തീരങ്ങളുടെ നുപുര ധ്വനികൾ

അറബ് സംസ്കൃതിയുടെ തലസ്ഥാനമായ ഷാര്‍ജയുടെ വളര്‍ച്ചയുടെ ഓരോ ചുവടിലും കടലലകളുടെ ആഴമേറിയ പ്രാര്‍ഥനകളുണ്ട്. മലയാളക്കരയുടെ വളര്‍ച്ചയുടെ ആദ്യപടവുകളില്‍ കാത് ചേര്‍ത്തുവെച്ചാല്‍ ഈ പ്രാര്‍ഥന വ്യക്തമായി കേള്‍ക്കാമെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ആഴ്ചകള്‍ നീണ്ട പത്തേമാരി യാത്രയില്‍ ബാക്കിവന്ന പ്രാണന്‍റെ കിതപ്പുകളെ മലയാളി ഇറക്കി വെച്ചത് ഷാര്‍ജയുടെ തുറമുഖ നഗരമായ ഖോര്‍ഫക്കാനിലായിരുന്നു. കടലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അടയാള പാറകള്‍ക്ക് സമീപത്തായി നങ്കുരമിട്ട പത്തേമാരിയില്‍നിന്ന് നീന്തി വന്ന മലയാളികളെ രണ്ടുകൈയും നീട്ടി സ്വീകരിച്ചതും പിന്നീട് ജീവിതത്തോടും മരണത്തോടും മല്ലിട്ട് കരക്കെത്തിയവർക്ക് ആവി പറക്കുന്ന ഭക്ഷണവും തലചായ്ക്കാന്‍ തണലും മാറ്റിയുടുക്കാന്‍ ഉടുപ്പും നല്‍കിയത് പറങ്കികളെ അടിച്ചോടിച്ച കരുത്തുള്ള ഖോര്‍ഫക്കാന്‍ നിവാസികളായിരുന്നു.

ഷാര്‍ജയുടെ തീരങ്ങളില്‍ ഏറെ പ്രാധാന്യമുണ്ട് അജ്മാനോട് ചേര്‍ന്ന് കിടക്കുന്ന ഫിഷ്ത്ത് കോര്‍ണീഷിന്.  കച്ചവടങ്ങളിലൂടെ ലോകത്തെ ഷാര്‍ജയുമായി വിളക്കി ചേര്‍ത്തത് ഈ തീരമാണ്. പ്രശസ്തമായ ഖാലിദ് തുറമുഖം ഇവിടെയാണ്.

ഫിഷ്ത്ത് ബീച്ചിനെ വൈവിധ്യങ്ങളുടെ വര്‍ണങ്ങള്‍കൊണ്ട് കടഞ്ഞെടുത്തിരിക്കുകയാണ് സാംസ്കാരിക നഗരം. പുല്‍മേടുകളും പൂച്ചെടികളും പൂങ്കാറ്റും അഴക് വിരിക്കുന്ന നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും അല്‍ മുന്‍തസ റോഡും സന്ദര്‍കര്‍ക്ക് കടല്‍ കാഴ്ചകള്‍ ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങളും മനോഹരമാണ്. വ്യായാമത്തിനും വിശ്രമത്തിനുമായി ഇവിടെ എത്തുന്നത് നൂറുകണക്കിന് പേരാണ്. അരികത്തുകൂടി ഒരു കാറ്റു കടന്നുപോയാല്‍ അതിന്‍റെ ചങ്കേലസ് കിലുങ്ങുന്ന ശബ്ദം വ്യക്തമായി കേള്‍ക്കണമെന്ന വിധത്തിലാണ് റോഡിനെയും തീരത്തെയും വേര്‍തിരിച്ചത്. ഓരോ പാതകളെയും വ്യത്യസ്ത വര്‍ണത്തില്‍ ചാലിച്ചിരിക്കുന്നു. ടെലിഫോണ്‍ ബൂത്തുകളില്‍ പോലും അഴക് കിനിയുന്നത് കാണാം.

കുടുംബങ്ങളുടെ എക്കാലത്തെയും ഇഷ്ടമാണ് ഫിഷ്ത്ത് കോര്‍ണീഷ്. ഇറച്ചി ചുടല്‍, ഹുക്ക എന്നിവ തീരമേഖലയില്‍ അനുവദിക്കാത്തതും തീരത്തിന്‍റെ ശാന്തതയും ശാലീനതയും കുടുംബങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. ഖാലിദ് തുറമുഖത്തിന് എതിര്‍ ഭാഗത്തെ ബീച്ചിലിരുന്നാല്‍ കപ്പലുകള്‍ ചരക്കുമായി പോകുന്നത് കാണാം. കവികളേറെ ജീവിച്ചിരുന്ന അല്‍ ഹിറ പ്രദേശം ബീച്ചിന് വിളിപ്പാടകലെയാണ്. യു.എ.ഇയുടെ നാടോടി കാവ്യ ശാഖയായ മുന്‍ഷിദും നബാത്തിയും പിറന്നത് ഈ തീരത്താണ്. സ്നേഹാര്‍ദ്ര വാക്കുകള്‍കൊണ്ട് ഷാര്‍ജയെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയവരില്‍ മുബാറക് അല്‍ ഒകൈലി (1880-1954), സേലം ബിന്‍ അലി അല്‍ ഉവൈസ് (1887-1959), അഹമ്മദ് ബിന്‍ സുലൈം (1905-1976) എന്നിവരെ ആധുനിക ഷാര്‍ജ ഇന്നും വായിക്കുന്നു.

അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇവരുടെ പുസ്തകങ്ങള്‍ എത്തുന്നു. ഖല്‍ഫാന്‍ മുസബ (1923-1946), ഷാര്‍ജയുടെ മുന്‍ ഭരണാധികാരി ശൈഖ് സാഖര്‍ അല്‍ ഖാസിമി (1925-1993), സുല്‍ത്താന്‍ ബിന്‍ അലി അല്‍ ഉവൈസ് (1925-2000) എന്നിവരാണ് യു.എ.ഇയിലെ ഈ ഗണത്തിലുള്ള മറ്റ് മൂന്ന് കവികള്‍. ഹീറ ഗ്രൂപ് എന്നറിയപ്പെടുന്ന മൂന്ന് കവികള്‍ ഷാര്‍ജയിലെ അല്‍ഹീറ ഗ്രാമത്തിലാണ് വളര്‍ന്നതും ലോകത്തോളം പടര്‍ന്നതും. മില്യന്‍സ് കവി എന്നറിയപ്പെടുന്ന ഏറ്റവും വലിയ നബാത്തി കവിത മത്സരങ്ങളിലൊന്ന് 2006 മുതല്‍ യു.എ.ഇയില്‍ നടന്നുവരുന്നു, ഇത് ഒരു റിയാലിറ്റി ടി.വി ഷോയായി പ്രക്ഷേപണം ചെയ്യുന്നു. യു.എ.ഇയുടെ ആദ്യത്തെ നബാത്തി അക്കാദമി 2008 ലാണ് സ്ഥാപിച്ചത്.

ഷാർജയുടെ തീരങ്ങളിലെല്ലാം തന്നെ കലകൾ പൂത്തുലയുന്നു. ഇതിന് നൂറ്റാണ്ടുകളുടെ ചരിത്രം തന്നെയുണ്ട്. ഷാർജയുടെയും ഉപനഗരങ്ങളുടെയും ചരിത്രമെടുത്ത് പരിശോധിച്ചാൽ തീരങ്ങൾ കേന്ദ്രീകരിച്ചാണ് ഷാർജയുടെ കുതിപ്പുകൾ തുടങ്ങുന്നതെന്ന് വ്യക്തമായി കാണാൻ കഴിയും. അതു കൊണ്ടാണ് ഓരോ തീരത്തിനും സമീപത്തും നിരീക്ഷണ കോട്ടകൾ പണ്ടുമുതലെ സ്ഥാനം പിടിച്ചത്.

Tags:    
News Summary - Fisht Corniche near Ajman is the most prominent of Sharjah's shores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.