ഷാർജ: മിഡ്ൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ 'ഗൾഫ് മാധ്യമം' എജുകഫെ എട്ടാം സീസണ് ഷാർജ എക്സ്പോ സെന്‍റററിൽ തുടക്കം. റൂളേഴ്സ് ഓഫിസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ഷാർജ എക്സ്പോ സെന്‍ററർ സൈഫ് മുഹമ്മദ് അൽ മിദ്ഫ, ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ പാസ്പോർട്ട് ആൻഡ് അറ്റസ്റ്റേഷൻ വിഭാഗം കോൺസുൽ രാംകുമാർ തങ്കരാജ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.
22 വരെ നീണ്ടുനിൽക്കും. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിനൊപ്പമാണ് ഇക്കുറി എജുകഫെയും അരങ്ങേറുന്നത്. ഇന്ത്യൻ പവലിയന്‍റെ ചുമതലയും 'ഗൾഫ് മാധ്യമ'ത്തിനാണ്. ഇന്ത്യൻ പവലിയന്‍റെ ഉദ്ഘാടനവും ശൈഖ് സാലിം ബിൻ അബ്ദുൽ റഹ്മാൻ നിർവഹിച്ചു.
ആദ്യ ദിവസം രാവിലെ മുതൽ വിദ്യാർഥികളുടെ ഒഴുക്കാണ് എക്സ്പോ സെന്‍ററിലേക്ക്. രണ്ടാം ദിനമായ വ്യാഴാഴ്ച രാവിലെ 9.30 മുതൽ എജുകഫെയിൽ വിവിധ സെഷനുകൾ അരങ്ങേറും. ഡോ. എ.പി.ജെ അബ്ദുൽ കലാമിന്‍റെ സന്തത സഹചാരിയും എഴുത്തുകാരും പ്രഭാഷകനുമായ ശ്രീജൻപാൽ സിങ്, അവതാരകനും കേരള യൂനിവേഴ്സിറ്റി അസിറ്റ്ന്റ് പ്രൊഫസറുമായ ഡോ. അരുൺകുമാർ, മജീഷ്യൻ രാജ മൂർത്തി, പ്രചോദക പ്രഭാഷകൻ മാണി പോൾ, ബയോ ഹാക്കിങ് വിദഗ്ദൻ മഹ്റൂഫ് എന്നിവർ വരും ദിവസങ്ങളിൽ വേദിയിലെത്തും. വിദ്യാർഥികളിലെ മിടുക്കൻമാരെ കണ്ടെത്താൻ ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്‍റെ പേരിൽ സംഘടിപ്പിക്കുന്ന പുരസ്കാരം ഇക്കുറിയുമുണ്ടാകും. എജുകഫെ സന്ദർശിക്കുന്ന 50ഓളം പേർക്ക് ഒമാനിലെ മുസന്ദത്തിലേക്ക് സൗജന്യ ട്രിപ്പിനുള്ള അവസരമുണ്ടാകും. യു.എ.ഇയിലെ പ്രമുഖ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ അണിനിരക്കുന്ന പാനൽ ഡിസ്കഷനാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത.
ഇന്ത്യയിലെയും വിദേശത്തെയും കോളജുകൾ, സ്കൂളുകൾ, യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കരിയർ ഗൈഡൻസ് സെന്‍ററുകൾ, ഡിസ്റ്റൻസ് ലേണിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇമിഗ്രേഷൻ കൺസൾട്ടന്‍റുകൾ തുടങ്ങിയവരെല്ലാം എജുകഫെയിൽ പങ്കെടുക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ കോഴ്സുകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചുമെല്ലാം വ്യക്തമാക്കുന്ന വിവിധ സെഷനുകൾ അരങ്ങേറും.
ഷാർജ പുസ്തകോത്സവത്തിന്റെ വേദിയായ എക്സ്പോ സെന്‍ററിലേക്ക് ആദ്യമായാണ് എജുകഫെ വിരുന്നെത്തുന്നത്. പാർക്കിങും പ്രവേശന ഫീസും സൗജന്യമാണ്. കഴിഞ്ഞ ഏഴ് സീസണുകളിൽ വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിൽ എജുകഫെയെയും ഉൾപെടുത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം മൂന്ന് വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയുമാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.