റാസല്‍ഖൈമ: അതിര്‍ത്തികള്‍ കടന്നുള്ള ജീവിതായോധന വേളകളില്‍ ആഗോള സൗഹൃദങ്ങള്‍ സമ്പാദിക്കുമ്പോഴും ശരാശരി മലയാളിക്ക് നാട്ടോര്‍മകള്‍ തന്നെയാണ് നനുത്ത കൂട്ട്. ഈ ഗൃഹാതുരത്വം നല്കുന്ന കൊല്ലം നൗഷാദിെൻറ ‘പുസ്തക ലോകം’ വാട്സ്ആപ്, ഫേസ്ബുക്ക് കൂട്ടായ്മകൾ പ്രവാസലോകത്തും പ്രിയങ്കരമാക്കുകയാണ്. സൗഹൃദ ലോകത്തെ സുഗന്ധപൂരിതമാക്കുന്ന 350ഓളം ഗ്രൂപ്പുകൾ വഴി സൈബര്‍ ഇടങ്ങളെ രചനാത്മകമായി ഉപയോഗപ്പെടുത്തേണ്ടതെങ്ങനെയെന്ന് വരച്ചുകാണിക്കുകയാണ്. വ്യത്യസ്ത ആശയ--ആദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ ഒരു കുടക്കീഴില് അണിനിരക്കുന്ന കൂട്ടായ്മയാണ് നൗഷാദ് എന്ന അഡ്മിന് കീഴിൽ സൗഹൃദം പുതുക്കുന്നത്.കേരളത്തിനും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും പുറമെ ഇറാെൻറ പുറം കടലില്‍ തൊഴിലെടുക്കുന്ന രാകേഷ് വരെ നീളുന്നു ഈ വാട്സ്ആപ് കൂട്ടായ്മകളിലെ അംഗങ്ങൾ.
യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകള്‍, കാനഡ, ലണ്ടന്‍, ആസ്ട്രേലിയ, ആഫ്രിക്ക, അമേരിക്ക, ഇറാഖ്, ചൈന, മലേഷ്യ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലുള്ള മലയാളികളും തെൻറ ഗ്രൂപ്പുകളിലെ സജീവ സാന്നിധ്യമാണെന്ന് നൗഷാദ് കൊല്ലം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ബസ്, ട്രെയിന്‍, സമ്മേളന നഗരികള്‍, കലാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പുസ്തകങ്ങള്‍ എത്തിച്ച് വില്പന നടത്തിയിരുന്ന തന്നെ കാലിക്കറ്റ് സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി റോവിത്ത് കുട്ടോത്ത് ആണ് വാട്സ്ആപ് കൂട്ടായ്മയുടെ സാധ്യതകള്‍ പരിചയപ്പെടുത്തിയത്. 2015ല്‍ പുസ്തകലോകം എന്ന വാട്സ്ആപ് കൂട്ടായ്മ രൂപവത്കരിച്ചു. തുടര്‍ന്ന് വിജ്ഞാന് കേന്ദ്ര, മലയാള വ്യാകരണ മിത്രം, വിജ്ഞാനച്ചെപ്പ്, ഓര്‍മച്ചെപ്പ്, ആരോഗ്യ കേരളം, മധുരം മലയാളം, ചിരിയും ചിന്തയും, പ്രവാസ സാഹിത്യ ലോകം തുടങ്ങി 65ഓളം തലക്കെട്ടുകളില്‍ ഗ്രൂപ്പുകള്‍. അംഗങ്ങള്‍ വന്നു ചേരുന്നതിനനുസരിച്ച് ഗ്രൂപ്പുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ഇപ്പോള്‍ 350ഓളം ഗ്രൂപ്പുകള്‍. ഒപ്പം ടെലിഗ്രാം, ഫേസ്ബുക്ക്, മെസ്സഞ്ചര്‍ ഗ്രൂപ്പുകള്‍. 75,000ത്തിലേറെ അംഗങ്ങളുമായുള്ള സുഖയാത്രക്ക് അഭ്യസ്തവിദ്യരും സാധാരണക്കാരുമായ ഒരു കൂട്ടം സുഹൃത്തുക്കള്‍ കൂടെയുള്ളതാണ് തെൻറ കരുത്തെന്ന് നൗഷാദ് പറഞ്ഞു.
ഗ്രൂപ്പുകളിലെ അംഗങ്ങളായ ഫുജൈറയിലെ ക്രഷറിയില്‍ ജീവനക്കാരനായ ഹാഷിം, യു.പിയില്‍ അധ്യാപികയായ ഉഷ, ഗൂഡല്ലൂരില്‍ ബിസിനസുകാരനായ നജീബ്, മാലിയിലെ പ്രദീപ് എന്നിവരെല്ലാം പുസ്തകലോകത്തിലൂടെ കാണാമറയത്ത് സുഹൃത്തുക്കളെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ്. ജീവിതത്തിലെ ഒറ്റപ്പെടലില്‍ കൂട്ട് ലഭിച്ച ആമോദം പങ്കുവെക്കുന്ന സന്തോഷും സൗഹൃദങ്ങള്‍ക്കുപരി ഇഷ്ട പുസ്തകങ്ങള്‍ നാട്ടിലെ വിലക്ക് പ്രവാസ ലോകത്തും ലഭിക്കാന്‍ സഹായിക്കുന്നതാണ് പുസ്തകലോകം വാട്സ്ആപ് ഗ്രൂപ്പിനെ പ്രിയങ്കരമാക്കുന്നതെന്ന അഭിപ്രായം ദുബൈയിലുള്ള ശ്രീജിത്തും പങ്കുവെക്കുന്നു. പുസ്തക സൗഹൃദ യാത്രയില്‍ ഭാര്യയും അധ്യാപികയുമായ എന്‍.വി. ജംഷിറയും മക്കളായ അന്‍ജും കരീം, അനും ഹസന്, അജല്‍ മുഹമ്മദ് എന്നിവരും നൗഷാദിന് പിന്തുണ നല്കുന്നു. കൂട്ടായ്മകളുടെ ഭാഗമാകാന്‍ താല്പര്യമുള്ളവര്ക്ക് +918848663483 നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.