ഷാർജ: അറബ് നാടിന്റെ സാസ്കാരിക തലസ്ഥാനമായ ഷാർജ വേദിയായ ആദ്യ എമിറേറ്റ്സ് പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന് വൻ ജനപങ്കാളിത്തം. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ എക്സ്പോ സെന്റർ ഷാർജ സംഘടിപ്പിച്ച എക്സിബിഷൻ, അറബ് അത്തറിന്റെയും പശ്ചിമേഷ്യയിലെ പ്രീമിയം ബ്രാൻഡുകളുടെയും സംഗമവേദിയായിരുന്നു. 500-ലധികം പ്രാദേശിക, പ്രാദേശിക, ആഗോള ബ്രാൻഡുകളുടെ പ്രദർശനമാണ് മേളയിലുണ്ടായിരുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബ്രാൻഡുകൾ മുതൽ യുവ സംരംഭകർ വരെ അണിനിരന്നപ്പോൾ മേഖലയിലെ വ്യത്യസ്തമായ ‘സുഗന്ധമേള’യായി അടയാളപ്പെടുത്താൻ പരിപാടിക്ക് സാധിച്ചു. സന്ദർശകർക്ക് ഏറ്റവും പുതിയ പെർഫ്യൂം ഉൽപ്പന്നങ്ങളും മികച്ച ഊദ് ഇനങ്ങളും വാങ്ങാനുള്ള അവസരം മേളയിലുണ്ടായിരുന്നു.
എമിറേറ്റ്സ് പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ വിജയത്തിന്റെ ഉദാഹരണമാണ് സന്ദർശകരുടെ എണ്ണത്തിലുണ്ടായ വൻ വർധനവെന്ന് എക്സ്പോ സെന്റർ ഷാർജ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു. പെർഫ്യൂം ഉൽപ്പാദനവും വാണിജ്യവും മെച്ചപ്പെടുത്തുന്നതിനും കമ്പനി ഉടമകളെയും ജീവനക്കാരെയും പ്രോൽസാഹിപ്പിക്കുന്നതിനും വിൽപന വർധിപ്പിക്കുന്നതിനും മേള സഹായിച്ചു. അതോടൊപ്പം യുവ സംരംഭകർക്കും ചെറുകിട-ഇടത്തരം സ്ഥാപന ഉടമകൾക്കും അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാൻ വേദിയൊരുക്കാനും സാധിച്ചു -അൽ മിദ്ഫ കൂട്ടിച്ചേർത്തു. എക്സിബിഷൻ തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ വൈകു. 3മണി മുതൽ രാത്രി 10.30 വരെയും, ശനി, ഞായർ ദിവസങ്ങളിൽ ഉച്ച 12 മുതൽ 10.30 വരെയുമാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.