ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം) രാജ്യവ്യാപകമായി ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അസ്ഥിര കാലാവസ്ഥ സംബന്ധിച്ച് ജാഗ്രത പുലർത്താനും നിർദേശമുണ്ട്. റാസൽഖൈമ, ഫുജൈറ മുതൽ അബൂദബി വരെ മിക്ക എമിറേറ്റുകളുടെയും കിഴക്കൻ മേഖലയിൽ കനത്തമഴയാണ് അനുഭവപ്പെടുന്നത്. ഈ മേഖലയിലെല്ലാം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫുജൈറ, അൽഐനിലെ നഹാൽ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. വരും ദിവസങ്ങളിൽ ദുബൈ, അൽഐൻ, ഷാർജ, ഫുജൈറ എന്നീ നഗരങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് എൻ.സി.എമ്മിന്റെ പ്രവചനം. അപകട സാധ്യത കണക്കിലെടുത്ത് പ്രാദേശിക അതോറിറ്റികൾ പുറപ്പെടുവിക്കുന്ന സുരക്ഷാനിർദേശങ്ങൾ പാലിക്കാനും എൻ.സി.എം അഭ്യർഥിച്ചു. ഔദ്യോഗിക വിവരങ്ങളിൽനിന്നുള്ള നിർദേശങ്ങൾ മാത്രം സ്വീകരിക്കണം. അനാവശ്യമായ ഭീതി പരത്തരുതെന്നും പൊതുജനങ്ങളോട് എൻ.സി.എം അഭ്യർഥിച്ചു. വാഹനത്തിനു മുകളിൽ ശക്തമായ മഴയും ആലിപ്പഴവും പെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച എൻ.സി.എം ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരുഭൂമിയിൽ ശക്തമായ ആലിപ്പഴ വർഷത്തിന്റെ വിഡിയോയും എൻ.സി.എം പങ്കുവെച്ചിരുന്നു. താഴ്വരകൾ, ഡാമുകൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ നിന്ന് ജനങ്ങൾ അകലം പാലിക്കണമെന്നാവശ്യപ്പെട്ട് റാസൽ ഖൈമ പൊലീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ശക്തമായ മഴയുള്ള വേളകളിൽ റോഡിലിറങ്ങുന്നതിനു മുമ്പ് വാഹനങ്ങളുടെ വൈപ്പർ, ടയർ, ലൈറ്റുകൾ എന്നിവ പരിശോധിക്കണം. വേഗം കുറക്കാനും ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. കഴിഞ്ഞയാഴ്ച ദുബൈ, ഷാർജ, അൽഐൻ, റാസൽ ഖൈമ എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. വിവിധ നഗരങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു. ഷാർജയിൽ പാർക്കുകൾ താൽക്കാലികമായ അടക്കാനും നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.