അബൂദബി: കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാൻ മരുഭൂമിയിലേക്ക് പറന്നിറങ്ങുമ്പോൾ അവർ ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങനൊരു പ്രവാസ ജീവിതം. കിടക്കാനിടമില്ല, കഴിക്കാൻ ആരെങ്കിലും കനിയണം, എന്നാലും രക്ഷയില്ല, ചെക്ക് മടങ്ങിയതോടെ യാത്രാവിലക്ക് വന്നതും വിന. ആ കുരുന്നുകൾക്ക് ഇന്ന് മൂന്ന് വയസ്സുണ്ട്.
വിസയില്ല, പിതാവിനുമില്ല ജോലിയും രേഖകളും. മാതാവിന്റെ വിസയിൽ കുടുംബത്തെ ചേർക്കാനും ആവില്ല. ഉള്ളം പൊള്ളുന്ന ദുരിതപ്പെയ്ത്തുമായാണ് ഓരോ ജീവിതങ്ങളും ഹെൽപ് ഡെസ്ക്കുകളിലേക്ക് എത്തുന്നത്.
രണ്ടുമാസക്കാലത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഇളവ് പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ആരംഭിച്ച ഹെൽപ് ഡെസ്കിലേക്ക് സഹായം തേടിയെത്തുന്നത് നിരവധി പേരാണ്.
ആറ്റിങ്ങൽ സ്വദേശി സഹോദരനുമൊത്ത് ആരംഭിച്ച കഫ്റ്റീരിയ കച്ചവടം വൻ നഷ്ടത്തിലാണ് കലാശിച്ചത്. പണിക്കാർക്ക് താമസിക്കാൻ എടുത്ത റൂമിന്റെ വാടകക്ക് തന്റെ പേഴ്സണൽ ചെക്ക് കൊടുത്തതാണ് അദ്ദേഹത്തെ കുടുക്കിയത്. പതിനയ്യായിരത്തോളം ദിർഹം അടച്ച് ചെക്ക് ക്ലിയർ ചെയ്താലേ യാത്രാ വിലക്ക് മാറൂ.
മറ്റൊരു ജോലി നോക്കാനും സാങ്കേതിക തടസ്സങ്ങൾ. കുടുംബം പട്ടിണിയുടെ നെരിപ്പോടിലാണ്. കിടക്കാനും കഴിക്കാനും മാത്രം ആയാലും പോരാ, ചെക്കിന്റെ തുക കൊടുത്ത് സഹായിക്കാനും ആരേലും വേണം. നാട്ടിലൊന്ന് എത്തിക്കിട്ടിയാൽ മതി അദ്ദേഹത്തിന്.
പിറന്നുവീണതു മുതൽ രേഖകളില്ലാത്ത ആ രണ്ടു മക്കൾക്കും പിതാവിനും നാടൊന്നണയണം. കാര്യമായ പ്രതിസന്ധികൾ ഉണ്ടായില്ല എങ്കിൽ പൊതുമാപ്പ് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ്. ഇങ്ങനെ അനവധി ബുദ്ധിമുട്ടുകളുമായിട്ട് നിരവധി പ്രവാസികളാണ് എത്തുന്നത്.
സന്നദ്ധ സംഘടനകൾക്ക് പരിമിതികൾ ഏറെയാണ്. രേഖകൾ മാത്രം പോരാ സർക്കാർ ഫണ്ട് അനുവദിച്ചാണെങ്കിലും സെറ്റിൽമെന്റുകൾക്ക് മേൽനോട്ടം വഹിച്ചിട്ട് ആണെങ്കിലും ഇന്ത്യൻ എംബസിക്കും കേന്ദ്ര സർക്കാറിനും ഏറെ ഇടപെടാനുണ്ട്. അങ്ങനെ എങ്കിൽ കൂടുതൽ പേർ വലിയ ക്ലേശങ്ങൾ കൂടാതെ ഉറ്റവരിലേക്ക് മടങ്ങിയെത്തും.
ഇന്ത്യൻ ഇസ് ലാമിക് സെന്റർ ടൈപ്പിങ് സൗകര്യത്തോടുകൂടിയ ഹെൽപ് ഡെസ്കാണ് ആരംഭിച്ചിരിക്കുന്നത്. ഹെൽപ് ഡെസ്കിന്റെ സേവനം പൊതുമാപ്പ് കാലയളവിൽ ഉടനീളം ലഭ്യമാവും. യു.എ.ഇ സർക്കാർ പൊതുമാപ്പ് കാലയളവിൽ രേഖകളുടെ കാലാവധി കഴിഞ്ഞവർക്ക് നാട്ടിൽ പോവുന്നതിന് ഔട്ട് പാസ് അനുവദിക്കും.
അല്ലാത്തവർക്ക് രേഖകൾ നിയമാനുസൃതമാക്കി യു.എ.ഇയിൽ തുടരാനും സാധിക്കും. ഇതിനു വേണ്ടിവരുന്ന വിവിധ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ഫീസിളവ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വൈഹാനിലെ ഡിപ്പോർട്ടേഷൻ സെന്ററിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹെൽപ് ഡെസ്ക് ഉദ്ഘാടനം ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.