ദുബൈ: പ്രവാസകാലത്ത് സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ച് പടുത്തുയർത്തിയ വീട്ടിൽ ഒരുദിനം പോലും താമസിക്കാൻ അനുവദിക്കാതെയാണ് റിജേഷിനെയും ജിഷിയെയും അഗ്നിഗോളങ്ങൾ തട്ടിയെടുത്തത്. ആഗ്രഹങ്ങൾക്കുമേൽ വിധിയുടെ കരിനിഴൽ വീണപ്പോൾ മലപ്പുറം കണ്ണമംഗലം ചേരൂരിലെ പണിതീരാറായ വീട്ടിലേക്ക് നിശ്ചല ശരീരങ്ങളായാണ് അവർ എത്തുന്നത്.
ഒരുപതിറ്റാണ്ടിലേറെ പ്രവാസികളായ റിജേഷും ജിഷിയും 11 വർഷം മുമ്പാണ് വിവാഹിതരായത്. മക്കളില്ലാത്ത ഇവർ വീടെന്ന സ്വപ്നം പൂർത്തീകരിച്ചത് അടുത്തിടെയാണ്. ചെറിയ മിനുക്കുപണികൾക്കുശേഷം വിഷുവിന് ഗൃഹപ്രവേശം നടത്താനുള്ള ഒരുക്കത്തിലായിരുന്നു.
എന്നാൽ, ചില കാരണങ്ങളാൽ വിഷുവിന് നാട്ടിലേക്ക് പോകാൻ കഴിയാതെവന്നു. എങ്കിലും വൈകാതെ ഗൃഹപ്രവേശനം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. സെപ്റ്റംബറിലാണ് ബന്ധുവിന്റെ വിവാഹത്തിനായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു റിജേഷെന്ന് പിതൃസഹോദര പുത്രനും ദുബൈയിൽ പ്രവാസിയുമായ വിബീഷ് പറയുന്നു. അടുത്തിടെകൂടി കണ്ട റിജേഷിന്റെ മരണത്തിന്റെ ഞെട്ടലിൽനിന്ന് വിബീഷ് ഇപ്പോഴും മോചിതനായിട്ടില്ല. കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്റെ സജീവ പ്രവർത്തകനായിരുന്നു.
പാർട്ടി കുടുംബത്തിൽനിന്ന് വന്ന റിജേഷ് സാമൂഹിക സേവനങ്ങളിലും രംഗത്തുണ്ടായിരുന്നു. രാഹുൽ ഗാന്ധി ദുബൈയിൽ എത്തിയപ്പോൾ ജിഷിയുമൊത്ത് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ പരിപാടിയിലേക്ക് പ്രവർത്തകരെ എത്തിക്കുന്നതിലും സജീവപങ്കാളിത്തം വഹിച്ചു. ദേരയിലെ ഡ്രീംലൈൻ ട്രാവൽസിലെ ജീവനക്കാർക്കും അടുത്തുള്ള സ്ഥാപനങ്ങളിലുള്ളവർക്കും റിജേഷിനെക്കുറിച്ച് പറയാൻ നല്ല വർത്തമാനങ്ങൾ മാത്രമാണ്.
ദുബൈ ക്രസന്റ് സ്കൂളിലെ അധ്യാപികയായിരുന്ന ജിഷി കഴിഞ്ഞ മാസമാണ് വുഡ്ലം പാർക്ക് സ്കൂളിലേക്ക് മാറിയത്. വിദ്യാർഥികളുടെയും സ്കൂൾ ജീവനക്കാരുടെയും പ്രിയപ്പെട്ട ടീച്ചറായിരുന്നു. അഞ്ച് വർഷത്തോളം ക്രസന്റ് സ്കൂളിലായിരുന്നു. ഇംഗ്ലീഷ് അധ്യാപികയായിരുന്നു ജിഷി പ്രൈമറി കുട്ടികൾക്കായിരുന്നു ക്ലാസെടുത്തിരുന്നത്. സംഭവസമയത്ത് രണ്ടുപേരും ഉറക്കത്തിലായിരുന്നു എന്നാണ് പറയുന്നത്. വിഷു ആയതിനാൽ റിജേഷ് ഓഫിസിൽ പോയിരുന്നില്ല. ശനിയാഴ്ചയായതിനാൽ ജിഷിയുടെ സ്കൂളും അവധിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.