റമദാനിൽ ഗ്ലോബൽ വില്ലേജിൽ സമയമാറ്റം

ദുബൈ: നഗരത്തിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ഗ്ലോബൽ വില്ലേജിൽ റമദാനിലെ പ്രവർത്തന സമയത്തിൽ മാറ്റം. വ്രതമാസത്തിൽ വൈകുന്നേരം ആറു മുതൽ പുലർച്ചെ രണ്ടുവരെയാണ്​ പ്രവർത്തിക്കുക. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം നാലു മണിമുതലാണ്​ ഗ്ലോബൽ വില്ലേജ്​ തുറക്കുന്നത്​. റമദാനിൽ നോമ്പു തുറന്നതിന്​ ശേഷം കൂടുതലായി സന്ദർശകർക്ക്​ എത്താനുള്ള സൗകര്യം പരിഗണിച്ചാണ്​ സമയമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്​.

നോമ്പുകാലത്തിന്​ യോജിച്ച വിവിധ പരിപാടികളും ഓഫറുകളും ഈ ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്​. പ്രധാന സ്റ്റേജിൽ എല്ലാ രാത്രിയിലും രണ്ടുതവണ അവതരിപ്പിക്കുന്ന അറബിക് ഓർക്കസ്ട്രയാണ് കൂട്ടത്തിൽ പ്രധാനപ്പെട്ടത്​. എല്ലാ റമദാനിലും ഒരുക്കാറുള്ള മജ്​ലിസും ഇത്തവണ തയ്യാറാക്കുന്നുണ്ട്​. അതിഥികൾക്ക് ഇഫ്താറോ അത്താഴമോ ഓർഡർ ചെയ്യാനും നഗരിയിലെ ഭക്ഷ്യശാലകളിൽ നിന്ന്​ വാങ്ങിക്കൊണ്ടുവന്ന്​ മജ്​ലിസിൽ വെച്ച്​ കഴിക്കാനും സൗകര്യമുണ്ടാകും. റമദാൻ പ്രമേയത്തിലുള്ള വിവിധ പരിപാടികളും മജ്​ലിസിൽ ഒരുക്കുകയും ചെയ്യും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും യൂനോ, ചെസ്​, ജാകരൂ തുടങ്ങിയ കാർഡ് ഗെയിമുകൾ വാടകക്ക്​ ലഭ്യമാക്കുന്നുമുണ്ട്​.

ഗ്ലോബൽ വില്ലേജിലെ 3,500ലധികം ഷോപ്പിങ്​ ഔട്ട്‌ലെറ്റുകളിൽ പ്രത്യേക റമദാൻ വിഭവങ്ങളും അലങ്കാരങ്ങളും എത്തിയിട്ടുണ്ട്​. ഈജിപ്ത്, തുർക്കിയ, അൽ സൻആ പവലിയനുകളിൽ ഹോം ആക്സസറികളുടെ ശേഖരവുമാണുള്ളത്​. രുചികരമായ ഈത്തപ്പഴങ്ങളും മധുരപലഹാരങ്ങളും സൗദി, സിറിയ, ഒമാൻ പവലിയനുകളിൽ ലഭിക്കും. യു.എ.ഇ, യമൻ, പാകിസ്താൻ, കുവൈത്ത്​, ബഹ്‌റൈൻ പവലിയനുകളിൽ പലവ്യഞ്ജനങ്ങളും ഇന്ത്യൻ പവലിയനിൽ പ്രത്യേക കളിമൺ പാത്രങ്ങളുമുണ്ട്​. ഇത്തവണ ഈദുൽ ഫിത്വറും പിന്നിട്ട്​ 2023 ഏപ്രിൽ 29 വരെ ഗ്ലോബൽ വില്ലേജ്​ പ്രവർത്തിക്കും.

Tags:    
News Summary - Global Village opening hours changed for Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.