ദുബൈ: പ്രവാസി ക്വാറന്‍റീൻ ഒഴിവാക്കുക (#RevokePravasiQuarantine) എന്ന ഹാഷ് ടാഗിൽ ട്വിറ്ററിൽ കാമ്പയിൻ. പ്രവാസികളും നാട്ടിലുള്ളവരുമടക്കം കാമ്പയിൻ ഏറ്റെടുത്തതോടെ നൂറുകണക്കിനാളുകളാണ് ട്വിറ്ററിൽ പ്രതിഷേധ പോസ്റ്റ് ഇട്ടിരിക്കുന്നത്. നാട്ടിലെത്തുന്ന പ്രവാസികൾ ഏഴ് ദിവസം ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശത്തിനെതിരെയാണ് കാമ്പയിനിൽ പ്രതിഷേധമിരമ്പുന്നത്. പ്രവാസികൾക്കായി ക്വാറന്‍റീൻ നിർദേശം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ എടപ്പാൾ പാലം ഉദ്ഘാടനത്തിന് സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ തന്നെ ആയിരങ്ങൾ തടിച്ചുകൂടിയതോടെയാണ് പ്രവാസികൾ പ്രതിഷേധം കടുപ്പിച്ചത്.
ദിവസവും ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന് ലക്ഷക്കണക്കിനാളുകൾ എത്തുന്നുണ്ടെന്നും ഇവരിൽ ഒരു ശതമാനത്തിന് പോലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ലെന്നും അതിന്‍റെ പേരിൽ എല്ലാവർക്കും ക്വാറന്‍റീൻ ഏർപെടുത്തുന്നത് നീതീകരിക്കാനാവില്ലെന്നും ട്വിറ്റർ പോസ്റ്റുകളിൽ പറയുന്നു. കോവിഡ് ആദ്യം പടർന്നുപിടിച്ച സമയത്ത് പ്രവാസികളെ ദ്രോഹിച്ച സർക്കാരുകൾ ഒമിക്രോണിന്‍റെ പേരിലും പ്രവാസി ദ്രോഹ നടപടികൾ തുടരുകയാണെന്ന് ചിലർ കുറ്റപ്പെടുത്തുന്നു. കോവിഡിനെ പ്രതിരോധിക്കാൻ കടുത്ത നടപടികളെടുക്കുന്നു എന്ന് വരുത്തിതീർക്കാനാണ് പ്രവാസികളെ ബലിയാടാക്കുന്നത് എന്നാണ് ചില ട്വീറ്റുകളിൽ പറയുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ കുറ്റപ്പെടുത്തിയാണ് ട്വീറ്റുകൾ പറക്കുന്നത്. അതേസമയം, എടപ്പാൾ പാലം ഉദ്ഘാടനത്തിന് ആയിരങ്ങൾ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്താണ് ചിലരുടെ പ്രതിഷേധം. പ്രവാസി ഭാരതീയ ദിവസിന്‍റെ പ്രത്യേകതയെന്താണെന്നും ഈ ദിവസം പോലും പ്രവാസികളെ ദ്രോഹിക്കുകയാണെന്നും ചില ട്വീറ്റുകളിലുണ്ട്. വീഡിയോകളും ആനിമേഷനും കാർട്ടൂണുകളും പങ്കുവെച്ചും പ്രതിഷേധിക്കുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്ര ആരോഗ്യ മന്ത്രാലയം, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവരെ ടാഗ് ചെയ്താണ് കാമ്പയിൻ നടക്കുന്നത്.
വിദേശത്തുനിന്ന് നാട്ടിലെത്തുന്നവർക്ക് ഏഴ് ദിവസമാണ് ക്വാറന്‍റീൻ ഏർപെടുത്തിയിരിക്കുന്നത്. ഏഴ് ദിവസത്തിന് ശേഷം ടെസ്റ്റ് നടത്തി ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും സർക്കാർ നിർദേശമുണ്ട്.
ദുബൈ: പ്രവാസികൾക്ക് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ പ്രവാസികളെ ദ്രോഹിക്കുന്നതുമാണെന്നും ഇതില്‍ പ്രതിഷേധിക്കുന്നുവെന്നും ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. യു.എ.ഇയില്‍നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ മൂന്ന് ഡോസ് വാക്സിന് സ്വീകരിച്ചു കഴിഞ്ഞവരാണ്. ടെസ്റ്റ് ഫലങ്ങള്‍ നെഗറ്റിവായവരോടാണ് വീണ്ടും ഒരാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന തലതിരിഞ്ഞനയം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്ക് നാട്ടിലെത്തുന്നവര്‍ക്ക് നിബന്ധനകളും നാട്ടിലുള്ളവര്‍ക്ക് അതൊന്നുമില്ലെന്നതും അനീതിയല്ലാതെ മറ്റെന്താണ്. കുറച്ചുകാലമായി പ്രവാസികളെ ദ്രോഹിച്ചുകൊണ്ടിരിക്കുകയും സാമ്പത്തികമായി കൊള്ളയടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സമീപനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്ന് ദുബൈ കെ.എം.സി.സി ഭാരവാഹികളായ ഹുസൈനാര് ഹാജി എടച്ചാക്കൈ, മുസ്തഫ തിരൂര്‍, പി.കെ. ഇസ്മായില്‍, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ദുബൈ: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ ഏഴുദിവസത്തെ ക്വാറന്‍റീൻ തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് ഷാർജ ഐ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഇത്തരം സമീപനങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നും പ്രസിഡന്റ് ഹനീഫ് തുരുത്തി, ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ എന്നിവർ ആവശ്യപ്പെട്ടു..
ദുബൈ: പ്രവാസികൾക്ക് മാത്രമായുള്ള ക്വാറന്‍റീൻ പ്രഹസനം പിൻവലിക്കണമെന്ന് ബെസ്റ്റ് ഫ്രണ്ട്സ് എൻ.ആർ.എസ് കോട്ടിക്കുളം യു.എ.ഇ കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടിൽ നടക്കുന്ന ജാഥകൾ, സമ്മേളനങ്ങൾ പൊതുപരിപാടികൾ എന്നിവക്കൊന്നും നിയന്ത്രണമില്ലാതെ ചുരുങ്ങിയ അവധിക്ക് പല കാര്യങ്ങൾക്കായി നെഗറ്റിവ് റിസൽട്ടുമായി നാട്ടിൽ വരുന്ന പ്രവാസികളെ ദുരിതത്തിലാക്കുന്ന നടപടികളാണ് സർക്കറിന്റേത്. ഇത് പിൻവലിക്കണമെന്ന് ഭാരവാഹികളായ അബൂബക്കർ കുറുക്കൻകുന്ന്, ഉബൈദ്, അബ്ദുറഹ്മാൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.