ദുബൈ: യു.എ.ഇയിൽ വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ ഈടാക്കാനുള്ള നിയമം പരിഗണനയിൽ. ജനങ്ങൾ ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം കൈകാര്യംചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവിനനുസരിച്ച് പിഴ ഈടാക്കാനാണ് തീരുമാനമെന്ന് ഫുഡ് ലോസ് ആൻഡ് വേസ്റ്റ് സംരംഭമായ ‘നിഅ്മ’ (അനുഗ്രഹം) സെക്രട്ടറി ജനറൽ ഖുലൂദ് ഹസൻ അൽ നുവൈസ് പറഞ്ഞു.
രാജ്യത്ത് പാഴാക്കപ്പെടുന്ന ഭക്ഷണത്തിന്റെ അളവ് വലിയ ‘ആശങ്കയുളവാക്കുന്നതാണ്. പ്രതിവർഷം രാജ്യത്ത് ഏതാണ്ട് 600 കോടി ദിർഹമിന്റെ ഭക്ഷ്യവസ്തുക്കൾ പാഴാക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. 2020ലെ ഭക്ഷ്യ സുസ്ഥിരത സൂചികപ്രകാരം പ്രതിവർഷം രാജ്യത്ത് ഒരാൾ 224 കിലോ ഭക്ഷണവസ്തുക്കളാണ് പാഴാക്കുന്നത്. യൂറോപ്പിനെയും വടക്കേ അമേരിക്കയെയും താരതമ്യംചെയ്യുമ്പോൾ യു.എ.ഇയിൽ പാഴാക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ അളവ് രണ്ടിരട്ടിയാണ്. ‘ഭക്ഷണം പാഴാക്കുന്നവർക്ക് ഉടൻ പിഴ ചുമത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
പക്ഷേ, അതു വൈകാതെ നിലവിൽവരും. വെള്ളവും വൈദ്യുതിയും പോലെ നിങ്ങൾ എത്ര മാലിന്യം സൃഷ്ടിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഫീസ് അടക്കാൻ തുടങ്ങിയാൽ മാത്രമേ നിങ്ങൾ എത്രമാത്രം ഭക്ഷണം പാഴാക്കുന്നു എന്നതിനെക്കുറിച്ച് ബോധവാന്മാരാകാൻ തുടങ്ങൂ’- നുവൈസ് വ്യക്തമാക്കി
വിതരണ ശൃംഖലയിലുടനീളം ഭക്ഷ്യവസ്തുക്കളുടെ നഷ്ടവും പാഴാക്കലും കുറക്കാൻ ലക്ഷ്യമിട്ട് ഗവൺമെന്റ് ഏജൻസികൾ, സ്വകാര്യ മേഖലകൾ, സർക്കാർ ഇതര സംഘടനകൾ, വിവിധ സാമൂഹിക കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെ 2020 മാർച്ചിലാണ് ‘നിഅ്മ’ സംരംഭത്തിന് തുടക്കമിടുന്നത്. 2023ഓടെ ദേശീയ തലത്തിൽ പാഴാക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ അളവ് 50 ശതമാനം കുറക്കുകയായിരുന്നു ലക്ഷ്യം.
യു.എ.ഇയുടെ ആതിഥ്യമര്യാദ പുതിയ സംരംഭത്തിന് വലിയ പിന്തുണ നൽകുന്ന ഒരു ഘടകമാണ്. ഭക്ഷ്യ അരക്ഷിതാവസ്ഥയും വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ആയിരങ്ങൾ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിൽ ആഗോള തലത്തിൽ പലയിടങ്ങളിലും ഭക്ഷണം പാഴാക്കുന്നതിൽ നിഅ്മ സംരംഭത്തിന്റെ മേധാവി എന്ന നിലയിൽ വലിയ ആശങ്കയുണ്ട്. ആഗോളതലത്തിൽ ദശലക്ഷങ്ങൾ പോഷകാഹാരക്കുറവും വിശപ്പും നേരിടുമ്പോൾ വലിയ തോതിൽ ഭക്ഷണം പാഴാക്കപ്പെടുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. ഈ വിഷയത്തിൽ മനുഷ്യത്വത്തിന് മുൻഗണന നൽകുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.
കൃഷിയിടങ്ങൾ മുതൽ വിപണിവരെ വിതരണ മേഖലകളിൽ ഭക്ഷ്യവസ്തുക്കളുടെ പാഴാക്കലിനുള്ള കാരണം വിലയിരുത്തുകയാണ് ആദ്യത്തെ നടപടി. ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, വീടുകൾ, സൂപ്പർ മാർക്കറ്റുകൾ, മറ്റ് മേഖലകൾ എന്നിവിടങ്ങളിൽ എങ്ങനെയാണ് ഭക്ഷണം പാഴാകുന്നതെന്ന് വിവരം ശേഖരിക്കുകയാണ് പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. എന്നാൽ, നിർഭാഗ്യവശാൽ അടുത്തിടെവരെ അത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീടുകളാണ് ഭക്ഷണം പാഴാക്കുന്ന കാര്യത്തിൽ വലിയ കുറ്റവാളികൾ. ശരാശരി 60 ശതമാനത്തോളം ഭക്ഷണമാലിന്യങ്ങളാണ് വീടുകളിൽ നിന്ന് പുറന്തള്ളപ്പെടുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ ഭക്ഷണം പാഴാക്കുന്നതിൽ ജനങ്ങളെ ബോധവത്കരിക്കും. ജനങ്ങളുടെ ചിന്താഗതിയിലാണ് ആദ്യം മാറ്റം വരേണ്ടതെന്നും അൽ നുവൈസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.