അബൂദബി: ഇലക്ട്രിക് വാഹനങ്ങളുടെ ലൈസന്‍സിങ് നടപടികള്‍ വേഗത്തിലാക്കുന്നതിനായി അഡ്നോക് വിതരണ കമ്പനിയുമായി സഹകരിച്ച് അബൂദബി പൊലീസ് പുതിയ രണ്ടു ലെയിനുകള്‍ തുറന്നു. മുറൂര്‍ മേഖലയില്‍ അഡ്നോക് വാഹന പരിശോധന കേന്ദ്രത്തിലാണ് ഒരു ലെയിന്‍. മറ്റൊന്ന് അല്‍ഐനിലെ അല്‍ ബതീന്‍ വാഹന പരിശോധന കേന്ദ്രത്തിലാണ്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് എമിറേറ്റില്‍ ജനപ്രീതിയാര്ജിച്ചുവരുന്ന സാഹചര്യത്തിലാണ് ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ പ്രത്യേകം തയാറാക്കിയ ലെയിനുകളില്‍ പരിശോധനക്കെത്തിക്കാന് അവസരമൊരുക്കിയിരിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ ലൈസന്‍സിങ് നടപടികള്‍ വേഗത്തിലാക്കുന്നതിലൂടെ കൂടുതല്‍ പേരെ ശുദ്ധ, ഹരിത ഗതാഗത മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയെന്നതും അധികൃതർ ലക്ഷ്യംവെക്കുന്നുണ്ട്.
ഇലക്ട്രോണിക് വാഹനങ്ങള്‍ക്കായി രാജ്യവ്യാപകമായി ചാര്‍ജിങ് സ്റ്റേഷന് ശൃംഖല സ്ഥാപിക്കുന്നതിനും പുതിയ നിയമനിര്‍മാണത്തിനും യു.എ.ഇ തുടക്കമിട്ടതായി ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്റൂയി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നിലവില്‍ 500 ചാര്‍ജിങ് സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. വരും വര്‍ഷങ്ങളില്‍ ഇത് 800 ആക്കി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.