ദുബൈ: യു.എ.ഇയിലെ ഇന്ത്യക്കാരായ തൊഴിലാളികൾക്കായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ് പ്രഖ്യാപിച്ച ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ 5500 തൊഴിലാളികൾ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ എക്സ്ട്രാ കോ ഗ്രൂപ് ഓഫ് കമ്പനികളിലെ തൊഴിലാളികൾക്ക് ലൈഫ് ഇൻഷുറൻസ് സ്കീമിൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ ഗർഗാഷ് ഇൻഷുറൻസുമായി ചേർന്ന് പൂർത്തിയാക്കിയതായി കോൺസുലേറ്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
സ്വാഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികളുടെ അവകാശികൾക്ക് നിലവിൽ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന സാഹചര്യത്തിൽ കഴിഞ്ഞ മാർച്ചിലാണ് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ലൈഫ് പ്രൊട്ടക്ഷൻ പ്ലാൻ എന്ന പേരിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. 37 ദിർഹം മുതൽ 72 ദിർഹം വരെ വാർഷിക പ്രീമിയം നൽകി പദ്ധതിയിൽ അംഗമാകാം. 37 ദിർഹം പ്രീമിയം അടക്കുന്നവർക്ക് 35,000 ദിർഹവും 50 ദിർഹം പ്രീമിയം അടക്കുന്നവർക്ക് 50,000 ദിർഹവും ആനുകൂല്യം ലഭിക്കുന്നതാണ് പദ്ധതി. 72 ദിർഹത്തിന്റെ പദ്ധതിയിൽ 75,000 ദിർഹമാണ് ആനുകൂല്യം. അതോടൊപ്പം സ്വാഭാവിക മരണമായാലും അപകടമരണമായാലും മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം വരെയുള്ള ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കും.
അംഗവൈകല്യമുണ്ടാക്കുന്ന അപകടങ്ങൾക്കും ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. 18 മുതൽ 70 വയസ്സുവരെയുള്ള തൊഴിലാളികൾക്ക് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. തൊഴിലാളികൾക്കായി കമ്പനികൾക്കും തൊഴിലുടമകൾക്കും മാത്രമാണ് നിലവിൽ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ അവസരം. വ്യക്തിപരമായി പദ്ധതിയിൽ അംഗമാകാനാവില്ല.
കൂടുതൽ വിവരങ്ങൾക്ക് lifeprotect@gargashinusurance.com എന്ന ഇ-മെയിൽ വിലാസത്തിലോ 0527172944/0526167787 എന്ന നമ്പറുകളിലോ ബന്ധപ്പെടാം. 35 ലക്ഷം ഇന്ത്യക്കാർ യു.എ.ഇയിൽ തൊഴിൽ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 65 ശതമാനം പേരും ബ്ലൂ കോളർ തൊഴിലാളികളാണ്. യു.എ.ഇയിലെ ഏറ്റവും വലിയ തൊഴിൽ വിഭാഗമാണിത്. 2022ൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ 1750 മരണ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഏകദേശം 1100 പേർ തൊഴിലാളികളാണ്. 2023ൽ ആകെ രജിസ്റ്റർ ചെയ്ത 1513 മരണങ്ങളിൽ 1000 എണ്ണം തൊഴിലാളികളുടെതാണ്. ഇതിൽ 90 ശതമാനത്തിലധികവും മരണകാരണം സ്വാഭാവികമാണെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.