ദുബൈ: മലയാളത്തെ കുടുകുടെ ചിരിപ്പിച്ച നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകൻ സിദ്ദീഖ് വിടവാങ്ങുമ്പോൾ പ്രവാസത്തിന്റെ ഓർമകളിൽ നിരവധി മധുരിക്കും ഓർമകൾ. കൊച്ചിൻ കലാഭവൻ എന്ന സ്ഥാപനത്തിൽനിന്ന് ഉയർന്നുവന്ന സിദ്ദീഖ് നിരവധി പ്രവാസ വേദികളിൽ സ്റ്റേജ് ഷോകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
മമ്മൂട്ടിയും ഇന്നസെന്റുമടക്കം എല്ലാ കാലത്തും പ്രവാസികൾ ആവേശത്തോടെ സ്വീകരിച്ച താരങ്ങളെ യു.എ.ഇയിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും വേദികളിൽ അണിനിരത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അടുത്തകാലത്തും ഗൾഫ് സ്റ്റേജ് ഷോകളുടെ പൂർവകാല അനുഭവങ്ങൾ ആവേശത്തോടെ വിവിധ വേദികളിൽ പങ്കുവെക്കുകയുണ്ടായി. സംഗീതവും ഹാസ്യവും ഇഴചേർന്ന സാംസ്കാരിക വേദികൾ ജന്മനാട്ടിൽനിന്ന് അകന്നുകഴിയുന്ന പ്രവാസികൾക്ക് ആശ്വാസത്തിന്റെയും ആഘോഷത്തിന്റെയും അസുലഭ മുഹൂർത്തങ്ങളായിരുന്നു.
ആദ്യ കാലഘട്ടങ്ങളിൽ സ്റ്റേജ് ഷോകളിലും പിന്നീട് സിനിമാഷൂട്ടിങ്ങിനുമായി നിരവധി തവണ അദ്ദേഹം ഗൾഫിൽ എത്തിയിരുന്നു. 1990കളിൽ പ്രവാസത്തെയൊന്നടങ്കം ചിരിപ്പിച്ച വിവിധ സ്റ്റേജ് ഷോകളിലൂടെയാണ് സിദ്ദീഖ് എന്ന കലാകാരൻ ഗൾഫ് വേദികളിൽ അറിഞ്ഞുതുടങ്ങുന്നത്. പിന്നീട് ഈസ്റ്റ്കോസ്റ്റിന്റെയും സ്റ്റേജ് കലാമിന്റെയും നിരവധി വേദികളിലൂടെ അദ്ദേഹം നിറഞ്ഞുനിന്നു. മൂന്നരപ്പതിറ്റാണ്ടിന്റെ ആത്മബന്ധം തന്നെ പ്രവാസലോകവുമായി അദ്ദേഹത്തിനുണ്ടായിരുന്നു. 2013 ഡിസംബറിൽ ഗൾഫ് മാധ്യമത്തിന്റെ ആഭിമുഖ്യത്തിൽ ദുബൈയിൽ നടന്ന ‘എന്റെ സ്വന്തം മലയാള’ത്തിന്റെ സംവിധായകനായിരുന്നു. പിന്നീട് നിരവധി സാംസ്കാരിക പരിപാടികളിലൂടെ പ്രവാസലോകത്ത് സജീവമായ ‘ഗൾഫ് മാധ്യമ’ത്തിന്റെ നൂറുകണക്കിന് കലാകാരൻമാർ അണിനിരന്ന ആദ്യ സ്റ്റേജ് പരിപാടിയായിരുന്നു ഇത്. മലയാളത്തെ അടുത്ത തലമുറയിലേക്ക് എങ്ങനെ കൈമാറാം എന്ന ചിന്തയിൽനിന്ന് രൂപപ്പെട്ട ഈ പരിപാടി ആവേശപൂർവമാണ് അദ്ദേഹം ഏറ്റെടുത്തത്. പ്രവാസലോകം ഹൃദയത്തിൽ ചേർത്തുവെച്ച ‘എന്റെ സ്വന്തം മലയാള’ത്തിന് ശേഷം 2015ൽ ഗൾഫ് മാധ്യമം ദുബൈ മെയ്ദാനിൽ സംഘടിപ്പിച്ച ‘മധുരമെൻ മലയാളം’ എന്ന പരിപാടിയുടെ ഭാഗമായി നടന്ന മൂന്നര മണിക്കൂറോളം നീണ്ട സംഗീത-വിനോദ-സാംസ്കാരിക പരിപാടി പൂർണമായും ഒരുക്കിയത് സിദ്ദീഖിന്റെ നേതൃത്വത്തിലായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ഇന്നസെന്റ് സ്റ്റേജ് ഷോയിൽ പങ്കെടുത്തു എന്ന സവിശേഷത ഇതിനുണ്ടായിരുന്നു. സിദ്ദീഖുമായുള്ള സൗഹൃദ ബന്ധമാണ് ഇന്നസെന്റിനെ വേദിയിൽ വീണ്ടുമെത്താൻ പ്രേരിപ്പിച്ച പ്രധാനഘടകം.
നടൻമാരായ ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂടും അടക്കമുള്ളവർ അണിനിരന്ന പരിപാടിയിലെ കാമ്പുള്ള ഹാസ്യാവതരണങ്ങളുടെ പിന്നണിയിൽ സിദ്ദീഖെന്ന കലാകാരന്റെ നിർദേശങ്ങളായിരുന്നു. ഹർഷാരവങ്ങളോടെയാണ് തിങ്ങിനിറഞ്ഞ സദസ്സ് പരിപാടിയെ സ്വീകരിച്ചത്. യു.എ.ഇയിലെ പ്രവാസ സമൂഹത്തിന്റെ മധുരിക്കും ഓർമകളിലൊന്നായ മീഡിയവൺ സംഘടിപ്പിച്ച ‘പ്രവാസോത്സവം’ പരിപാടിയുടെ നേതൃത്വത്തിലും അദ്ദേഹം തന്നെയായിരുന്നു. കലാരംഗത്ത് ശോഭിച്ചുനിൽക്കുകയും പ്രവാസത്തെ ചേർത്തുപിടിക്കുകയും ചെയ്ത് ഇന്നസെന്റിന് പിന്നാലെ സിദ്ദീഖും വിടപറയുമ്പോൾ പൊട്ടിച്ചിരിയിൽ ചാലിച്ച മധുരമുള്ള ഒരുകാലത്തിന്റെ ഓർമകൾക്കാണ് തിരശ്ശീല വീഴുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.