ദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികൾ രണ്ടാഴ്ച പിന്നിടുമ്പോൾ പുതുജീവിതം നേടിയത് നൂറുകണക്കിന് പ്രവാസികൾ. വിസ രേഖകൾ നിയമവിധേയമാക്കിയവരിൽ 80 ശതമാനവും രാജ്യം വിടാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) കണ്ടെത്തിയത്.
സ്വന്തം രാജ്യത്തേക്ക് തിരികെ പോകുന്നതിന് പകരം പ്രവാസം തുടരാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ് പൊതുമാപ്പ് പ്രഖ്യാപനം. ദുബൈയിലെ അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ 4000 തൊഴിൽ അഭിമുഖങ്ങളാണ് നടന്നത്.
ഇതിൽ 58 പേർക്ക് അവരുടെ യോഗ്യത അനുസരിച്ച് വിവിധ കമ്പനികളിൽ ജോലി ലഭിച്ചു. 22 കമ്പനികളാണ് നിലവിൽ തൊഴിൽ നൽകാൻ സന്നദ്ധമായി മുന്നോട്ടുവന്നിട്ടുള്ളത്. 80ലധികം കമ്പനികൾ ഈ പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
എക്സിറ്റ് പെർമിറ്റ് നേടി നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവർക്ക് വിവിധ വിമാന കമ്പനികളുമായി ചേർന്ന് സൗജന്യ നിരക്കിൽ ടിക്കറ്റ് നേടാനുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് പുരോഗമിക്കുകയാണ്. നിരവധി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും സൗജന്യമായി എയർ ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
എല്ലാ എമിറേറ്റിലും സന്നദ്ധ സംഘടനകൾ പൊതുമാപ്പ് ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. അബൂദബിയിൽ ഇന്ത്യൻ എംബസി നേരിട്ടാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. ദുബൈ കോൺസുലും ഈ രംഗത്ത് ആവശ്യമായ സഹായങ്ങൾ നൽകിവരുകയാണ്. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ വിസ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോകാനാകാതെ യു.എ.ഇയിൽ അനധികൃതമായി താമസിക്കുന്നുണ്ട്.
അസുഖങ്ങൾ മൂലവും വിസ തട്ടിപ്പിൽ അകപ്പെട്ടുമാണ് ഭൂരിഭാഗം പേരും പ്രയാസപ്പെടുന്നത്. പുതിയ ജീവനക്കാരുടെ സ്ഥിരത ഉറപ്പാക്കാനും പ്രഫഷനൽ വിജയം കൈവരിക്കാൻ അവരെ പ്രാപ്തരാക്കാനുമായി നടപ്പാക്കുന്ന പരിശീലനവും വികസനപരിപാടികളും ജോലി ലഭിക്കുന്നവർക്ക് ഉറപ്പാക്കുമെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ അറിയിച്ചിരിക്കുകയാണ്.
ട്രാൻസ്പോർട്ടേഷൻ, നിർമാണ മേഖല, ലോജിസ്റ്റിക് സർവിസ്, റസ്റ്റാറന്റ്, പാക്കേജിങ് അടക്കമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് സ്റ്റാറ്റസ് റെഗുലറൈസേഷൻ ഇനിഷ്യേറ്റിവുമായി സഹകരിച്ചുവരുന്നത്. ദുബൈയിലെ 86 ആമർ സെന്ററുകളിലും അൽ അവീറിലുള്ള ജി.ഡി.ആർ.എഫ്.എ പൊതുമാപ്പ് കേന്ദ്രങ്ങളിലും സേവനങ്ങൾ ലഭ്യമാണ്.
ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയും വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ 12 വരെയും തുടർന്ന് നാലു മുതൽ എട്ടു വരെയുമാണ് പ്രവർത്തനസമയം. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സേവനങ്ങളും ആമർ സെന്ററുകൾ കൈകാര്യം ചെയ്യും.
ബയോമെട്രിക് ഫിംഗർപ്രിന്റ് (എമിറേറ്റ്സ് ഐഡി ഉടമകൾ) ഉള്ളവർക്ക് ഡിപ്പാർച്ചർ പെർമിറ്റ് നൽകുകയും ചെയ്യും. അൽ അവീർ സെന്റർ അംഗീകൃത വിരലടയാള സൗകര്യവും രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് ഔട്ട്പാസ് പെർമിറ്റും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.