അബൂദബിയിലെ ഗാഫ് മരങ്ങൾ

അബൂദബിയിലെ വൃക്ഷങ്ങളുടെ എണ്ണമെടുക്കാൻ സമഗ്ര പദ്ധതിയുമായി പരിസ്ഥിതി ഏജൻസി

അബൂദബി: പ്രകൃതിയിലും ആവാസവ്യവസ്ഥകളിലും വളരുന്നതും നിലനിൽപ്പിനു ഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളുടെ എണ്ണമെടുക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രപദ്ധതിക്ക് അബൂദബി പരിസ്ഥി ഏജൻസി തലസ്ഥാന എമിറേറ്റിൽ തുടക്കംകുറിച്ചു. മനുഷ്യ പ്രയത്‌നത്തിലൂടെയും ഉപഗ്രഹ ഇമേജ് വിശകലനം ചെയ്തുമുള്ള ഡ്യുവൽ പ്രോഗ്രാം വഴി നമ്പറിങ് നടപടിക്രമങ്ങൾ അബൂദബിയിൽ നടപ്പാക്കും. യു.എ.ഇയിലെ സ്വാഭാവിക കാലാവസ്ഥയിൽ വളരുന്ന ഗാഫ്, സമർ മരങ്ങൾ ഉൾപ്പെടെ പൈതൃക മൂല്യമുള്ള പ്രധാന പ്രാദേശിക വൃക്ഷങ്ങളുടെ എണ്ണമെടുക്കും.

അൽ ഐനിലെ ജബൽ ഹഫീത് ദേശീയോദ്യാനത്തിൽനിന്നാണ് പരിപാടി ആരംഭിക്കുക.കഠിനമായ ചൂടനുഭവപ്പെടുന്ന മരുഭൂമിയിൽപോലും പച്ചയായി തുടരുന്ന വൃക്ഷമാണ്​ ഗാഫ്​. മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും നിലനിൽപ്പിന് ഈ വൃക്ഷം അത്യന്താപേക്ഷിതമാണ്. യു.എ.ഇയിലെ മരുഭൂമിയിൽ സ്ഥിരതയുടെയും സമാധാനത്തി​െൻറയും ചരിത്രപരവും സാംസ്‌കാരികവുമായ ചിഹ്നമായാണ് യു.എ.ഇയുടെ ദേശീയ വൃക്ഷമായ ഗാഫ് കണക്കാക്കുന്നത്.

കാലാവസ്ഥ വ്യതിയാനങ്ങൾ, നിയമവിരുദ്ധമായി മനുഷ്യരുടെ കടന്നുകയറ്റം, അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ കൈയേറ്റം എന്നിവ പ്രദേശങ്ങളിലെ വൃക്ഷങ്ങളുടെ ആവാസവ്യവസ്ഥക്ക് തടസ്സമുണ്ടാക്കുന്നു. ആദ്യ ഘട്ടമായി പാർക്കിലെ വൃക്ഷങ്ങളുടെ എണ്ണമെടുക്കും. വർഷാവസാനത്തോടെ എമിറേറ്റിലുടനീളമുള്ള 1,500 ഗാഫ് മരങ്ങൾ പ്രത്യേകം രൂപകൽപന ചെയ്ത മെറ്റൽ പാനലുകളാൽ സംരക്ഷിക്കും.

പ്രാദേശിക വൃക്ഷങ്ങളെ നിയമവിരുദ്ധ കൈയേറ്റങ്ങളിൽനിന്ന് സംരക്ഷിക്കാനാണ്​ പദ്ധതി നടപ്പാക്കുന്നതെന്ന് അബൂദബി പരിസ്ഥിതി ഏജൻസി അറിയിച്ചു. പ്രാദേശിക വൃക്ഷങ്ങളുടെ ദീർഘകാല സംരക്ഷണ പദ്ധതികൾ വികസിപ്പിക്കുന്നതിന് അതോറിറ്റി ആരംഭിക്കുന്ന പ്രധാന പരിപാടികളിൽ ഒന്നാണ് നശിക്കാത്ത വൃക്ഷങ്ങളുടെ എണ്ണമെടുപ്പ്.

എല്ലാ ഗാഫ്, സമർ മരങ്ങളുടെയും പ്രാദേശിക വ്യാപനം പ്രത്യേകം രേഖപ്പെടുത്തും. ഉപഗ്രഹ ഇമേജ് വിശകലനം ചെയ്ത് ഓരോ വൃക്ഷങ്ങളുടെയും എണ്ണം പൂർത്തിയാക്കും.ഏരിയൽ ഇമേജ് സർവേകളിലൂടെ നിരീക്ഷിച്ച വൃക്ഷങ്ങളുടെ എണ്ണം അതോറിറ്റി പരിശോധിച്ചു. പ്രാദേശിക തലങ്ങളിൽ ആദ്യമായാണ് സൈറ്റ് അധിഷ്ഠിത ഇൻവെൻററിയിലൂടെ ഏകദേശം 1,00,000 കാട്ടുമരങ്ങളുടെ രജിസ്‌ട്രേഷൻ നടത്തിയത്.

മരങ്ങളിൽ തിരിച്ചറിയൽ നമ്പർ ഘടിപ്പിക്കുകയും ഇലക്ട്രോണിക് നമ്പറുമായി ബന്ധിപ്പിക്കുകയും ചെയ്യും. മെറ്റൽ പ്ലേറ്റുകളിൽ മരങ്ങളുടെ ആരോഗ്യസ്ഥിതി, സ്​റ്റാറ്റസ് രജിസ്‌ട്രേഷൻ എന്നിവയും രേഖപ്പെടുത്തും. അബൂദബി എമിറേറ്റിൽ ഗാഫ്, സമർ വൃക്ഷങ്ങളുടെ എണ്ണം ഏകദേശം 1,00,000 എന്നാണ് കണക്കാക്കുന്നത്. 1999 ലെ യു.എ.ഇ ഫെഡറൽ നിയമം 24 പ്രകാരം കാട്ടുചെടികൾ മുറിക്കുകയോ പിഴുതുമാറ്റുകയോ നിയമവിരുദ്ധമായി ശേഖരിക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.

അബൂദബി പരിസ്ഥിതി ഏജൻസിയുടെ പ്ലാൻറ് നഴ്‌സറിയിൽ നിലവിൽ ഗാഫ് മരം ഉൾപ്പെടെ 58 ഇനം നാടൻ കാട്ടുചെടികളുടെ വിത്തുകൾ സൂക്ഷിക്കുന്നു. 2008 ൽ ഗാഫ് വൃക്ഷം യു.എ.ഇയുടെ ദേശീയവൃക്ഷമായി പ്രഖ്യാപിച്ചു. പരമ്പരാഗതമായി ഗാഫ് വൃക്ഷങ്ങളുടെ ഇലകളും കായ്കളും മൃഗങ്ങൾക്ക് ഭക്ഷണമായി നൽകുന്നു. ഈ വൃക്ഷം ഔഷധങ്ങൾക്കായും ഉപയോഗിക്കുന്നു.

Tags:    
News Summary - Environmental Agency with a comprehensive plan to count the number of trees in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 04:45 GMT