കുഞ്ഞു പല്ലവിയെത്തി; അമ്മയുടെ നെഞ്ചിലെ തീയണഞ്ഞു
text_fieldsദുബൈ: അത്രമേൽ വൈകാരികമായിരുന്നു ആ കൂടിക്കാഴ്ച. പിറന്നുവീണ് മൂന്നാം മാസത്തിൽ അവളെ നാട്ടിലാക്കി വിമാനം കയറിയതാണ് ചിഞ്ചു അജയ് എന്ന കോഴിക്കോട്ടുകാരി. മഹാമാരി തീർത്ത യാത്രാവിലക്കുകൾ വിലങ്ങുതടിയായപ്പോൾ ഒരുമാസമായി അമ്മയും കുഞ്ഞും ഇരുകരയിലായി. ഒരുമാസം നീണ്ട പരിശ്രമങ്ങൾക്കും നൊമ്പരങ്ങൾക്കും പ്രാർഥനകൾക്കുമൊടുവിൽ യു.എ.ഇ ഭരണകൂടത്തിെൻറ മാനുഷീക പരിഗണനയുടെ ആനുകൂല്യത്തിൽ നാല് മാസം പ്രായമുള്ള പല്ലവി വീണ്ടും അമ്മയുടെ ചാരത്തണഞ്ഞു.
ഷാർജ വിമാനത്താവളത്തിലായിരുന്നു അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക സംഗമം നടന്നത്. നാല് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൂടെയില്ലാതെ വിമാനത്തിൽ എത്തിച്ച് പിതാവ് അജയ് കുമാറും ഫാമിലി റീ യൂനിയന് സാക്ഷിയായി.
ഏപ്രിൽ ഒമ്പതിനാണ് ദുബൈ ഹെൽത്ത് അതോറിറ്റിയിലെ നഴ്സായ ചിഞ്ചു അജയ്കുമാറിന് ഇളയ കുഞ്ഞ് പല്ലവി പിറന്നത്. പ്രസവത്തിന് ശേഷം കുഞ്ഞുമായി ദുബൈയിലേക്ക് തിരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ഏപ്രിൽ 24 മുതൽ യാത്രാവിലക്ക് തുടങ്ങി. ജൂലൈ 12ന് നഴ്സുമാർക്കായി ഏർപെടുത്തിയ പ്രത്യേക ചാർട്ടർ വിമാനത്തിൽ പല്ലവിക്ക് ദുബൈയിലേക്ക് തിരിക്കേണ്ടി വന്നു. പല്ലവിയെയും മൂത്തമകൾ ആറ് വയസുകാരി തൻവിയെയും നാട്ടിൽ അമ്മാമ്മയെ ഏൽപിച്ചായിരുന്നു യാത്ര.
ഭർത്താവ് അജയ് കുമാറും ദുബൈയിലായതിനാൽ കുഞ്ഞുങ്ങളെ എങ്ങിനെയെങ്കിലും ഇവിടെയെത്തിക്കണമെന്ന ആഗ്രഹമായിരുന്നു മനസിൽ. ദുബൈയിലെത്തിയത് മുതൽ അതിനായുള്ള ശ്രമങ്ങൾ തുടങ്ങി. ഒരുമാസമായി ഉറക്കം നഷ്ടപ്പെട്ടിട്ട്. പലവിധ തടസങ്ങളായിരുന്നു മുന്നിൽ. മാനുഷീക പരിഗണന വിഭാഗത്തിൽപെടുത്തി കുഞ്ഞുങ്ങളെ ദുബൈയിലെത്തിക്കാൻ കഴിയുമെന്നറിഞ്ഞതിനെ തുടർന്ന് ആ വഴിക്കും ശ്രമം തുടങ്ങി. അങ്ങിനെയാണ് ദേര ട്രാവൽസ് ജനറൽ മാനേജർ ടി.പി. സുധീഷുമായി ബന്ധപ്പെട്ടത്. സുധീഷ് വഴിയായിരുന്നു കുഞ്ഞിെൻറ വിസ, ടിക്കറ്റ്, തൻവിയുടെ ജി.ഡി.ആർ.എഫ്.എ എന്നിവയെല്ലാം ശരിയാക്കിയത്. ഇ- റസിഡൻസി വിസയെടുത്തായിരുന്നു യാത്രാ സൗകര്യമൊരുക്കിയത്.
ഇളംപൈതലുമായി വിമാനത്തിൽ:
കുഞ്ഞുങ്ങളുമായി വിമാനത്തിൽ കയറാൻ അമ്മമാർക്ക് പോലും ആശങ്കയാണ്. കുഞ്ഞുങ്ങൾ കരച്ചിൽ നിർത്താത്തതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയ സംഭവങ്ങൾ വരെയുണ്ട്. പക്ഷെ, അജയ് കുമാറിന് ഈ യാത്ര ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. അമ്മ കൂടെയില്ലാത്ത കുഞ്ഞ് കരഞ്ഞാൽ എന്ത് ചെയ്യുമെന്ന ചോദ്യം പലതവണ ഉയർന്നിരുന്നു. കുഞ്ഞിനെ കൊണ്ടുവരാൻ ആഗസ്റ്റ് പത്തിനാണ് അജയ് നാട്ടിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച പുലർച്ച ഒന്നിന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് എയർ അറേബ്യ വിമാനത്തിലായിരുന്നു മടക്കയാത്ര. മൂത്തമകൾ തൻവിയും ഒപ്പമുണ്ടായിരുന്നു.
വിമാനത്താവളത്തിലുള്ളവരും എയർ അറേബ്യ ജീവനക്കാരും മികച്ച സഹകരണമാണ് നൽകിയത്. ചിഞ്ചുവിെൻറ അമ്മ വിമാനത്താവളത്തിന് പുറത്ത് തന്നെയുണ്ടായിരുന്നു. വിമാനം പുറപ്പെടുന്നത് വരെ കുഞ്ഞിനെ അമ്മാമ്മയെ ഏൽപിക്കാൻ അധികൃതർ അനുവാദം നൽകി. അതിനാൽ, ബോർഡിങ് പാസ് എടുത്ത ശേഷം പല്ലവിയെ അമ്മാമ്മയുടെ കൈയിൽ തിരിച്ചേൽപിച്ചു. 12.15നാണ് അമ്മാമ്മയിൽ നിന്ന് കുഞ്ഞിനെ വാങ്ങിയത്. വിമാനത്തിൽ കയറിയതും കുഞ്ഞ് കരച്ചിൽ തുടങ്ങി. പലരും കുട്ടിയുടെ അമ്മയെവിടെ എന്ന് ചോദ്യമുന്നയിച്ചു. എയർ അറേബ്യയുടെ രണ്ട് എയർഹോസ്റ്റസുമാരും ആവശ്യമായ സഹായം ചെയ്തു. വിരോധമില്ലെങ്കിൽ കുഞ്ഞിനെ ഞങ്ങൾ നോക്കാമെന്നും അവർ പറഞ്ഞു. അവർ നൽകിയ ചൂടുവെള്ളത്തിൽ പാൽപൊടി കലക്കി കൊടുത്ത ശേഷം വിമാനത്തിനുള്ളിലൂടെ കുറച്ച് സമയം നടന്നപ്പോൾ അവൾ ഉറങ്ങി. ഷാർജയിൽ എത്താറായപ്പോഴാണ് കുഞ്ഞ് ഉണർന്നത്. വിമാനത്താവളത്തിലും നടപടികൾ വേഗത്തിലാക്കാൻ അധികൃതർ സഹായിച്ചു. നിറകണ്ണുകളുമായി വിമാനത്താവളത്തിന് പുറത്ത് ചിഞ്ചുവും കാത്തുനിൽക്കുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.