ഷാർജ: പുതുകാലത്തിന്റെ വാണിജ്യ സാധ്യതകളും വെല്ലുവിളികളും പരിഹാരമാർഗങ്ങളും ചർച്ച ചെയ്ത് ഗൾഫ് മാധ്യമം ബിസിനസ് സമ്മിറ്റ്. പ്രഗത്ഭരെ സാക്ഷിയാക്കിയാണ് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ഹാളിലെ പ്രൗഢമായ വേദിയിൽ രാവിലെ പത്തുമുതൽ വൈകീട്ട് 3.30 വരെ ബിസിനസ് സമ്മിറ്റിന്റെ രണ്ടാം എഡിഷൻ അരങ്ങേറിയത്.
ആദ്യ എഡിഷൻ മേയ് 18ന് അബൂദബി ഖലീഫ സ്ട്രീറ്റിലെ ലെ റോയൽ മെരിഡിയൻ ഹോട്ടലിൽ നടന്നിരുന്നു. സുപ്രധാന വിഷയങ്ങളിൽ ആശയ കൈമാറ്റങ്ങൾക്കും ക്രിയാത്മക സംവാദങ്ങൾക്കും സമ്മിറ്റ് വേദിയായി.
മാറ്റങ്ങളുടെ മുമ്പേ നടന്ന് സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചവരാണ് സംരംഭകർ എന്നും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് പരിതസ്ഥിതിയിൽ ഏത് വെല്ലുവിളികളെയും അഭിമുഖീകരിക്കാൻ സജ്ജമാകണമെന്നും പ്രഭാഷകർ ചൂണ്ടിക്കാട്ടി. പ്രമുഖർ വിജയകഥകളും അതിജീവന ചരിത്രവും പങ്കുവെച്ചത് ഹൃദ്യമായി.
ഉദ്ഘാടന പരിപാടിയിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് കമ്യൂണിക്കേഷൻ ആൻഡ് ബിസിനസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ഷംസി, കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ ജമാൽ സഈദ് ബുസിൻജൽ, സീഷോർ മുഹമ്മദലി, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, മാധ്യമം ബിസിനസ് സൊലൂഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം ബിസിനസ് സൊലൂഷൻസ് കൺട്രി ഹെഡ് ഹാഷിം ജെ.ആർ, ഗൾഫ് മാധ്യമം സീനിയർ അക്കൗണ്ട്സ് മാനേജർ എസ്.കെ. അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു. ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ് ബിസിനസ് രംഗത്തെ അതികായരായി ഹൈലൈറ്റ് ഗ്രൂപ് മാറിയതെങ്ങനെ എന്ന് വിശദീകരിച്ചു.
മോറിക്കാപ് റിസോർട്ട് ചെയർമാൻ നിഷിൻ തസ്ലീം സി.എം (മോറിക്കാപ്പിന്റെ വിജയകഥകൾ), സഫ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി മുഹമ്മദ് അബ്ദുസ്സലാം (ജ്വല്ലറി മേഖലയിലെ നിക്ഷേപം: നൂതന സാധ്യതകൾ), കൊൽക്കത്ത വെൻച്വർസ് എം.ഡി അവെലോ റോയ് (നാളെയിലെ നിക്ഷേപം), ഫെഡറൽ ബാങ്ക് മിഡിലീസ്റ്റ് ഹെഡ് അരവിന്ദ് കാർത്തികേയൻ (സമ്പന്നരായ ഇന്ത്യക്കാർക്ക് ഇന്ത്യയിലുള്ള സാധ്യതകൾ: ബാങ്കിങ് പരിപ്രേക്ഷ്യം), ലിവറേജ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് ടെക്നിക്കൽ ഡയറക്ടർ മുത്തുകുമാർ (ലിഫ്റ്റിങ് ആൻഡ് ഷിഫ്റ്റിങ്), ഡി.എ.ആർ.ടി.സി സി.ഇ.ഒ ദുൽകിഫിൽ ഇ. അബ്ദുറശീദ് (കോർപറേറ്റ് ടാക്സ്), കല്ലാട്ട് ഗ്രൂപ് ചെയർമാൻ ഡോ. താഹിർ കല്ലാട്ട് (യു.എ.ഇയിലെ നിക്ഷേപ അവസരങ്ങൾ), ടെൻ എക്സ് പ്രോപർട്ടീസ് സ്ഥാപകനും സി.ഇ.ഒയുമായ സുകേഷ് ഗോവിന്ദൻ (റിയൽ എസ്റ്റേറ്റിന്റെ സാധ്യതകൾ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ഹൈലൈറ്റ് ഗ്രൂപ് ചെയർമാൻ സുലൈമാൻ, മിന -ടാലി സോഫ്റ്റ്വെയർ സൊലൂഷൻസ് ജനറൽ മാനേജർ വികാസ് പഞ്ചൽ എന്നിവർ സദസ്യരുമായി സംവദിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഗൾഫ് മാധ്യമം കമോൺ കേരളയോടനുബന്ധിച്ചാണ് ബിസിനസ് സമ്മിറ്റ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.