ദുബൈ: 25 ലക്ഷം ദിർഹമിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിച്ച കമ്പനി ഡയറക്ടറെ ദുബൈ അപ്പീൽ കോടതി വെറുതെവിട്ടു. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഡയറക്ടർക്കെതിരെ പരാതി നൽകിയത്. തുടർന്ന് ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതിയെ ഒരു മാസത്തെ ജയിൽ ശിക്ഷക്കും 25 ലക്ഷം ദിർഹം പിഴ അടക്കാനും വിധിച്ചു.
ശിക്ഷക്കു ശേഷം പ്രതിയെ നാടു കടത്താൻ ഉത്തരവിട്ട കോടതി സിവിൽ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യാനും കമ്പനിയെ അനുവദിച്ചിരുന്നു. ഇതിനെതിരെ പ്രതി സമർപ്പിച്ച ഹരജിയിലാണ് ദുബൈ അപ്പീൽ കോടതി കഴിഞ്ഞ ദിവസം അനുകൂലമായി വിധി പ്രസ്താവിച്ചത്.
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതിന് പ്രതിക്കെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം കോടതിയെ ബോധിപ്പിക്കുകയായിരുന്നു. പർച്ചേസ് ഓർഡറുകളോ സപ്ലൈ, റിസീപ്റ്റ് ബോണ്ടുകളോ പുറത്തിറക്കുന്നതുൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ ഇദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായിരുന്നില്ല. അത്തരം ചുമതലകൾ എക്സിക്യൂട്ടിവ് ഡയറക്ടർക്കായിരുന്നു.
അതോടൊപ്പം ഒരു അക്കൗണ്ടിങ് വിദഗ്ധൻ കേസ് പേപ്പറുകളും രേഖകളും അവലോകനം ചെയ്യണമെന്നും ആരോപണങ്ങളിൽ കമ്പനി ഡയറക്ടറുടെ പങ്ക് വിശദീകരിക്കണമെന്നും പ്രതിഭാഗം അഭ്യർഥിച്ചു. തുടർന്ന് കേസിന്റെ രേഖകൾ പരിശോധിക്കാനായി ഒരു അക്കൗണ്ട് ഓഫിസറെ ചുമതലപ്പെടുത്താനും കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം അക്കൗണ്ടിങ് ഓഫിസർ സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് കോടതി ഡയറക്ടർ കുറ്റക്കാരനല്ലെന്ന് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.