ദുബൈ: പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച നഗരങ്ങളിൽ ദുബൈ ലോകത്ത് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം 20ാം സ്ഥാനത്തായിരുന്ന നിലയിൽ നിന്നാണ് വലിയ മുന്നേറ്റം കൈവരിച്ചിരിക്കുന്നത്. ലോകത്തെ 57പട്ടണങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് അഭിമാനകരമായ നേട്ടം. 'ഇൻറർനാഷൻസ്' എന്ന പ്രവാസി അന്താരാഷ്ട്ര കൂട്ടായ്മയാണ് പഠനം നടത്തിയത്.
ജീവിക്കാനും തൊഴിൽ കണ്ടെത്താനും ഏറ്റവും എളുപ്പമുള്ള പട്ടണങ്ങളെന്ന പ്രവാസികളുടെ അഭിപ്രായം രേഖപ്പെടുത്തിയാണ് റാങ്കിങ് നടത്തിയത്. പ്രാദേശിക ഭാഷ സംസാരിക്കാതെ ജീവിക്കാൻ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള നഗരം ദുബൈയാണെന്ന് സർവെയിൽ പങ്കെടുത്തവർ അഭിപ്രായപ്പെടുന്നു. സ്വദേശികൾ പ്രവാസികളോട് വളരെ മാന്യമായി പെരുമാറുന്നവരും സൗഹാർദം കാത്തുസൂക്ഷിക്കുന്നവരുമാണെന്ന് 80ശതമാനം പേർ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 190രാജ്യങ്ങളിൽ നിന്നുള്ളവർ കഴിയുന്ന നഗരമായതിനാൽ പുതിയതും വൈവിധ്യമുള്ളതുമായ സുഹൃത്തുക്കളെ കണ്ടെത്താൻ ദുബൈയിൽ എളുപ്പമാണെന്നും സർവെയിൽ പങ്കാളികളായവർ രേഖപ്പെടുത്തുന്നു.
രാജ്യത്ത് പൊതുവെ നിലവിലുള്ള രാഷ്ട്രീയ സ്ഥിരതയിലും സുരക്ഷിതത്വത്തിലും എല്ലാവരും സംതൃപ്തരുമാണ്. നഗര ജീവിത സൂചികയുടെ ഗുണനിലവാരത്തിലും ദുബൈ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ മാസം പുറത്തുവന്ന 'ഗാലപ്പ്'സർവെയിൽ 95ശതമാനം പേരും രാത്രിയിലും സഞ്ചരിക്കാൻ ഭയപ്പെടാത്ത രാജ്യമായി യു.എ.ഇയെ അടയാളപ്പെടുത്തിയിരുന്നു. 'ഇൻറർനാഷൻസ്'സർവെയിൽ ആകെ 12,420പ്രവാസികളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
നഗര ജീവിത നിലവാരം, സ്ഥിരതാമസമാക്കൽ, നഗര തൊഴിൽ ജീവിതം, സാമ്പത്തികവും ഭവനവും, പ്രാദേശിക ജീവിതച്ചെലവ് എന്നീ അഞ്ചു സൂചികകളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങളുണ്ടായിരുന്നത്. പട്ടികയിൽ യു.എ.ഇയിൽ നിന്ന് അബൂദബി 16ാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ട്. ജി.സി.സി പട്ടണങ്ങളിൽ ദോഹ, മസ്കത്ത്, റിയാദ് എന്നിവയാണ് പ്രവാസികൾക്ക് മികച്ച നഗരങ്ങളായി പട്ടികയിലുള്ളത്. ക്വലാലംപൂരും സ്പെയിനിലെ മലഗ പട്ടണവുമാണ് പട്ടികയിൽ ദുബൈക്ക് മുകളിലുള്ളത്. സിഡ്നി, സിംഗപ്പൂർ, മാഡ്രിഡ് അടക്കമുള്ള നഗരങ്ങൾ ദുബൈക്ക് പിന്നിലാണ്.
പ്രവാസികളെ സംബന്ധിച്ച് ഏറെ പ്രയാസം സൃഷ്ടിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ റോം, മിലൻ, ജോഹന്നാസ്ബർഗ് എന്നിവയാണ് പട്ടികയിൽ ആദ്യസ്ഥാനത്തുള്ളത്. ദുബൈയിലെ നിയമങ്ങളുടെയും സൗകര്യങ്ങളുടെയും ലോകോത്തര നിലവാരവും വിവേചന രഹിതമായ സംവിധാനങ്ങളുമാണ് സുപ്രധാന നേട്ടത്തിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത കാലത്ത് വിസ അനുവദിക്കുന്നതിലടക്കം സ്വീകരിച്ച തുറന്ന സമീപനവും പ്രവാസികഹക്ക് പ്രിയപ്പെട്ട നഗരമാക്കി യു.എ.ഇയെ മാറ്റിയതിന് കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.