ദുബൈ: ആകാശങ്ങൾ കീഴടക്കിയതിന് പിന്നാലെ സമുദ്രവും കൈയടക്കാൻ എമിറേറ്റ്സ് ഒരുങ്ങുന്നുവെന്ന വാർത്തകൾ വെള്ളിയാഴ്ച മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചിരിച്ചിരുന്നു. എമിറേറ്റ്സ് സീലൈൻ എന്ന അത്യാഡംബര കപ്പലുമായി എമിറേറ്റ്സ് എത്തുമെന്നായിരുന്നു വാർത്ത. കപ്പലിന്‍റെ പരീക്ഷണയോട്ടം ദുബൈ ജുമൈറയിൽ നടന്നതിന്‍റെ ചിത്രവുമുണ്ടായിരുന്നു. എന്നാൽ, ഇത് ഏപ്രിൽ ഫൂൾ പറ്റിക്കലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എമിറേറ്റ്സ് അധികൃതർ.
വെള്ളിയാഴ്ച എമിറേറ്റ്സിന്റെ സാമൂഹിക മാധ്യമ പേജുകളിലും വെബ്സൈറ്റിലുമാണ് പുതിയ കപ്പലിന്‍റെ പ്രഖ്യാപനം നടന്നത്. ജൂൺ 31ന് ബുക്കിങ് തുടങ്ങുമെന്നായിരുന്നു വിവരം. എന്നാൽ, ജൂൺ മാസത്തിൽ 30 ദിവസം മാത്രമേയുള്ളൂവെന്ന് ഓർക്കാതെയാണ് പലരും ഈ വാർത്ത നൽകിയത്. 1985ൽ എമിറേറ്റ്സ് വിമാന സർവീസ് ആരംഭിച്ചപ്പോൾ ആദ്യ യാത്ര നടത്തിയ പാകിസ്താനിലെ കറാച്ചിയിലേക്കായിരിക്കും കന്നി യാത്രയെന്നും പറഞ്ഞിരുന്നു. യൂറോപ്പും യു.എസും അടക്കം വിവിധ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുമെന്നും മണിക്കൂറിൽ 50 നോട്ടിക്കിൽ വേഗതയിൽ കുതിക്കുമെന്നുമെല്ലാം എമിറേറ്റ്സ് അറിയിച്ചിരുന്നു.
എമിറേറ്റ്സിന് പുറമെ ബാസ്കിൻ റോബിൻസ്, മക്ഡൊണാൾഡ്സ്, ഹെയ്ന്സ്, നൂൺ അടക്കമുള്ള സ്ഥാപനങ്ങളുടെ പേരിലും പറ്റിക്കൽ അരങ്ങേറിയിരുന്നു. മാധ്യമ സ്ഥാപനമായ ലൗവിൻ ദുബൈയെ ട്വിറ്റർ മേധാവി ഇലോൺ മസ്ക് സ്വന്തമാക്കിയെന്നും പ്രചാരണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.