ദുബൈ: വാരാന്ത്യ അവധി ഞായറാഴ്ചയാക്കിയശേഷം ആദ്യമായി എത്തിയ ഈസ്റ്റർ ആഘോഷമാക്കി വിശ്വാസികൾ. ശനിയാഴ്ച രാത്രി ചടങ്ങുകൾ പൂർത്തിയാക്കിയതിനാൽ ഞായറാഴ്ച കുടുംബത്തോടൊപ്പം ചെലവഴിച്ചും വിനോദകേന്ദ്രങ്ങളിൽ ചെലവഴിച്ചുമായിരുന്നു ഈസ്റ്റർ ആഘോഷം. ചില പള്ളികളിൽ ഞായറാഴ്ചയും ഈസ്റ്റർ ശുശ്രൂഷ നടന്നു. കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതിനാൽ രണ്ടുവർഷത്തെ ഇടവേളക്കുശേഷം ആയിരങ്ങളാണ് ഈസ്റ്ററിനായി പള്ളികളിൽ സമ്മേളിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ ഓൺലൈനിലായിരുന്നു ഭൂരിപക്ഷം വിശ്വാസികളും ചടങ്ങുകൾ കണ്ടത്.
റാസൽഖൈമ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഉയിർപ്പ് ശുശ്രൂഷ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ക്ലിമീസിന്റെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെട്ടു. ദുബൈ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മെത്രാപ്പോലീത്ത മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. അബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രൂഷക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് നേതൃത്വം നൽകി. ഗൾഫിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമായ ദുബൈ സെന്റ് മേരീസ് പള്ളിയിൽ നിരവധി പേർ രാത്രി കുർബാനയിൽ പങ്കെടുത്തു. അബൂദബി മുസഫാ സെന്റ് പോൾസ് കാത്തലിക് പള്ളിയിൽ മലയാളത്തിൽ നടന്ന ഉയിർപ്പ് തിരുനാൾ ശുശ്രൂഷക്ക് ഫാ. വർഗീസ് കോഴിപ്പാടൻ മുഖ്യകാർമികത്വം വഹിച്ചു.
ഷാർജ: ഷാർജ സെന്റ് മേരിസ് ജാക്കോബൈറ്റ് സിറിയൻ സൂനോറോ പാട്രിയർക്കൽ ദേവാലയത്തിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.