ദുബൈ: നഗരവാസികൾക്കും സന്ദർശകർക്കും ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ വ്യാഴാഴ്ച ആരംഭിക്കും. ഫെസ്റ്റിവലിന്റെ ഏറ്റവും വലുതും മികച്ചതുമായ എഡിഷനാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. ജനുവരി 29വരെ 46 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ മാറ്റുകൂട്ടാൻ ഇത്തവണ ലോകകപ്പ് ഫാൻ ഫെസ്റ്റും ഒരുക്കിയതായി സംഘാടകരായ ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ്(ഡി.എഫ്.ആർ.ഇ) നേരത്തെ അറിയിച്ചിരുന്നു.
ഉപഭോക്താക്കൾക്ക് 10 ലക്ഷം ദിർഹം, ഒരുകിലോ സ്വർണം, ഡൗൺടൗൺ ദുബൈയിൽ അപ്പാർട്മെന്റ് തുടങ്ങി നിരവധി സമ്മാനങ്ങൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ആകെ സമ്മാനങ്ങളുടെ മൂല്യം നാലു കോടി ദിർഹം വരുമെന്നും സംഘാടകർ വ്യക്തമാക്കി.
ആകർഷകമായ വിനോദ പരിപാടികൾ, മികച്ച ഷോപ്പിങ് ഡീലുകൾ, പ്രമോഷനുകൾ, റാഫിളുകൾ, ഹോട്ടൽ ഓഫറുകൾ, സംഗീതക്കച്ചേരികളും മറ്റു ആഘോഷങ്ങളും തുടങ്ങിയ ആകർഷണങ്ങൾ ഇത്തവണയുമുണ്ട്. വെടിക്കെട്ടും ഡ്രോൺ ഷോയും ഇതിനൊപ്പം ഉത്സവാന്തരീക്ഷത്തിന് മാറ്റുകൂട്ടാനുണ്ടാകും.മൂന്നുദിവസത്തെ ഡി.എസ്.എഫ് ഫൈനൽ മെഗാ സെയിലിന് ആയിരക്കണക്കിന് റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ 90 ശതമാനം വരെ കിഴിവും പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും.
യു.എ.ഇ സർക്കാർ ആരംഭിച്ച 'ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലം' എന്ന തലക്കെട്ടിലെ ടൂറിസം കാമ്പയിനിലേക്ക് സന്ദർകരെ ആസ്വദിക്കാനും വിവിധ പരിപാടികൾ നടത്തും. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവലുകളിലൊന്നായ ഡി.എസ്.എഫിനായി ദുബൈ നഗരം അലങ്കാരങ്ങളും മറ്റും നിറച്ച് ഒരുങ്ങിക്കഴിഞ്ഞു.ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെടിക്കെട്ടുകളും കരിമരുന്ന് പ്രയോഗങ്ങളും അരങ്ങേറും. ബ്ലൂവാട്ടേഴ്സ് ബീച്ച്, ജുമൈറ, ബുർജ് അൽ അറബ്, ദുബൈ ഫ്രെയിം, അൽ സീഫ്, ദുബൈ ക്രീക്ക്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ രാത്രി ഒമ്പതിനാണ് വെടിക്കെട്ടുകൾ ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.