ദുബൈ: മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ദുബൈയിൽ സമഗ്ര മാനസികാരോഗ്യ പദ്ധതിക്ക് ദുബൈ ഹെൽത്ത് അതോറിറ്റി തുടക്കമിട്ടു. സന്തോഷ ജീവിതം; ആരോഗ്യമുള്ള സമൂഹം എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി 2016 മുതൽ 2021 വരെ ദുബൈയുടെ ആേരാഗ്യ രംഗത്ത് വരുത്തുന്ന വിവിധ പരിഷ്ക്കാരങ്ങളുടെ ഭാഗമായാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
ജനങ്ങളെ ശാക്തീകരിക്കാനും സന്തോഷകരവും സർഗ്ഗാത്മകതയുള്ളതുമായ ജീവിതം നൽകാനുമാണ് ശ്രമിക്കുന്നതെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി ചെയർമാൻ ഹുമൈദ് മുഹമ്മദ് ഉബൈദ് അൽ ഖാതമി പറഞ്ഞു. ഉത്കണ്ഠ, സ്വഭാവത്തിലെ മാറ്റങ്ങൾ തുടങ്ങി വിവിധതരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ദുബൈ നിവാസികൾ നേരിടുന്നുണ്ട്. മാനസിക ചികിൽസ ശരിയായവിധം നൽകാത്തതു മൂലം രാജ്യത്തിെൻറ മൊത്ത ദേശീയ ഉൽപാദനത്തിൽ നാല് ശതമാനം വരെ കുറവുണ്ടായേക്കാമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ദുബൈയിൽ നടന്ന ലോക ഗവൺമെൻറ് ഉച്ചകോടിയിൽ സമർപ്പിച്ച ലോക സന്തോഷ സർവേയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഗവേഷണങ്ങൾ സംഘടിപ്പിക്കുക, ഇൗ രംഗത്തെ സേവനങ്ങൾ പുനസംഘടിപ്പിക്കുക. ജീവനക്കാർക്ക് പരിശീലനം നൽകുക, പ്രഫഷണലുകൾക്ക് കൂടുതൽ വൈദഗ്ധ്യം ലഭ്യമാക്കുക, ആത്മഹത്യാ പ്രവണതയുള്ളവരെ പുനരധിവസിപ്പിക്കുക, മാനസികാരോഗ്യം വിലയിരുത്താനും നിരീക്ഷിക്കാനുമുള്ള സംവിധാനം ഏർപ്പെടുത്തുക, മാനസികാഘാതം ഏറ്റവർക്ക് വേണ്ട പിന്തുണ കൊടുക്കുക, ദുബൈക്ക് വേണ്ടി മാനസികാരോഗ്യ പദ്ധതികൾ ആവിഷ്ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക, ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക, മാനസികാരോഗ്യ രംഗത്തേക്ക് വിദഗ്ധരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നിവയൊക്കെ പദ്ധതിയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.