ദുബൈ: 16 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുന്നത് തുടരാമെന്ന് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനുള്ള ബുക്കിങ് ആരംഭിച്ചു. നേരത്തേ, ഒന്നര മാസത്തേക്ക് വാക്സിൻ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 60 വയസ്സിന് മുകളിലുള്ളവർക്കും മറ്റു രോഗങ്ങളുള്ളവർക്കും മാത്രമാണ് വാക്സിൻ നൽകിയിരുന്നത്. ഇൗ നിയന്ത്രണം മാറ്റിയാണ് 16 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയത്. 205 വാക്സിൻ കേന്ദ്രങ്ങൾ രാജ്യത്തുണ്ട്. ഏത് കേന്ദ്രത്തിൽനിന്നും വാക്സിൻ സ്വീകരിക്കാം. മുൻകൂട്ടി ബുക്ക് ചെയ്തിട്ടു വേണം വാക്സിൻ കേന്ദ്രത്തിലെത്താൻ.
പ്രായമായവർ, ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങി വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കുമായിരുന്നു ഒന്നരമാസമായി മുൻഗണന. ഇത് വിജയകരമായിരുന്നെന്ന് അധികൃതർ അറിയിച്ചു. പ്രായമായ ഇമാറാത്തികൾ, വിദേശികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയ വിഭാഗത്തിൽ 72.89 ശതമാനം പേർക്കും വാക്സിൻ നൽകി. സിനോഫാം, ഫൈസർ, ആസ്ട്രസെനക, സ്ഫുട്നിക് എന്നീ വാക്സിനുകൾക്കാണ് യു.എ.ഇ അനുമതി നൽകിയിരിക്കുന്നത്. യു.എ.ഇയിലെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകാനാണ് ലക്ഷ്യം. ഇത് പകുതിയിലേറെ പിന്നിട്ടു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.