ദുബൈ: ദേശീയദിനത്തോടനുബന്ധിച്ച് തുടർച്ചയായ അവധിവരുന്ന സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ദുബൈ. കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം.വീടുകളിൽ 20 പേരിൽ കൂടുതൽ കൂട്ടംചേരരുത്. പൊതുസ്ഥലങ്ങളിലും ജനക്കൂട്ടം അനുവദിക്കില്ല. നാലു മണിക്കൂറിൽ കൂടുതൽ നീളുന്ന പരിപാടികൾ നടത്തരുത്.വേദികളിൽ ആവശ്യത്തിന് വായുസഞ്ചാരം ഉണ്ടാവണം. ഒരുതവണ ഉപയോഗിക്കാവുന്ന ഗ്ലാസുകളും പാത്രങ്ങളും മാത്രമേ ഉപയോഗിക്കാവൂ. സമ്മാനങ്ങൾ നൽകരുത്. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും ദുബൈ സർക്കാർ ഓർമിപ്പിച്ചു.
എല്ലാ എമിറേറ്റുകളിലെയും സ്ഥാപനങ്ങളിൽ ആഘോഷങ്ങൾ നിരോധിച്ചതായി ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. ദേശീയദിനത്തിനു പുറമെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കും ഇത് ബാധകമായിരുന്നു. എന്നാൽ, ദേശീയദിനത്തോടനുബന്ധിച്ച് അലങ്കരിക്കാനോ ദേശീയപതാക സ്ഥാപിക്കാനോ തടസ്സമില്ല. കൂട്ടംചേർന്നുള്ള ആഘോഷങ്ങൾക്കാണ് വിലക്ക്.നേരേത്ത റാസൽഖൈമയിലും ഷാർജയിലും ഫുജൈറയിലും രാത്രി ക്യാമ്പിങ് നിരോധിച്ചിരുന്നു. ഈ മേഖലയിൽ കർശന പരിശോധന നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിർദേശം ലംഘിക്കുന്നവർക്ക് കനത്ത പിഴ അടക്കേണ്ടിവരും.
ചൊവ്വാഴ്ച മുതലാണ് ദേശീയദിന അവധി തുടങ്ങുന്നത്. വാരാന്ത്യ അവധി അടക്കം അഞ്ചു ദിവസമാണ് തുടർച്ചയായി അവധി ലഭിക്കുന്നത്.ഈ ദിവസങ്ങളിൽ കൂട്ടംചേർന്നാൽ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് എമിറേറ്റുകൾ നിയന്ത്രണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.