റമദാനിൽ ഗ്ലോബൽ വില്ലേജിൽ സമയമാറ്റം
text_fieldsദുബൈ: നഗരത്തിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ഗ്ലോബൽ വില്ലേജിൽ റമദാനിലെ പ്രവർത്തന സമയത്തിൽ മാറ്റം. വ്രതമാസത്തിൽ വൈകുന്നേരം ആറു മുതൽ പുലർച്ചെ രണ്ടുവരെയാണ് പ്രവർത്തിക്കുക. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം നാലു മണിമുതലാണ് ഗ്ലോബൽ വില്ലേജ് തുറക്കുന്നത്. റമദാനിൽ നോമ്പു തുറന്നതിന് ശേഷം കൂടുതലായി സന്ദർശകർക്ക് എത്താനുള്ള സൗകര്യം പരിഗണിച്ചാണ് സമയമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
നോമ്പുകാലത്തിന് യോജിച്ച വിവിധ പരിപാടികളും ഓഫറുകളും ഈ ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാന സ്റ്റേജിൽ എല്ലാ രാത്രിയിലും രണ്ടുതവണ അവതരിപ്പിക്കുന്ന അറബിക് ഓർക്കസ്ട്രയാണ് കൂട്ടത്തിൽ പ്രധാനപ്പെട്ടത്. എല്ലാ റമദാനിലും ഒരുക്കാറുള്ള മജ്ലിസും ഇത്തവണ തയ്യാറാക്കുന്നുണ്ട്. അതിഥികൾക്ക് ഇഫ്താറോ അത്താഴമോ ഓർഡർ ചെയ്യാനും നഗരിയിലെ ഭക്ഷ്യശാലകളിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് മജ്ലിസിൽ വെച്ച് കഴിക്കാനും സൗകര്യമുണ്ടാകും. റമദാൻ പ്രമേയത്തിലുള്ള വിവിധ പരിപാടികളും മജ്ലിസിൽ ഒരുക്കുകയും ചെയ്യും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും യൂനോ, ചെസ്, ജാകരൂ തുടങ്ങിയ കാർഡ് ഗെയിമുകൾ വാടകക്ക് ലഭ്യമാക്കുന്നുമുണ്ട്.
ഗ്ലോബൽ വില്ലേജിലെ 3,500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകളിൽ പ്രത്യേക റമദാൻ വിഭവങ്ങളും അലങ്കാരങ്ങളും എത്തിയിട്ടുണ്ട്. ഈജിപ്ത്, തുർക്കിയ, അൽ സൻആ പവലിയനുകളിൽ ഹോം ആക്സസറികളുടെ ശേഖരവുമാണുള്ളത്. രുചികരമായ ഈത്തപ്പഴങ്ങളും മധുരപലഹാരങ്ങളും സൗദി, സിറിയ, ഒമാൻ പവലിയനുകളിൽ ലഭിക്കും. യു.എ.ഇ, യമൻ, പാകിസ്താൻ, കുവൈത്ത്, ബഹ്‌റൈൻ പവലിയനുകളിൽ പലവ്യഞ്ജനങ്ങളും ഇന്ത്യൻ പവലിയനിൽ പ്രത്യേക കളിമൺ പാത്രങ്ങളുമുണ്ട്. ഇത്തവണ ഈദുൽ ഫിത്വറും പിന്നിട്ട് 2023 ഏപ്രിൽ 29 വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.