി മുതൽ മാത്രമേ നിരക്കുകൾ ഈടാക്കിത്തുടങ്ങൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.