ദുബൈ: ഇന്ത്യയിൽ പുതുതായി നടപ്പാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രവാസികൾ കാർഗോ ഏജൻസികൾ വഴി നാട്ടിേലക്ക് സാധനങ്ങൾ അയക്കുന്നതിന് തിരിച്ചടിയായി. ഇതുവരെ 20,000 രൂപയുടെ സാധനങ്ങൾ നാട്ടിലേക്ക് നികുതിയൊന്നുമില്ലാതെ അയക്കാമായിരുന്നു. എന്നാൽ ജി.എസ്.ടി വന്നതോടെ ഇത് റദ്ദാക്കി. ഇനിമുതൽ കസ്റ്റംസ് തീരുവയും ചരക്കു സേവന നികുതിയും സെസ്സും അടക്കണമെന്നാണ് നിർദേശം. 41 ശതമാനത്തോളം വരുമിത്.
ഇതുസംബന്ധിച്ച് യാെതാരു മുന്നറിയിപ്പും കേന്ദ്ര സർക്കാർ തങ്ങൾക്ക് നൽകിയിരുന്നില്ലെന്ന് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇതുകാരണം നാട്ടിലേക്കയച്ച ടൺകണക്കിന് കാർഗോ ഉരുപ്പടികൾ നാട്ടിൽ വിവിധ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
നാലു ദിവസമായി ഗൾഫ് മേഖലയിലെ നൂറുകണക്കിന് കാർഗോ സ്ഥാപനങ്ങൾ പാർസലുകൾ ഏറ്റെടുക്കുന്നില്ല. 20,000 രൂപയുടെ സാധനമയക്കാൻ 8,200 രൂപ നികുതിയടക്കണമെന്ന നിർദേശം ഇൗ മേഖലയെ തെന്ന തകർക്കുന്നതാണ്.ഇന്ത്യയിലും വിദേശത്തുമായി രണ്ടുലക്ഷത്തോളം പേർ ജോലി ചെയ്യുന്ന മേഖലയാണിത്. ഇവരിൽ 90 ശതമാനവും മലയാളികളാണ്.
ഡൽഹി വിമാനത്താവളത്തിൽ മാത്രം 500 ലേറെ ടൺ സാധനങ്ങൾ കെട്ടിക്കിടക്കുന്നതായി ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീബ്രീസ് കാർഗോ എം.ഡി റഷീദ് ബാബു പുളിക്കൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ബാംഗ്ലൂർ, കൊച്ചി വിമാനത്താവളങ്ങളിലും കാർഗോ നീക്കം മുടങ്ങി. ഇവയിൽ 95 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവയാണ്.
1993ലാണ് 5,000 രൂപയുടെ സമ്മാനങ്ങൾ പ്രവാസികൾക്ക് നികുതിയൊന്നുമില്ലാതെ നാട്ടിലേക്കയക്കാൻ ആദ്യം അനുമതി ലഭിച്ചത്. 1998ൽ ഇൗ പരിധി 10,000 രൂപയായും കഴിഞ്ഞവർഷം 20,000 രൂപയായും ഉയർത്തി. ഇൗ ഉത്തരവാണ് ജൂൺ 30 ന് അർധരാത്രി റദ്ദാക്കിയത്. ഇനി മുതൽ 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ, 28 ശതമാനം സംയോജിത ചരക്കു സേവന നികുതി, മൂന്നു ശതമാനം സെസ് എന്നിവയാണ് അടക്കേണ്ടത്.വിമാനത്തിൽ യാത്രക്കാരനൊപ്പം 30 കിലോ ബാഗേജ് മാത്രമേ കൊണ്ടുപോകാനാവൂ എന്നതിനാൽ പ്രവാസികൾ വീട്ടിലേക്ക് വസ്ത്രം, ഭക്ഷ്യവസ്തുക്കൾ, കളിപ്പാട്ടങ്ങൾ മുതലായവ കാർഗോ വഴിയാണ് അയച്ചിരുന്നത്. എല്ലാ വർഷവും നാട്ടിൽ പോകാൻ സാധിക്കാത്ത സാധാരണക്കാരായ പ്രവാസികളും ആഘോഷവേളകളിൽ വീട്ടുകാർക്ക് പാർസലുകളാണ് അയച്ചിരുന്നത്.
മലയാളികളടക്കം ലക്ഷകണക്കിന് പ്രവാസികളെ ബാധിക്കുന്ന ഇൗ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഇൻറർനാഷണൽ കൊറിയർ ഏജൻറ്സ് വെൽഫയർ അസോസിയേഷൻ െചാവ്വാഴ്ച തിരുവനന്തപുരത്ത് ധനമന്ത്രി തോമസ് െഎസകിന് നിവേദനം നൽകി. പ്രധാനമായും മലയാളികളെ ബാധിക്കുന്ന പ്രശ്നം അതിെൻറ ഗൗരവത്തിൽ കേന്ദ്ര സർക്കാരിലും ജി.എസ്.ടി കൗൺസിലിലുമെത്തിക്കണമെന്ന് അഭ്യർഥിക്കുന്ന നിവേദനം അസോസിയേഷൻ പ്രസിഡൻറ് എ.കെ.മുഹമദ് സാദിഖ് (റജബ് കാർഗോ) ആണ് ധനമന്ത്രിക്ക് സമർപ്പിച്ചത്. കേന്ദ്ര സർക്കാരിനും മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർക്കും സംഘടന വരും ദിവസങ്ങളിൽ നിവേദനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.