ഓരോ പുതുവത്സരത്തിലും പുതിയ പ്രതിജ്ഞയെടുക്കുന്നവരാണ് നമ്മൾ മലയാളികൾ. പുതുവത്സരം അല്ലെങ്കിലും, പുകവലിക്കാർക്ക് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കാൻ അനുയോജ്യമായ ദിവസമാണ് ഇന്ന്. പുകയിലയുടെ ദൂഷ്യവശങ്ങൾ ലോകത്തിന് പരിചയപ്പെടുത്താൻ ലോകാരോഗ്യ സംഘടന നിശ്ചയിച്ച മേയ് 31 ആവട്ടെ നിങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ ദിനം. 'അവിസ്മരണീയ ദിനം' എന്ന് പറയുേമ്പാൾ ആശ്ചര്യപ്പെടേണ്ട.
ശാരീരികവും മാനസികവും കുടുംബപരവുമായ വലിയ മാറ്റങ്ങളിലേക്കായിരിക്കും പുകവലി ശീലം ഉപേക്ഷിക്കുന്നത് നിങ്ങളെ നയിക്കുക. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്. പുകവലി ഉപേക്ഷിച്ച് ആരോഗ്യകരമായ ജീവിതം ആരംഭിക്കാനുള്ള മികച്ച ദിവസമാണ് മെയ് 31. സ്ഥിരംപുകവലിക്കുന്ന ഒരാൾക്ക് ഒറ്റ ദിവസംകൊണ്ട് ഉപേക്ഷിക്കുക വെല്ലുവിളിയാണ്. എന്നാൽ, അതു വിജയകരമായി പൂർത്തിയാക്കാനായാൽ കൂടുതൽ വർഷങ്ങൾ ജീവിക്കാൻ കഴിയും.
പുകയില ഉപയോഗത്തിെൻറ അപകടസാധ്യതകളും അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ ദിവസംകൊണ്ടുദ്ദേശിക്കുന്നത്. പുകയില ഉപഭോഗം മൂലമുണ്ടാകുന്ന രോഗങ്ങളും മരണവും കുറക്കാനും ലോകത്തെ പുകയില വിമുക്തമാക്കുവാനും ലക്ഷ്യമിടുന്നു. പ്രതിവർഷം എട്ട് ദശലക്ഷം ആളുകൾ പുകയില സംബന്ധമായ അസുഖങ്ങളാൽ മരിക്കുന്നു.
പുകവലി ശരീരത്തിലെ എല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ അർബുദം, ക്രോണിക് ഒബ്സ്ട്രക്റ്റിവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) എന്നിവയാണ് പുകവലിയുമായി ബന്ധപ്പെട്ട മരണനിരക്ക് ഉയർത്തുന്നത്.
2021ലെ ലോക പുകയില നിരോധന ദിനത്തിെൻറ ആശയം 'പുകവലി ഉപേക്ഷിക്കാൻ പ്രതിജ്ഞ ചെയ്യുക' എന്നതാണ്. പുകവലി നിർത്തുന്നതു മൂലം ഹൃദയാഘാതം, കാൻസർ, ശ്വാസകോശരോഗങ്ങൾ, ശ്വാസകോശ അണുബാധ എന്നിവയുടെ സാധ്യത കുറയുന്നു. പുകവലിയോടുള്ള നിങ്ങളുടെ ആസക്തി താൽക്കാലികമാണ്, പക്ഷേ നിങ്ങളുടെ ശ്വാസകോശത്തിന് സംഭവിക്കുന്ന കേടുപാടുകൾ സ്ഥിരമാണ്.
പുകവലി ഉപേക്ഷിക്കാൻ മാനസികമായി ഒരുങ്ങി തീയതി നിശ്ചയിച്ച് പദ്ധതി തയാറാക്കണം.
കുടുംബത്തിെൻറയും സുഹൃത്തുക്കളുടെയും പിന്തുണ തേടണം. ഇതു പുകവലി ഉപേക്ഷിക്കാനും പിന്നീട് പുകവലിയിലേക്ക് തിരിച്ചുവരാതിരിക്കാനും ഉപകരിക്കും.
പുകവലി ഉപേക്ഷിച്ചശേഷം വ്യായാമം പോലുള്ള ആരോഗ്യകരമായ ശീലം കൂടുതൽ വളർത്തിയെടുക്കുക. പുകവലിക്കുപകരം പഞ്ചസാരയില്ലാത്ത ഗം ചവയ്ക്കുക.
പുകവലിക്കാൻ പ്രേരിപ്പിക്കുന്ന വ്യക്തികൾ, സ്ഥലങ്ങൾ, സാഹചര്യങ്ങൾ എന്നിവയിൽനിന്ന് വിട്ടുനിൽക്കണം.
പുകവലി ഇല്ലാതെ മുന്നോട്ടു പോകുന്ന ഓരോ മണിക്കൂറും നേട്ടമായി കരുതുക. ഓരോ മണിക്കൂറും വിജയകരമായി പിന്നിടുന്നത് ജീവിതവിജയമായി കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.