ദുബൈ: നാട്ടിൽ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുേമ്പാൾ തന്നെ പ്രവാസ ലോകത്തും നെഞ്ചിടിപ്പുയരും. തദ്ദേശമായാലും ലോക്സഭയായാലും നിയമസഭയായാലും പ്രവാസ ലോകത്ത് അതിെൻറ ചലനങ്ങളുണ്ടാവും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അവധി എടുക്കുന്നവർക്കും കുറവൊന്നുമില്ല.
എന്നാൽ, ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമല്ല. നാട്ടിലെ ക്വാറൻറീനും തിരിച്ചെത്തിയാലുള്ള അനിശ്ചിതാവസ്ഥയുമെല്ലാം പലരെയും ഒരുപരിധിവരെ പിന്നോട്ടുവലിച്ചിട്ടുണ്ട്. എങ്കിലും, പ്രവാസി മുറികളിൽ ചർച്ചയും പ്ലാനിങ്ങുമെല്ലാം കൊഴുക്കുന്നുമുണ്ട്.പ്രവാസികൾക്ക് വളരെയേറെ മാനസിക അടുപ്പമുള്ള തെരഞ്ഞെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്.
അടുത്തറിയുന്നവരും പഴയ പ്രവാസികളും മത്സരിക്കുന്നതിനാൽ നാട്ടിലെ ഓരോ നീക്കവും അപ്പോൾ തന്നെ വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്ന് അവർ ഒപ്പിയെടുക്കുന്നു. സോഷ്യൽ മീഡിയ ചർച്ചകളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടമായി നാട്ടിലെത്തിയ പ്രവാസികളും മത്സരത്തിനിറങ്ങുന്നുണ്ട്. ഇവർക്കെല്ലാം സമൂഹ മാധ്യമത്തിലൂടെ പിന്തുണയർപ്പിക്കുകയാണ് ഇത്തവണ പ്രവാസലോകം.
സാധാരണ ഓരോ തെരഞ്ഞെടുപ്പിനും ഗൾഫ് നാടുകളിൽനിന്ന് 'പ്രത്യേക' വിമാനങ്ങൾ പറക്കാറുണ്ട്. നാട്ടിലെത്തുക, വോട്ട് ചെയ്യുക, അടുത്ത ദിവസം തിരിച്ചുവരുക... ഇതായിരുന്നു ഈ വിമാനങ്ങളുടെ പ്രത്യേകത. ഒരു വിമാനം നിറയെ വോട്ടർമാരുമായി പറന്ന ചരിത്രങ്ങൾ പോലും ഗൾഫ് നാടുകളിലുണ്ട്. നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകളാണ് ഈ വോട്ടർമാരുടെ യാത്ര സ്പോൺസർ ചെയ്തിരുന്നത്. നാട്ടിൽ പോകാൻ കാത്തുനിന്നവർക്ക് പാർട്ടിക്കാരുടെ വക യാത്രക്ക് അവസരം ലഭിച്ചിരുന്നതും ഇതുവഴിയായിരുന്നു. എന്നാൽ, ഇക്കുറി ഈ വോട്ടർ വിമാനങ്ങൾ ഉണ്ടാവില്ല. നാട്ടിലെ ക്വാറൻറീനാണ് പ്രധാന വില്ലൻ. കേരളത്തിൽ ഏഴുദിവസം ഹോം ക്വാറൻറീൻ നിർബന്ധമാണ്.
ഇതിനുശേഷം പരിശോധിച്ച് കോവിഡ് നെഗറ്റിവ് ഫലം വന്നാൽ മാത്രമേ പുറത്തിറങ്ങാനും വോട്ട് ചെയ്യാനും കഴിയൂ. പരിശോധനയും ഫലം കാത്തിരിപ്പുമെല്ലാമായി 10 ദിവസം വീടിനുള്ളിൽ ഇരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതാണ് പ്രവാസികളെ പിന്നോട്ടുവലിക്കുന്നത്. തെരഞ്ഞെടുപ്പടുക്കുേമ്പാൾ കേരള സർക്കാർ ക്വാറൻറീൻ ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണവർ. തിരിച്ച് ഗൾഫിലെത്തുേമ്പാൾ ജോലി ഉണ്ടാവുമോ എന്ന ആശങ്കയും പല പ്രവാസികൾക്കുമുണ്ട്. അബൂദബിയിലും ദുബൈയിലും മടങ്ങിയെത്തുന്നവർക്ക് ഐ.സി.എ, ജി.ഡി.ആർ.എഫ്.എ അനുമതി ആവശ്യമാണ്. ചില സമയങ്ങളിൽ അനുമതി കിട്ടാൻ വൈകുന്നതും പ്രവാസികളെ 'മിന്നൽ' യാത്രയിൽനിന്ന് പിന്തിരിപ്പിക്കുന്നു.
നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകൾ വോട്ടുറപ്പിക്കാനുള്ള ശ്രമം സജീവമായി നടത്തുന്നുണ്ട്. നാട്ടിൽ പോകാൻ സാധ്യതയുള്ളവരെ നേരിൽ കണ്ടും നാട്ടിലെത്തിയവരെ ഫോണിൽ വിളിച്ചുമാണ് വോട്ടുപിടിത്തം.
യു.ഡി.എഫ് സംഘടനകളായ കെ.എം.സി.സി, ഇൻകാസ്, ഇടതുപക്ഷ സംഘടനയായ ഒാർമ എന്നിവരാണ് മുന്നിൽ. പലരും ഇവിടെ ഓൺലൈൻ കൺവെൻഷനുകൾ ചേരുന്നുണ്ട്. നാട്ടിലെ പാർട്ടികൾക്ക് ട്രോളുണ്ടാക്കി കൊടുക്കുന്നതിലും പ്രവാസികൾ സജീവമാണ്.സ്വർണക്കടത്ത് കേസും പാലാരിവട്ടം പാലവുമെല്ലാം ഇപ്പോൾ പ്രവാസികൾകൂടി ഏറ്റെടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.