ദുബൈ: ടെലിമാര്‍ക്കറ്റിങ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ ചുമത്തി. ഇതുവരെ 8,55,000 ദിര്‍ഹം പിഴ ചുമത്തിയതായി ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
ഈ മാസം ആദ്യം ടെലിമാര്‍ക്കറ്റിങ്ങിനായി വ്യക്തിഗത നമ്പറുകള്‍ ഉപയോഗിച്ചതിന് 2000 പേര്‍ക്കെതിരെ അതോറിറ്റി നടപടി സ്വീകരിച്ചിരുന്നു. പിഴയും ടെലിമാര്‍ക്കറ്റിങ്ങിന് താൽക്കാലിക വിലക്കുമാണ് ശിക്ഷ. കൂടാതെ ടെലിമാര്‍ക്കറ്റിങ്ങിന് ഉപയോഗിച്ച വ്യക്തിഗത ഫോണ്‍ നമ്പറുകള്‍ റദ്ദാക്കുകയും ചെയ്തു.
മാര്‍ക്കറ്റിങ് കോളുകള്‍ നിയന്ത്രിക്കുക, ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ട് കഴിഞ്ഞ ആഗസ്റ്റോടെയാണ് പുതിയ ടെലിമാര്‍ക്കറ്റിങ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായത്. വ്യക്തിഗത ലാന്‍ഡ് ലൈനോ മൊബൈല്‍ നമ്പറോ മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല.
നിയമലംഘകര്‍ക്ക് കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് 10,000 ദിര്‍ഹം മുതല്‍ ഒന്നര ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ. നിയമപ്രകാരം കമ്പനികള്‍ അവരവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുന്നതിന് രാവിലെ ഒമ്പതിനും വൈകീട്ട് ആറ് മണിക്കും ഇടയില്‍ മാത്രമേ വിളിക്കാവൂ.
മറ്റ് സമയങ്ങളില്‍ ടെലി മാര്‍ക്കറ്റിങ് കോളുകള്‍ പാടില്ലെന്നാണ് നിയമം. മാത്രമല്ല ഇത്തരം കോളുകളില്‍ നിര്‍ബന്ധിത വിൽപന തന്ത്രങ്ങൾ ഒഴിവാക്കണം. ഉപഭോക്താവിനെ സമ്മർദത്തിലാക്കാനോ തെറ്റിദ്ധരിപ്പിക്കാനോ പാടില്ല. ഒരു ദിവസത്തില്‍ ഒന്നിലേറെ തവണയോ ആഴ്ചയില്‍ രണ്ടിലേറെ തവണയോ ഒരാളെ വിളിക്കരുത്.
ആദ്യ വിളിയില്‍ തന്നെ ഉൽപന്നമോ സേവനമോ വേണ്ടെന്ന് ഒരാള്‍ പറഞ്ഞാല്‍ പിന്നീട് അവരെ വിളിക്കരുത്. ലൈസന്‍സ് എടുക്കാതെ ടെലി മാര്‍ക്കറ്റിങ് നടത്തിയാല്‍ 75,000 ദിര്‍ഹമാണ് പിഴ. ഡു നോട്ട് കോള്‍ എന്ന് രജിസ്റ്റര്‍ ചെയ്തവരെ വിളിച്ചാല്‍ ഒന്നര ലക്ഷമാണ് പിഴ. ഇതിനുപുറമെ നിയമലംഘകരുടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കും.
നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് യു.എ.ഇയില്‍ ഒരു വര്‍ഷം വരെ ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ വിലക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. തെറ്റിദ്ധാരണ പരത്തി ഉൽപന്നങ്ങള് വിറ്റഴിച്ചാല്‍ 75,000 ദിര്‍ഹം വരെയാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.