ദുബൈ: കഴിഞ്ഞവർഷം ദുബൈയിലെ പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണത്തിൽ 35 ശതമാനം വർധന. ആർ.ടി.എ പുറത്തുവിട്ട കഴിഞ്ഞവർഷത്തെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെട്രോ, ട്രാം, ബസ്, ടാക്സി, ഷെയർ യാത്രകൾ (വാടക സ്മാർട് കാർ, ബസ് ഓൺ ഡിമാൻഡ്, ഇ ഹെയ്ൽ) എന്നിവ വഴി യാത്രചെയ്തവരുടെ കണക്കാണിത്. 2022ൽ ആകെ 62.1 കോടി യാത്രികരാണ് പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത്. ദിനേന ശരാശരി 17 ലക്ഷം യാത്രക്കാരുണ്ടായിരുന്നു.
2021നെ അപേക്ഷിച്ച് 35 ശതമാനം വർധനവാണ് ഇത്. 2021ൽ ആകെ യാത്രക്കാർ 46.1 കോടിയും ദിവസ യാത്രക്കാർ 13 ലക്ഷവുമായിരുന്നു. ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് മാർച്ചിലാണ്. എക്സ്പോ 2020യുടെ അവസാന മാസമായ മാർച്ചിൽ 6.2 കോടി യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗിച്ചത്. മെട്രോ ഉപയോഗത്തിൽ മൂന്നു ശതമാനവും ജലഗതാഗതം ഒരു ശതമാനവും വളർച്ച നേടി.
കഴിഞ്ഞവർഷം ആകെ യാത്രയുടെ 36 ശതമാനവും മെട്രോ വഴിയായിരുന്നു. 2021ൽ ഇത് 33 ശതമാനമായിരുന്നു. 25 ശതമാനം പേർ ബസ് സർവിസ് ഉപയോഗപ്പെടുത്തിയപ്പോൾ ജലഗതാഗതം വഴി യാത്ര ചെയ്തത് രണ്ട് ശതമാനമാണ്. അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാർച്ച് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് ഡിസംബറിലാണ്. 5.7 കോടി യാത്രക്കാരാണ് ഡിസംബറിൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത്.
ഖത്തർ ലോകകപ്പാണ് ഈ മാസം ഇത്രയധികം യാത്രക്കാർ വർധിക്കാൻ കാരണം. മറ്റ് മാസങ്ങളിൽ ശരാശരി 4.6 കോടി- 5.6 കോടി യാത്രക്കാർ പൊതുഗതാഗതം ഉപയോഗിച്ചു. ടാക്സികളും ബസുകളും ഉൾപ്പെട്ട പൊതുഗതാഗത വാഹനങ്ങൾ 2022ൽ 12.9 കോടി യാത്രകളാണ് നടത്തിയത്. ടാക്സികൾ മാത്രം 10 കോടിയിലേറെ യാത്ര നടത്തി. ഷെയർ വാഹനങ്ങൾ 1.8 കോടി ട്രിപ്പുകളും ബസുകൾ 40 ലക്ഷം ട്രിപ്പുകളും നടത്തും. 4.5 ലക്ഷം ട്രിപ്പാണ് ദുബൈ മെട്രോ നടത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ മാർച്ചാണ് മുന്നിലെങ്കിലും ട്രിപ്പുകളുടെ എണ്ണത്തിൽ ഒക്ടോബറാണ് മുമ്പൻ. 1.19 കോടി ട്രിപ്പുകളാണ് ഈമാസം നടന്നത്. മാർച്ചിൽ 1.18 കോടി ട്രിപ്പുകളും നടന്നു. മറ്റു മാസങ്ങളിൽ 97 ലക്ഷത്തിനും 1.16 കോടിയുടെയും ഇടയിലാണ് ട്രിപ്പുകൾ.
കൂടുതൽ മെട്രോയിൽ: യാത്രക്കാരുടെ എണ്ണത്തിൽ മുമ്പൻ മെട്രോയാണ്. കഴിഞ്ഞവർഷം റെഡ്, ഗ്രീൻ ലൈനുകളിലായി 22.5 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത് ഇന്റർ ചേഞ്ച് സ്റ്റേഷനുകളായ ബുർജുമാനിലും യൂനിയനിലുമാണ്. ബുർജ്മാൻ വഴി 1.30 കോടി യാത്രക്കാർ സഞ്ചരിച്ചപ്പോൾ യൂനിയനിൽ 1.08 കോടി യാത്രക്കാരെത്തി. റെഡ് ലൈനിൽ അൽ റിഗ്ഗയാണ് മുന്നിൽ.
ഇവിടെ 99 ലക്ഷം യാത്രക്കാരെത്തി. മാൾ ഓഫ് എമിറേറ്റ്സ് (96 ലക്ഷം), ദുബൈ മാൾ (88 ലക്ഷം), ബിസിനസ് ബേ (85 ലക്ഷം) എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിലെ യാത്രക്കാർ. ഗ്രീൻ ലൈനിൽ 77 ലക്ഷം യാത്രക്കാരുമായി ഷറഫ് ഡി.ജി ഒന്നാമതെത്തി. ബനിയാസ് (73 ലക്ഷം), സ്റ്റേഡിയം (56 ലക്ഷം), സലാഹ് അൽ ദീൻ (53 ലക്ഷം), അൽ ഗുബൈബ (49 ലക്ഷം) എന്നിങ്ങനെയാണ് ഗ്രീൻ ലൈനിലെ യാത്രക്കാർ. ദുബൈ ട്രാം വഴി 75 ലക്ഷവും ബസ് വഴി 1.57 കോടി യാത്രക്കാരും സഞ്ചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.