അബു 

14 ാം വയസ്സിൽ പ്രവാസം; 60ാം വയസ്സിൽ അബുവിന്​ മടക്കം

അബൂദബി: 14ാം വയസ്സിൽ പ്രവാസം തുടങ്ങിയ കൊണ്ടോട്ടി കാടപ്പടി വടക്കൻ അബു 60ാം വയസ്സിൽ പ്രവാസം മതിയാക്കി നാട്ടിലേക്ക്​ മടങ്ങുന്നു. 1984 ഏപ്രിൽ 14നാണ് ബോംബെയിൽ നിന്ന് അയൽവാസിയായ പി.കെ. മുഹമ്മദ് ബാവ അബൂദബിയിൽ ആരംഭിച്ച ഹോട്ടലിലെ മുഖ്യ പാചകക്കാരനായി അബുവിനെ കൊണ്ടുവന്നത്. അന്നു മുതൽ ദല്ലാസ് ഹോട്ടലിലെത്തുന്നവർക്ക് ബാവയുടെ കൈപ്പുണ്യത്തി​െൻറ രുചി ഇഷ്​ടമായതിനാൽ തുടർച്ചയായി ഇത്രയും കാലം ഒരേ സ്ഥലത്തുതന്നെ ജോലി തുടർന്നു.

അഞ്ചാം ക്ലാസുവരെയാണ് സ്‌കൂളിൽ പോയത്. നാട്ടുകാരനായ മുഹമ്മദാണ് 14ാം വയസ്സിൽ ബോംെബയിലെ വി.ടി. ബസാറിലെ ഹോട്ടലിലേക്ക് കൊണ്ടുപോയത്. അവിടെനിന്ന്​ പാചകം പഠിച്ചു. 23ാം വയസ്സിൽ അബൂദബിയിലെത്തി. അബൂദബി നഗരത്തിലെ നാദിസിയ ഭാഗത്തെ ഹോട്ടലിൽ 1200 ദിർഹം ശമ്പളത്തിനാണ് ജോലി ആരംഭിച്ചത്.

ഇപ്പോൾ 3000 ദിർഹമായി ശമ്പളം വർധിച്ചെങ്കിലും ജോലി അന്നും ഇന്നും പാചകം. ജ്യേഷ്ഠൻ റഷീദിനെ അബു ഈ ഹോട്ടലിൽ ജോലിക്കായി കൊണ്ടുവന്നു. 16 വർഷം കൂടെ ജോലി ചെയ്‌തെങ്കിലും 10 വർഷം മുമ്പ് റഷീദ് ജോലി മതിയാക്കി മടങ്ങി.

മക്കളായ ബുഷറ, നജ്‌ല, അസ്മിയ എന്നിവരെ വിവാഹം കഴിച്ചയച്ചു. മകൻ റഫീഖ് ഷാർജയിലെ കമ്പനിയിൽ ജോലി ചെയ്യുന്നു. നാട്ടിലെത്തി ഭാര്യ ഖദീജക്കും ഉമ്മ ഫാത്തിമക്കും മക്കൾക്കും ഒമ്പത് പേരക്കുട്ടികൾക്കുമൊപ്പം സന്തോഷമായി കഴിയണമെന്നാണ്​ ആഗ്രഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 02:36 GMT