നാല്​ മാസം പ്രായമുള്ള പല്ലവിയുമായി ഷാർജയിലേക്ക്​ തിരിക്കുന്ന അജയ്​ കുമാറും തൻവിയും

കുഞ്ഞു പല്ലവിയെത്തി; അമ്മയുടെ നെഞ്ചിലെ തീയണഞ്ഞു

ദുബൈ: അത്രമേൽ വൈകാരികമായിരുന്നു ആ കൂടിക്കാഴ്​ച. പിറന്നുവീണ്​ മൂന്നാം മാസത്തിൽ അവളെ നാട്ടിലാക്കി വിമാനം കയറിയതാണ്​ ചിഞ്ചു അജയ്​ എന്ന കോഴിക്കോട്ടുകാരി. മഹാമാരി തീർത്ത യാത്രാവിലക്കുകൾ വിലങ്ങുതടിയായപ്പോൾ ഒരുമാസമായി അമ്മയും കുഞ്ഞും ഇരുകരയിലായി. ഒരുമാസം നീണ്ട പരിശ്രമങ്ങൾക്കും നൊമ്പരങ്ങൾക്കും പ്രാർഥനകൾക്കുമൊടുവിൽ യു.എ.ഇ ഭരണകൂടത്തി​െൻറ മാനുഷീക പരിഗണനയുടെ ആനുകൂല്യത്തിൽ നാല്​ മാസം പ്രായമുള്ള പല്ലവി വീണ്ടും അമ്മയുടെ ചാരത്തണഞ്ഞു.

ഷാർജ വിമാനത്താവളത്തിലായിരുന്നു അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക സംഗമം നടന്നത്​. നാല്​ മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൂടെയില്ലാതെ വിമാനത്തിൽ എത്തിച്ച് പിതാവ്​ അജയ്​ കുമാറും ഫാമിലി റീ യൂനിയന്​ സാക്ഷിയായി.

ഏപ്രിൽ ഒമ്പതിനാണ്​ ദുബൈ ഹെൽത്ത്​ അതോറിറ്റിയിലെ നഴ്​സായ ചിഞ്ചു അജയ്​കുമാറി​ന്​ ഇളയ കുഞ്ഞ്​ പല്ലവി പിറന്നത്​. പ്രസവത്തിന്​ ശേഷം കുഞ്ഞുമായി ദുബൈയിലേക്ക്​ തിരി​ക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ഏപ്രിൽ 24 മുതൽ യാത്രാവിലക്ക്​ തുടങ്ങി. ജൂലൈ 12ന്​ നഴ്​സുമാർക്കായി ഏർപെടുത്തിയ പ്രത്യേക ചാർട്ടർ വിമാനത്തിൽ പല്ലവിക്ക്​ ദുബൈയിലേക്ക്​ തിരിക്കേണ്ടി വന്നു. പല്ലവിയെയും മൂത്തമകൾ ആറ്​ വയസുകാരി തൻവിയെയും നാട്ടിൽ അമ്മാമ്മയെ ഏൽപിച്ചായിരുന്നു യാത്ര.

ഭർത്താവ്​ അജയ്​ കുമാറും ദുബൈയിലായതിനാൽ കുഞ്ഞുങ്ങളെ എങ്ങിനെയെങ്കിലും ഇവിടെയെത്തിക്കണമെന്ന ആഗ്രഹമായിരുന്നു മനസിൽ. ദുബൈയിലെത്തിയത്​ മുതൽ അതിനായുള്ള ശ്രമങ്ങൾ തുടങ്ങി. ഒരുമാസമായി ഉറക്കം നഷ്​ടപ്പെട്ടിട്ട്​. പലവിധ തടസങ്ങളായിരുന്നു മുന്നിൽ. മാനുഷീക പരിഗണന വിഭാഗത്തിൽപെടുത്തി കുഞ്ഞുങ്ങളെ ദുബൈയിലെത്തിക്കാൻ കഴിയുമെന്നറിഞ്ഞതിനെ തുടർന്ന്​ ആ വഴിക്കും ശ്രമം തുടങ്ങി. അങ്ങിനെയാണ്​ ദേര ട്രാവൽസ്​ ജനറൽ മാനേജർ ടി.പി. സുധീഷുമായി ബന്ധപ്പെട്ടത്​. സുധീഷ്​ വഴിയായിരുന്നു കുഞ്ഞി​െൻറ വിസ, ടിക്കറ്റ്​, തൻവിയുടെ ജി.ഡി.ആർ.എഫ്​.എ എന്നിവയെല്ലാം ശരിയാക്കിയത്​. ഇ- റസിഡൻസി വിസയെടുത്തായിരുന്നു യാത്രാ സൗകര്യമൊരുക്കിയത്​.

ഇളംപൈതലുമായി വിമാനത്തിൽ:

കുഞ്ഞുങ്ങളുമായി വിമാനത്തിൽ കയറാൻ അമ്മമാർക്ക്​ പോലും ആശങ്കയാണ്​. കുഞ്ഞുങ്ങൾ കരച്ചിൽ നിർത്താത്തതിനെ തുടർന്ന്​ വിമാനം തിരിച്ചിറക്കിയ സംഭവങ്ങൾ വരെയുണ്ട്​. പക്ഷെ, അജയ്​ കുമാറിന്​ ഈ യാത്ര ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. അമ്മ കൂടെയില്ലാത്ത കുഞ്ഞ്​ കരഞ്ഞാൽ എന്ത്​ ചെയ്യുമെന്ന ചോദ്യം പലതവണ ഉയർന്നിരുന്നു. കുഞ്ഞിനെ കൊണ്ടുവരാൻ ആഗസ്​റ്റ്​ പത്തിനാണ്​ അജയ്​ നാട്ടിലേക്ക്​ പുറപ്പെട്ടത്​. ഞായറാഴ്​ച പുലർച്ച ഒന്നിന്​ കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്ന്​ എയർ അറേബ്യ വിമാനത്തിലായിരുന്നു മടക്കയാത്ര. മൂത്തമകൾ തൻവിയും ഒപ്പമുണ്ടായിരുന്നു.

വിമാനത്താവളത്തിലുള്ളവരും എയർ അറേബ്യ ജീവനക്കാരും മികച്ച സഹകരണമാണ്​ നൽകിയത്​. ചിഞ്ചുവി​െൻറ അമ്മ വിമാനത്താവളത്തിന്​ പുറത്ത്​ തന്നെയുണ്ടായിരുന്നു. വിമാനം പുറപ്പെടുന്നത്​ വരെ കുഞ്ഞിനെ അമ്മാമ്മയെ ഏൽപിക്കാൻ അധികൃതർ അനുവാദം നൽകി. അതിനാൽ, ബോർഡിങ്​ പാസ്​ എടുത്ത ശേഷം പല്ലവിയെ അമ്മാമ്മയുടെ കൈയിൽ തിരിച്ചേൽപിച്ചു. 12.15നാണ്​ അമ്മാമ്മയിൽ നിന്ന്​ കുഞ്ഞിനെ വാങ്ങിയത്​. വിമാനത്തിൽ കയറിയതും കുഞ്ഞ്​ കരച്ചിൽ തുടങ്ങി. പലരും കുട്ടിയുടെ അമ്മയെവിടെ എന്ന്​ ചോദ്യമുന്നയിച്ചു. എയർ അറേബ്യയുടെ രണ്ട്​ എയർഹോസ്​റ്റസുമാരും ആവശ്യമായ സഹായം ചെയ്​തു. വിരോധമില്ലെങ്കിൽ കുഞ്ഞിനെ ഞങ്ങൾ നോക്കാമെന്നും അവർ പറഞ്ഞു. അവർ നൽകിയ ചൂടുവെള്ളത്തിൽ പാൽപൊടി കലക്കി കൊടുത്ത ശേഷം വിമാനത്തിനുള്ളിലൂടെ കുറച്ച്​ സമയം നടന്നപ്പോൾ അവൾ ഉറങ്ങി. ഷാർജയിൽ എത്താറായപ്പോഴാണ്​ കുഞ്ഞ്​ ഉണർന്നത്​. വിമാനത്താവളത്തിലും നടപടികൾ വേഗത്തിലാക്കാൻ അധികൃതർ സഹായിച്ചു. നിറകണ്ണുകളുമായി വിമാനത്താവളത്തിന്​ പുറത്ത് ചിഞ്ചുവും കാത്തുനിൽക്കുന്നുണ്ടായിരുന്നു.

Tags:    
News Summary - finally four months old Pallavi and her mother got together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 02:26 GMT