അബൂദബി: യു.എ.ഇയിലെ സ്വദേശികളും പ്രവാസികളും അടക്കമുള്ള ജനങ്ങൾ പ്രിയരാജ്യത്തിന്റെ 52ാം ദേശീയ ദിനാഘോഷത്തിന് ഒരുങ്ങി. ശനിയാഴ്ച രാജ്യത്താകമാനം ചതുർവർണ പതാകയുടെ വർണമണിയും.
സ്ഥാപനങ്ങളും തെരുവുകളും വീടുകളുമെല്ലാം ദേശീയദിന ആഘോഷത്തിനായി അലങ്കാരങ്ങളും പതാകകളും സ്ഥാപിക്കുന്നതിന് നേരത്തേ തന്നെ തുടക്കമായിരുന്നു. മിക്ക എമിറേറ്റുകളിലും ആഘോഷ പരിപാടികൾക്കും ആഴ്ചകൾക്കുമുമ്പ് തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തവണ കോപ് 28ന് രാജ്യം ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ ഇരട്ടി സന്തോഷത്തോടെയാണ് ദേശീയ ദിനാഘോഷം ഒരുങ്ങുന്നത്. കോപ് 28 വേദിയായ എക്സ്പോ സിറ്റിയിലാണ് ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ നടക്കുന്നത്. സിറ്റിയിലെ ജൂബിലി പാർക്കിൽ രാഷ്ട്ര നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങുകൾ നടക്കും.
ഡിസംബർ അഞ്ചുമുതൽ 12 വരെ ദേശീയ ദിനത്തോടനുബന്ധിച്ച ഷോ കാണാൻ പൊതുജനങ്ങൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. യൂനിയൻ ഡേ വെബ്സൈറ്റിൽ ഇതിന്റെ ടിക്കറ്റ് ലഭ്യമാണ്. ദേശീയ ദിനത്തിന് ഇത്തവണ മൂന്നു ദിവസത്തെ തുടർച്ചയായ അവധിയാണ് സ്വകാര്യ, പൊതു മേഖലകൾക്കുള്ളത്. ശനി, ഞായർ, തിങ്കൾ അവധി കഴിഞ്ഞ് ചൊവ്വാഴ്ചയാണ് സർക്കാർ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുക. അവധിദിനങ്ങളിൽ ആഘോഷം അതിരുവിടരുതെന്ന മുന്നറിയിപ്പ് ആഭ്യന്തര മന്ത്രാലയവും പൊലീസും പുറപ്പെടുവിച്ചിട്ടുണ്ട്.
മാർച്ചുകളും അനുമതിയില്ലാത്ത ഒത്തുചേരലുകളും പാടില്ലെന്നും യു.എ.ഇയുടേത് അല്ലാത്ത പതാകകൾ ഉയർത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം താമസക്കാർ ട്രാഫിക് നിയമങ്ങൾ പാലിക്കുകയും പൊലീസ് നിർദേശങ്ങൾ പാലിക്കുകയും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദിനത്തിൽ രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അവധി ദിവസങ്ങളിൽ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും വിവിധ പരിപാടികളും ദേശീയദിനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്.
ദേശീയദിനാഘോഷ ഭാഗമായി കരിമരുന്ന് പ്രകടനങ്ങളടക്കമുള്ള വമ്പന്‍ പരിപാടികളാണ് ശൈഖ് സായിദ് ഫെസ്റ്റിവല്‍ നഗരിയിൽ അണിയിച്ചൊരുക്കിയിട്ടുള്ളത്. യൂനിയന്‍ പരേഡ്, ഡ്രോണ്‍ പ്രകടനങ്ങള്‍, ജലധാര പ്രകടനങ്ങള്‍, സാംസ്കാരിക, പൈതൃക, വിനോദമേളകള്‍ തുടങ്ങിയവയാണ് ശൈഖ് സായിദ് ഫെസ്റ്റിവല്‍ വേദിയില്‍ അരങ്ങേറുക. ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് നാലു മുതല്‍ പുലര്‍ച്ച ഒന്നു വരെയാണ് ആഘോഷ പരിപാടികള്‍ നടക്കുക. അബൂദബിയിൽ യാസ് ഐലന്റ്, അൽ മർയ ഐലന്റ് എന്നിവിടങ്ങളിലും ദുബൈയിൽ ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലും ഷാർജ അൽ മുദാമിലും അടക്കം വിവിധ സ്ഥലങ്ങളിലും വെടിക്കെട്ടടക്കമുള്ള പരിപാടികൾ വീക്ഷിക്കാനാവും.
യു.എ.ഇ 52ാമത് ദേശീയദിനം ആഘോഷിക്കുമ്പോള്‍, രാഷ്ട്രത്തിന്റെ സ്ഥാപക പിതാക്കന്മാരായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്, ശൈഖ് റാഷിദ് ബിന്‍ സഈദ് ആല് മക്തൂം, ഇപ്പോഴത്തെ ഭരണാധികാരികള്‍ എന്നിവരുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് നന്ദിയറിയിക്കുകയാണ്. വിവിധ മേഖലകളില്‍ മികവിന്റെ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും, അടിസ്ഥാന സൗകര്യങ്ങള്‍, തന്ത്രപരമായ സംരംഭങ്ങള്‍, ബിസിനസ് രംഗത്തിന് എളുപ്പം വളരാവുന്ന പശ്ചാത്തലം എന്നിവ ഒരുക്കി സമാനതകളില്ലാത്ത മുന്നേറ്റം പ്രകടിപ്പിക്കുന്ന ഒരു ആഗോള നേതൃരാജ്യമായി യു.എ.ഇ വളര്‍ന്നു. മികവ്, അനുകമ്പ, പ്രവേശനക്ഷമത എന്നിവ അടിസ്ഥാനമാക്കിയുളള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ആരോഗ്യ സേവനങ്ങള്‍ നല്‍കിക്കൊണ്ട്, ഈ യാത്രയുടെ ഭാഗമാകാന്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിനും സാധിച്ചു.
ഈ സുപ്രധാന അവസരത്തില്‍, യു.എ.ഇക്കും രാജ്യത്തെ ജനങ്ങള്‍ക്കും ഞങ്ങള്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഒരുമയോടെ പ്രവര്‍ത്തിച്ച് കൂടുതല്‍ നേട്ടങ്ങളും കൂട്ടായ വളര്‍ച്ചയും ഇനിയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആരോഗ്യകരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു ഭാവിയിലേക്കുള്ള പാതയും അത് നമുക്ക് തുറന്നുനല്‍കുന്നു -ഡോ. ആസാദ് മൂപ്പന്,(സ്ഥാപകൻ, ചെയര്മാന്,ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍)
ഈ മഹത്തായ രാഷ്ട്രത്തെ നല്ല ഭരണത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും വളർച്ചയുടെയും പ്രതീകമാക്കി മാറ്റിയതിന് യു.എ.ഇയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെയും അതിന്റെ ചലനാത്മക ജനതയെയും ഈ സുന്ദരമായ അവസരത്തിൽ ഞാൻ അഭിനന്ദിക്കുകയാണ്. ഈ വളർച്ചയിൽ ഭാഗമാകാൻ സാധിച്ചതിൽ ഓരോ താമസക്കാരനും അഭിമാനിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട യു.എ.ഇ സമാധാനത്തിന്റെയും നവീകരണത്തിന്റെയും സമൃദ്ധിയുടെയും മാതൃകയായി തുടരട്ടെ. യു.എ.ഇ ദേശീയ ദിനാശംസകൾ -ജോയ് ആലുക്കാസ്,(ജോയ് ആലുക്കാസ്ഗ്രൂപ്പ് ചെയർമാൻ)
ആഗോള ശക്തികൾക്കിടയിൽ യു.എ.ഇയുടെ അതുല്യമായ ഉയർച്ച, എല്ലാ പ്രതികൂല സാഹചര്യങ്ങളിലും മുന്നേറാനും നമ്മുടേതായ വളർച്ചയുടെ ഒരു ഇടം കണ്ടെത്താനും പ്രചോദിപ്പിക്കുന്നതാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മുഴുവൻ അന്താരാഷ്ട്ര പ്രവർത്തനങ്ങളും യു.എ.ഇ കേന്ദ്രീകരിച്ചാണ് ഏകോപിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തിലെ ആറാമത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലറിലേക്കുള്ള ഞങ്ങളുടെ വളർച്ചയിൽ ഈ രാജ്യത്തിന്റെ അനുകൂലമായ ബിസിനസ് അന്തരീക്ഷവും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. യു.എ.ഇയുടെ 52ാമത് യൂനിയൻ ദിനാഘോഷ വേളയിൽ, ഈ മഹത്തായ രാഷ്ട്രത്തിന്റെ മുന്നേറ്റങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയാണ്. ഈ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ പ്രതിബദ്ധത പുലർത്തുന്ന ധിഷണാശാലികളായ ഭരണനേതൃത്വത്തിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു -ഷംലാൽ അഹമ്മദ്,(ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്)
യു.എ.ഇ വെറുമൊരു സ്ഥലമല്ല, മറിച്ച് അതിനെ നമ്മുടേതാക്കി മാറ്റുന്നത് സ്വപ്നങ്ങളുടെയും സൗഹൃദങ്ങളുടെയും പങ്കിട്ട നിമിഷങ്ങളുടെയും മനോഹാരിതയാണ്. ഈ രാജ്യം യൂനിയൻ ദിനം ആചരിക്കുമ്പോൾ നേട്ടങ്ങളും പുരോഗതിയും ആഘോഷിക്കുക മാത്രമല്ല, നമ്മൾ ഉണ്ടാക്കിയ ബന്ധങ്ങളെയും കൈമാറ്റം ചെയ്ത പുഞ്ചിരികളെയും വിജയങ്ങളിലും വെല്ലുവിളികളിലും നൽകിയ പിന്തുണയെയും വിലമതിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ യൂനിയൻ ദിനം ഐക്യത്തിന്റെ ശക്തിയെയും നാനാത്വത്തിന്റെ സൗന്ദര്യത്തെയും ഓർമപ്പെടുത്തുന്നതായിരിക്കട്ടെ. നമുക്ക് ഒരുമിച്ച് പങ്കിടാൻ പുഞ്ചിരിയും ഒരുമിച്ചെഴുതാൻ മനോഹരമായ അധ്യായങ്ങളും ഇനിയുമുണ്ട്. അഭിമാനവും ആത്മഹർഷവും നിറഞ്ഞ സന്തോഷകരമായ യൂനിയൻ ദിനം ആശംസിക്കുന്നു -ഡോ. ശരീഫ് അബ്ദുൽഖാദർ (ചെയർമാൻ, എ.ബി.സി കാർഗോ ആൻഡ് കൊറിയർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.