ദുബൈ: പ്രകൃതി സൗഹൃദ ഇലക്ട്രിക് ബസുകൾ ദുബൈയുടെ നിരത്തിലിറക്കുന്നതിനു മുന്നോടിയായി പരീക്ഷണ ഓട്ടം നടത്താൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ഇലക്ട്രിക് ബസുകൾ സർവിസ് നടത്തുന്നതിനുള്ള പ്രാരംഭ നടപടികൾ സംബന്ധിച്ച് ആർ.ടി.എയും ആസ്ട്രേലിയൻ ബസ് നിർമാണ കമ്പനിയായ ബസ് ടെക് ഗ്രൂപ്പും തമ്മിൽ ധാരണയായി. പരിസ്ഥിതിസൗഹൃദവും പുകരഹിതവുമായ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തുന്നതിനാണ് ഇരുകക്ഷികളും കരാർ ഒപ്പുവെച്ചത്. ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ, ബസ്ടെക് ഗ്രൂപ് സി.ഇ.ഒ ഡാൻ മാർക്സ് എന്നിവർ കരാറിൽ ഒപ്പുവെച്ചു. ദുബൈയുടെ എല്ലാ ഗതാഗത മാർഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് പരീക്ഷണ ഓട്ടം നടത്തുക.
ഉപയോക്താക്കൾക്ക് മികച്ച യാത്രാനുഭവങ്ങൾ സമ്മാനിക്കുന്നതിന് യാത്രക്കാരിൽനിന്നും ഡ്രൈവർമാരിൽനിന്നും അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം പൊതുഗതാഗത മേഖലയിൽ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ പറഞ്ഞു. പൊതുഗതാഗത മേഖലയിൽ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ ആർ.ടി.എ കൂടുതലായി ഉൾപ്പെടുത്തും. ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജി 2050 മുന്നിൽകണ്ടാണിത്. 2017 മുതൽ ബസ് ടെക്കിന്റെ ബസുകൾ ദുബൈയിൽ സർവിസ് നടത്തുന്നുണ്ട്. അവരുടെ പുതുതലമുറ ബസുകളാണ് ഇനി ആർ.ടി.എ പരീക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.