ദുബൈ: രണ്ടു ദിവസം നീണ്ടുനിന്ന അതിശക്തമായ മഴയിൽ ദുബൈയിൽ 1000ത്തിലേറെ വാഹനങ്ങൾക്ക് നാശം സംഭവിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. ഇൻഷുറൻസിനായി നൽകിയ ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് നാശം സംഭവിച്ച വാഹനങ്ങളുടെ എണ്ണം വ്യക്തമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ വാഹനങ്ങൾക്ക് 1000 ഇ-സർട്ടിഫിക്കറ്റുകൾ നൽകിയതായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേധാവി ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു. നേരത്തേ ദുബൈ പൊലീസ് അവതരിപ്പിച്ച ഓട്ടോമാറ്റഡ് സർവിസ് വഴിയാണ് ഇ-സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. വാഹനങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കാൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.
കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ഫോട്ടോ അയച്ചാൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെ ഇ-സർട്ടിഫിക്കറ്റ് വാഹന ഉടമകൾക്ക് ലഭിക്കും. നേരത്തേ ദുബൈ പൊലീസ് ആപ്ലിക്കേഷനിലും വെബ്സൈറ്റിലും ഇതിനായുള്ള അപേക്ഷ ലഭ്യമായിരുന്നുവെങ്കിലും തകരാറുകളുടെ കാരണം പരിശോധിക്കുന്നതിനായി വാഹനങ്ങൾ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ഹാജരാക്കേണ്ടിയിരുന്നു. പുതിയ സംവിധാനം വന്നതോടെ ഇതിന്റെ ആവശ്യമില്ലാതായി. പൊലീസ് വെബ്സൈറ്റിലോ ആപ്പിലോ കയറി ഉടമകൾക്ക് വാഹനത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്താൽ അഞ്ചു മിനിറ്റിനകം ഇ-സർട്ടിഫിക്കറ്റ് ലഭിക്കും. 95 ദിർഹമാണ് ഇതിനുള്ള ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 901 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ശക്തമായ മഴയിൽ അടിയന്തര സഹായം അഭ്യർഥിച്ച് തിങ്കളാഴ്ച മാത്രം ദുബൈ പൊലീസിന് ലഭിച്ചത് അര ലക്ഷം ഫോൺ കാളുകളാണ്. എമർജൻസി നമ്പറായ 999ൽ ചൊവ്വാഴ്ച 21,300 കാളുകൾ വന്നതായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റിവ് അഫേഴ്സ് ഡയറക്ടർ ബ്രിഗേഡിയർ മൻസൂർ അൽ ഖർഗാവി പറഞ്ഞു. 901 നമ്പറിൽ 3807 സഹായഭ്യർഥന കാളുകളും ലഭിച്ചു.
അതോടൊപ്പം തിങ്കളാഴ്ച മാത്രം 575 റോഡപകടങ്ങൾ റെക്കോഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് കമ്പനികളോട് പൊലീസ് അഭ്യർഥിച്ചു.
ദുബൈ: കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന ശക്തമായ മഴയിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ദുബൈ ജബൽ അലി മേഖലയിലെ ശൈഖ് സായിദ് റോഡിൽ ഗതാഗതം വഴിതിരിച്ചുവിട്ടു. ഇതുവഴി പോകുന്ന യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
അബൂദബിയിൽനിന്ന് വരുന്നവർ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗത തടസ്സം പ്രതീക്ഷിക്കണം. അബൂദബിക്ക് പോകുന്നവർക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ ഉപയോഗിക്കാം. അബൂദബിയിൽനിന്ന് വരുന്നവർക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും എമിറേറ്റ്സ് റോഡിലേക്കുമുള്ള ശൈഖ് ശുഐബ് സ്ട്രീറ്റ് വഴി പോകാമെന്ന് ആർ.ടി.എ അറിയിച്ചു.
ശൈഖ് സായിദ് റോഡിൽ വെള്ളം നിറഞ്ഞതിനാൽ കഴിഞ്ഞ ദിവസം വൻ ഗതാഗത ക്കുരുക്കാണ് അനുഭവപ്പെട്ടത്. വാഹനങ്ങളെ സഹായിക്കാൻ ദുബൈ പൊലീസും അടിയന്തര രക്ഷസേനയും റോഡിൽ നിലയുറപ്പിച്ചിരുന്നു. റോഡുകളിലെ വെള്ളം നീക്കം ചെയ്യുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി എമിറേറ്റിലുടനീളം രക്ഷാസേന രംഗത്തുണ്ടായിരുന്നു. അബൂദബി പൊലീസും സിവിൽ ഡിഫൻസും എല്ലാവിധ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.